

കഠ്മണ്ഡു: എയര്‍ ഇന്ത്യയുടെയും നേപ്പാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അപകട സാഹചര്യം മുന്‍കൂട്ടി കാണാത്തതിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ നേപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലലംപുരില്‍നിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ആണ് ന്യൂഡല്‍ഹിയില്‍നിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയത്. ഒരേ ലൊക്കേഷനില്‍ എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപ്പാള്‍ എയര്‍ലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണ് സഞ്ചരിച്ചിരുന്നത്.
വിമാനങ്ങള്‍ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈനിന്റെ വിമാനം അടിയന്തരമായി 7,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു. ഈ സമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് എതിരെയാണു നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പുടിന്; ആശങ്കയില്‍ യുക്രൈന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates