

തിരുവനന്തപുരം : റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി ഖത്തര്‍ വ്യവസായി അബ്ദുല്‍ സത്താറിന്റെ വനിതാ സുഹൃത്താണ് അറസ്റ്റിലായത്. വര്‍ക്കല കിഴക്കേപ്പുറം സ്വദേശിനിയും എറണാകുളം കപ്പലണ്ടിമുക്കിന് സമീപം ഹയറുന്നീസ മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിന ഷിഹാബ് (34) ആണ് അറസ്റ്റിലായത്.
പ്രതികള്‍ക്കു പണം എത്തിച്ചു നല്‍കി എന്നതാണ് ഷിജിനക്കെതിരായ കുറ്റം. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായി എന്ന മുഹമ്മദ്‌സാലിഹ്, അപ്പുണ്ണി എന്നിവര്‍ക്ക് എസ്ബിഐയുടെ കൊച്ചി ഷിപ്യാര്‍ഡ് ശാഖയിലുള്ള തന്റെ അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.
രാജേഷിന്റെ കൊലയ്ക്കു മുന്‍പും പിന്‍പും ഷിജിന സത്താറുമായി നിരന്തരം വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷിജിന ആറു മാസത്തോളം ഖത്തറില്‍ ഉണ്ടായിരുന്നു. ഈ കാലത്താണ് സത്താറുമായി പരിചയത്തിലാകുന്നത്. ഷിജിനയുടെ ഭര്‍ത്താവ് ഓച്ചിറ സ്വദേശിയാണ്.
എറണാകുളം തേവരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു അവര്‍. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ഷിജിനയെ റിമാന്‍ഡ് ചെയ്തു. അതേസമയം നാലരക്കോടിയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ ഖത്തറില്‍ നിന്നും സത്താറിനെ കേരളത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
അതിനിടെ പ്രതികള്‍ക്ക് ഒളിത്താവളവും സാമ്പത്തിക സഹായവും നല്‍കിയതിന് അറസ്റ്റിലായ അപ്പുണ്ണിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ്, അപ്പുണ്ണിയുടെ കൊച്ചിയിലുള്ള കാമുകി എന്നിവര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. ചെന്നൈ വാടി മതിയഴകന്‍ നഗര്‍ അണ്ണ സ്ട്രീറ്റ് നമ്പര്‍ 18 ല്‍ താമസിക്കുന്ന സുമിത്ത്, ഭാര്യ ഭാഗ്യശ്രീ, കൊച്ചി വെണ്ണല അംബേദ്കര്‍ റോഡ് വട്ടച്ചാനല്‍ ഹൗസില്‍ സിബല സോണി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates