

കൊല്ലം സിപിഐ 23ാം പാർട്ടി കോൺഗ്രസിന് നാളെ കൊല്ലത്ത് തുടക്കം. സി.കെ. ചന്ദ്രപ്പൻ നഗറിൽ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തും. 25ന് ഉച്ചക്ക് രണ്ടിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 26ന് രാവിലെ 10ന് എ.ബി. ബർദൻ നഗറിൽ (യൂനുസ് കൺവെൻഷൻ സെന്റർ) മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമീഷൻ അംഗവുമായ സി.എ. കുര്യൻ പതാക ഉയർത്തും.
11ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സീതാറാം യെച്ചൂരി (സിപിഎം), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്), ക്വിറ്റി ഗോസ്വാമി (ആർ.എസ്.പി), പ്രൊവാഷ് ഘോഷ് (എസ്.യു.സി.ഐ), ദീപാങ്കർ ഭട്ടാചാര്യ (സി.പി.ഐ-എം.എൽ) തുടങ്ങിയ ഇടതു നേതാക്കൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
വൈകീട്ട് മൂന്നിന് തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയവും കരട് രാഷ്ട്രീയ റിവ്യൂ റിപ്പോർട്ടും കരട് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 27, 28 തീയതികളിൽ റിപ്പോർട്ടുകളിൻമേൽ പൊതുചർച്ചയും നടക്കും. 28ന് ഉച്ചക്കുശേഷം ജനറൽ സെക്രട്ടറിയുടെ മറുപടിയെ തുടർന്ന് റിപ്പോർട്ടുകൾ പാർട്ടി കോൺഗ്രസ് അംഗീകരിക്കും. 29ന് രാവിലെ പുതിയ ദേശീയ കൗൺസിലിനെയും, ജനറൽ സെക്രട്ടറിയെയും, കൺട്രോൾ കമീഷനെയും തെരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞേക്കും. പകരം അതുൽകുമാർ അഞ്ജാൻ, അമർജിത് കൗർ തുടങ്ങിയ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
സമാപന ദിവസം വൈകീട്ട് മൂന്നിന് ഒരു ലക്ഷം ചുവപ്പ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. സി.കെ. ചന്ദ്രപ്പൻ നഗറിൽ പൊതുസമ്മേളനവും ചേരും. ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളും കൺട്രോൾ കമീഷൻ അംഗങ്ങളും അടക്കം 900 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates