

ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ 3 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അദ്‍ദിൻ ആശുപത്രിയിലാണ് ദാരുണ സംഭവം. എസി ഓഫാക്കിയതിനു പിന്നാലെ കുട്ടികൾക്ക് സുഖമില്ലാതാവുകയും മരിക്കുകയുമായിരുന്നു. രാവിലെ ആറ് മണിക്കാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് കുട്ടികളും മരിച്ചെന്നു മട്രോ പൊളിറ്റൻ പൊലീസ് വ്യക്തമാക്കി.
പുലർച്ചെ 2 മണിയോടെ കുഞ്ഞുങ്ങൾക്കു തണുക്കുന്നുവെന്നു വാർഡിലെ ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടിരുന്നു. ഇതോടെ ആ മുറിയിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം നിർത്തി വച്ചു. പിന്നീട് ചൂട് അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും എസി പ്രവർത്തിപ്പിച്ചു. പിന്നാലെ രണ്ട് കുട്ടികൾക്കു സുഖമില്ലെന്നു കണ്ടതോടെ ഇരുവരേയും എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറ് മണിയോടെ കുട്ടികൾക്കു വീണ്ടും സുഖമില്ലാതായതോടെ അവരെ എൻഐസിയുവിലേക്ക് തന്നെ മാറ്റി. പിന്നാലെ വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏതാണ്ട് 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായു സഞ്ചാരത്തിനുള്ള മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്നു ആരോഗ്യ വകുപ്പ് മേധാവ് പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി. എസിക്കുണ്ടായ തകരാറിനെത്തുടർന്നു വാതക ചോർച്ചയുണ്ടായിരിക്കാമെന്നും കുട്ടികളുടെ ആരോഗ്യനില വഷളാകാൻ ഇതു കാരണമായെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അന്വേഷണത്തിനു ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates