

തിരുവനന്തപുരം: ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഹൈടക് സെല്ലും സൈബര്‍ ഡോമും സംയുക്തമായാണ് അന്വേഷിക്കുക. ഹനാനെ ഇതുവരെ പൊലീസില്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കുന്നതും പരിശോധിക്കും. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ പ്രാഥമിക വിവരശേഖരണം തുടങ്ങിയതായും ഡിജിപി പറഞ്ഞു.
റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സംഭവുമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിരുന്നു.
കോളജ് സമയം കഴിഞ്ഞ് തമ്മനത്ത് മീന്‍വില്‍പന നടത്തുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് ഹനാന് എതിരെ സാമൂഹ്യാമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. പെണ്‍കുട്ടിയും മാധ്യമങ്ങളും സിനിമ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇതെന്നായിരുന്നു വ്യാജ പ്രചാരണം നടത്തിയവരുടെ ആരോപണം. കലാകാരിയായ ഹനാന്റെ കഴിവിന് അനുസരിച്ച് തന്റെ പുതിയ ചിത്രത്തില്‍ വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് ഹനാന്‍ രംഗത്ത് വന്നത് എന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ പൊളിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates