

പാരീസ്: യുദ്ധവും സംഘര്‍ഷങ്ങളും മറ്റ് പ്രതിസന്ധികളും ആഗോള തലത്തില്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. 2024 ല്‍ ആഗോള തലത്തില്‍ 30 കോടി ആളുകള്‍ കടുത്ത പട്ടിണി നേരിട്ടതായി യുഎന്നിന് വേണ്ടി അന്താരാഷ്ട്ര സംഘടനകളുടെയും എന്‍ജിഒകളുടെയും കണ്‍സോര്‍ഷ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ അരക്ഷിതാവസ്ഥ ഉയര്‍ന്ന തോതില്‍ അനുഭവിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഉയരുന്ന സാഹചര്യമാണ് ലോകത്ത് നിലനില്‍ക്കുന്നത് എന്നും ഭക്ഷ്യ പ്രതിസന്ധികളെക്കുറിച്ചുള്ള ആഗോള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് അടിവരയിടുന്നു.
കണ്‍സോര്‍ഷ്യം വിവരങ്ങള്‍ ശേഖരിച്ച 65 രാജ്യങ്ങളിലെ 53 രാജ്യങ്ങളിലെയും ജനസംഖ്യയുടെ ഏകദേശം നാലിലൊന്നും പട്ടിണിയെന്ന ഭീഷണി നേരിടുന്നുണ്ട്. 2023-ല്‍ ഇത് 281.6 ദശലക്ഷം (28.160 കോടി) ആളുകള്‍ പട്ടിണി നേരിട്ടപ്പോള്‍ 2024 ല്‍ ഇത് 295.3 ദശലക്ഷം (29.530 കോടി) ആളുകള്‍ എന്നി നിലയിലേക്ക് ഉയരുകയും ചെയ്തു. ലോകത്ത് ക്ഷാമം നേരിടുന്നവരുടെ എണ്ണം 1.9 ദശലക്ഷം എന്ന നിലയില്‍ എത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയില്‍ അധികമാണ് ഈ കണക്ക്.
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം നിലനില്‍ക്കുന്ന ഗാസ പട്ടിണിയുടെ വലിയ ദുരിതങ്ങള്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. രണ്ട് മാസത്തിലേറെയായി ഇസ്രായേല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്ന സാഹചര്യം മേഖലയെ 'ക്ഷാമത്തിന്റെ ഗുരുതരമായ' അവസ്ഥയിലേക്ക് തള്ളിവിടുന്നതിനുള്ള പ്രധാന കാരണം. ഗാസയ്ക്ക് പുറെ സുഡാന്‍, യെമന്‍, മാലി എന്നിവിടങ്ങളിലും സംഘര്‍ഷം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പട്ടിണിയുടെ തോത് വര്‍ധിപ്പിക്കുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു.
പട്ടിണിയും പോഷകാഹാരക്കുറവും ആഗോളതലത്തില്‍ അതിവേഗം വളരുന്ന നിലയാണുള്ളത്. എന്നാല്‍ മറുവശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊടും പട്ടിണി നേരിടുന്ന 14 കോടി ജനങ്ങള്‍ വസിക്കുന്ന 20 രാജ്യങ്ങളിലും സംഘര്‍ഷവും അക്രമവുമാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നത്. 18 രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനവും 15 രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തി. ഗാസ, മ്യാന്‍മര്‍, സുഡാന്‍ എന്നിവിടങ്ങളിലും സാഹചര്യങ്ങള്‍ രൂക്ഷമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങള്‍ മറ്റ് മേഖലയിലേക്കുള്ള മാനുഷിക ധനസഹായം ഗണ്യമായി കുറച്ച സാഹചര്യം ഭാവി ലോകത്തെ സാരമായി ബാധിച്ചേക്കും എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാനുഷിക സഹായങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ച സാഹചര്യമാണ് സ്ഥിഗതികള്‍ രൂക്ഷമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം മാനുഷികതയുടെ പരാജയമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കല്‍ എടുത്ത തീരുമാനം അഫ്ഗാനിസ്ഥാന്‍, കോംഗോ, എത്യോപ്യ, ഹെയ്തി, ദക്ഷിണ സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates