

മോസ്‌കോ: യുക്രൈനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് ബഹിരാകാശ വാഹനം വിക്ഷേപിച്ച് റഷ്യ. ഇന്ത്യ ചന്ദ്രയാന്‍ മൂന്ന് പേടകം വിക്ഷേപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് റഷ്യയുടെ ചാന്ദ്രദൗത്യം. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്ന ഓഗസ്റ്റ് 23ന് തന്നെ റഷ്യന്‍ ബഹിരാകാശ പേടകവും ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രനില്‍ ആദ്യം ലാന്‍ഡ് ചെയ്യുന്നത് ആര് എന്ന കാര്യത്തില്‍ ചന്ദ്രയാന്‍ മൂന്നുമായി മത്സരിക്കാനാണ് റഷ്യയുടെ നീക്കം.
ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രനിലേക്ക് റഷ്യ ( അന്ന് സോവിയറ്റ് യൂണിയന്‍) ബഹിരാകാശ വാഹനം അയച്ചത്. ആഗോളതലത്തില്‍ ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം കുറിച്ചതിന്റെ ഖ്യാതി നേടിയ സോവിയറ്റ് യൂണിയന് വീണ്ടും ഒരു ചാന്ദ്രദൗത്യം നടത്തുന്നതിന് പതിറ്റാണ്ടുകളാണ് വേണ്ടിവന്നത്.
വെള്ളിയാഴ്ച റഷ്യയുടെ വോസ്‌റ്റോക്‌നി ബഹിരാകാശ നിലയത്തില്‍ നിന്നാണ്  ലൂണ 25 പേടകവുമായി സോയൂസ് - 2.വണ്‍ബി റോക്കറ്റ് കുതിച്ചുയര്‍ന്നത്.
അഞ്ചര ദിവസം കൊണ്ട് റോക്കറ്റ് ചന്ദ്രന്റെ അരികില്‍ എത്തും. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് മൂന്ന് മുതല്‍ ഏഴുദിവസം വരെ ചന്ദ്രനെ വലം വെയ്ക്കും. തുടര്‍ന്നാണ് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പേടകം മുന്നോട്ട് കുതിക്കുക. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നി രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതില്‍ വിജയിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ഇടംനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജൂലൈ 14നാണ് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. റഷ്യയുടെ ചാന്ദ്രദൗത്യത്തെ ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ അഭിനന്ദിച്ചു.
ചാന്ദ്രദൗത്യത്തിന് റഷ്യയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു വിക്ഷേപണമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. ചന്ദ്രനെ കുറിച്ച് പഠിക്കുകയല്ല ലക്ഷ്യം. ബഹിരാകാശ രംഗത്ത് സൂപ്പര്‍ പവര്‍ ആകാന്‍ രാജ്യങ്ങള്‍ തമ്മില്‍ കിടമത്സരം നടക്കുകയാണ്. ചൈനയും അമേരിക്കയും മറ്റു ചില രാജ്യങ്ങളും മത്സരരംഗത്തുണ്ട്. ഈ രംഗത്ത് റഷ്യയുടെ സ്ഥാനം ഉറപ്പിക്കാനാണ് വിക്ഷേപണമെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു.
തുടക്കത്തില്‍ ഒരു ചെറിയ റോവറിനെ വഹിച്ച് കൊണ്ടുള്ള വിക്ഷേപണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു. പകരം ഭാരം കുറഞ്ഞ വിക്ഷേപണ വാഹനം ഉപയോഗിച്ച് കൃത്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു.
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉപരോധം നേരിടുകയാണ് റഷ്യ. ഇതോടെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് റഷ്യയുടെ ചാന്ദ്രദൗത്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
