

തിരുവനന്തപുരം: എഴുത്തുകാരനും ഇടത് ചിന്തകനുമായ സുനിൽ പി ഇളയിടത്തിന് പിന്നാലെ സാംസ്കാരിക പ്രവർത്തകനും കലാ നിരൂപകനുമായ ശ്രീചിത്രന്‍ എംജെയ്ക്കും വധ ഭീഷണി. ഇന്‍റര്‍നെറ്റ് കോളിലൂടെ ‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’ എന്ന ഭീഷണിയാണ് ഉണ്ടായതെന്ന് ശ്രീചിത്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ശബരിമല വിഷയത്തില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് ശ്രീചിത്രന്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഒരു ഇൻറർനെറ്റ് കോൾ വന്നിരുന്നു. "സൂക്ഷിച്ചോ, അടുത്തത് നീയാണ് " എന്നു പറഞ്ഞു. കൂടെ കുറച്ച് തെറികളും. ഫോൺ വെച്ചു. ഒരു പരിപാടിയിൽ നിന്ന് ഇപ്പോൾ ഇറങ്ങിയപ്പോഴാണ് സുനിൽ പി ഇളയിടത്തിന്റെ ഡിപ്പാർട്ട്മെന്റ് കാബിനിൽ ഭീഷണികൾ എഴുതി വെച്ച കാര്യം അറിയുന്നത്.
ഗംഭീരമാകുന്നുണ്ട് വിശ്വാസ സംരക്ഷണം. തോക്കില്ലാത്ത കാലത്ത് ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച് തുടങ്ങിയതാണല്ലോ. പൻസാരെയും ധാബോൽക്കറും ഗൗരി ലങ്കേഷും പിന്നിട്ട് ഇന്ന് നമുക്കു മുന്നിലെത്തിയിരിക്കുന്നു.
നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.
തൽക്കാലം ഇത്രമാത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates