

കണ്ണൂര്‍ : കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി സീതാറാം യെച്ചൂരി- പ്രകാശ് കാരാട്ട് ഭിന്നതയ്്ക്കും, കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്കുമിടെ, സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകീട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കെപി സഹദേവനാണ് പതാക ഉയര്‍ത്തുക. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക നാളെ രാവിലെ എട്ടിന് പയ്യാമ്പലത്തുനിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിന്റെ നേതൃത്വത്തില്‍ എത്തിക്കും. പ്രതിനിധി സമ്മേളന നഗറില്‍ ഒ വി നാരായണന്‍ പതാക ഉയര്‍ത്തും.
കണ്ണൂര്‍ ഇ.കെ. നായനാര്‍ അക്കാദമിയില്‍ നാളെ രാവിലെ മുതല്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദവും പി.ജയരാജനെതിരെയുള്ള വ്യക്തി പൂജാ ആരോപണവും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയാകും. ബിനോയിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ആഡംബരജീവിതം സമ്മേളനത്തില്‍ വിമര്‍ശനത്തിന് വഴിവെച്ചേക്കും. തെറ്റുതിരുത്തല്‍ രേഖ അടിസ്ഥാനാക്കിയായിരിക്കും ചര്‍ച്ച.
ജയരാജനെതിരെയുള്ള സംസ്ഥാന സമിതിയുടെ വിമര്‍ശന കുറിപ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച് ചര്‍ച്ചയും ചെയ്തിരുന്നു. ബ്രാഞ്ച് തലങ്ങളില്‍ റിപ്പോര്‍ട്ട് വായിച്ചതല്ലാതെ, ജയരാജനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നില്ല. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാണെന്ന് ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുള്ള ജയരാജന്‍ തന്നെ ജില്ലാ സെക്രട്ടറി പദവിയില്‍ തുടരാനാണ് സാധ്യത.
ബന്ധുനിയമനക്കേസ് അവസാനിച്ചിട്ടും, പാര്‍ട്ടിയിലോ, മന്ത്രിസഭയിലോ നിര്‍മായക സ്ഥാനം ലഭിക്കാത്ത കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജിന്റെ നിലപാടുകള്‍ സമ്മേളനത്തില്‍ നിര്‍ണായകമാകും. പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വന്തം ജില്ലയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ക്ഷീണമാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നിന്നും നിര്‍ലോഭ പിന്തുണ, സംസ്ഥാന സെക്രട്ടറി പദത്തില്‍ തുടരാന്‍ കോടിയേരിക്ക് അനിവാര്യവുമാണ്. സമ്മേളനത്തില്‍ മുഴുവന്‍ സമയവും മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates