

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണ കേസില്‍ നീതി തേടി സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 781-ാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത് അറിയിച്ചത്. ശ്രീജിവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുത്ത സിബിഐക്കു മുന്നില്‍ മൊഴി നല്‍കിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുകയാണെന്ന് ശ്രീജിത് അറിയിച്ചത്.
രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ശ്രീജിത്തും അമ്മയും മൊഴി നല്‍കിയത്. മൊഴി നല്‍കല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഉദ്യോഗസ്ഥരെ വിവരങ്ങള്‍ ധരിപ്പിച്ചതായും സിബിഐ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ശ്രീജിത് പറഞ്ഞു.
അന്വേഷണത്തില്‍ വ്യക്തത വന്നതിനു ശേഷമേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. ശ്രീജത്തിനെ പിന്തുണച്ചു രംഗത്തുണ്ടായിരുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഏതാനും ദിവസം മുമ്പ് സമരത്തില്‍നിന്ന് പിന്‍മാറിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തെന്നു വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാന്‍ വിജ്ഞാപനം കൈമാറിയിട്ടും ശ്രീജിത് സമരം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല.
ശ്രീജിവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തതായി ചൊവ്വാഴ്ച സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ പരാതിയിലാണ് സിബിഐ കോടതിയില്‍ നിലപാട് അറിയിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് നേരത്തെ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ പാര്‍പ്പിച്ച ശ്രീജിവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപ്ത്രിയിലാക്കുകയും തുടര്‍ന്നു മരിക്കുകയുമായിരുന്നെന്ന്, സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ പറയുന്നു. ലോക്കപ്പില്‍ അടയ്ക്കും മുമ്പ് ശ്രീജിവിന്റെ അടിവസ്ത്രം ഒഴികെയുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് മാറ്റി അവിടെ ഒളിപ്പിച്ച വിഷം ശ്രീജിവ് ലോക്കപ്പില്‍ വച്ച് കഴിക്കുകയായിരുന്നുവെന്നാണ് പാറശ്ശാല പൊലീസ് പറയുന്നത്. മോഷണക്കേസില്‍ അന്വേഷണത്തെ ഭയന്നാണ് ശ്രീജിവ് വിഷം കഴിച്ചതെന്നാണ് പൊലീസിന്റെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates