സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മഴക്കെടുതിയിൽ മരണം ഏഴായി, 12 ജില്ലകളിൽ അതീവ ജാ​ഗ്രതാ നിർദേശം

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നിരിക്കുകയാണ്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മഴക്കെടുതിയിൽ മരണം ഏഴായി, 12 ജില്ലകളിൽ അതീവ ജാ​ഗ്രതാ നിർദേശം
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് മാത്രം ഏഴുപേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കൈതക്കുണ്ട് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ആറുവയസ്സുകാരനായ മകൻ ഉബൈദ് എന്നിവരാണ് മരിച്ചത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് പത്ത് ജില്ലകൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ12 ജില്ലകളിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ വരെ  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നാളെ വരെ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആളുകൾ മലയോര മേഖലകളിലേക്ക് പോകുന്നത് നിർബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു. 

മൂന്നാറിൽ മണ്ണിടിഞ്ഞ് മൂന്നാറിലും ഒരാൾ മരിച്ചു. ഹോട്ടലിന് മുകളിൽ മണ്ണിടിഞ്ഞ് ജീവനക്കാരനാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി മദനന്‍ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) യാണ് മരിച്ചത്. തൃശൂർ വലപ്പാട് പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൽസ്യ തൊഴിലാളിയായ രവീന്ദ്രൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിൽ ഒരാൾ വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് മരിച്ചു. 

പമ്പ കരകവിഞ്ഞതിനെ തുടർന്ന് പമ്പ ത്രിവേണി പൂർണമായും മുങ്ങി. ശബരിമല ഒറ്റപ്പെട്ട നിലയിലാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നിരിക്കുകയാണ്. പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ പൂർണമായും നിർത്തിവെച്ചു. നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനങ്ങളെല്ലാം വഴി തിരിച്ചു വിട്ടു. ഉരുൾ പൊട്ടലിനെ തുടർന്ന് കോട്ടയം- കുമളി റോഡിൽ ​ഗതാ​ഗതം സ്തംഭിച്ചു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ​ഗതാ​ഗതവും വൈകുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com