ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

ബോംബാക്രമണത്തില്‍ അലി ഖമേനിയും മുജ്തബയുടെ ഭാര്യയും മകനും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു
Khamenei's sons
ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന മക്കള്‍X/@IranIntl_En
Updated on
1 min read

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയും നിലവിലെ പരമോന്നത നേതാവുമായ ആയത്തുല്ല മുജ്തബ ഖമേനിയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയാകുന്നു. പിതാവിന്റെ വിലാപചടങ്ങുകളില്‍ മുജ്തബ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

മാര്‍ച്ച് ഒടുവില്‍ ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫെബ്രുവരി 28ന് ഖമേനി കുടുംബത്തിന്റെ വസതിക്ക് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തില്‍ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രായേലില്‍ നിന്നുള്ള വധഭീഷണിയും മുജ്തബയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും കണക്കിലെടുത്താണ്‌ ചടങ്ങുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹത്തിന്റെ സുരക്ഷാസംഘം നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പരമോന്നത നേതാവിന്റെ ശബ്ദം പോലും പുറത്തുവരരുതെന്ന് സുരക്ഷാവിദഗ്ധര്‍ ഉപദേശിച്ചതായി ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച അന്തരിച്ച ഭാര്യ സഹ്റ ഹദാദ്-ആദിലിന്റെ അനുസ്മരണ ചടങ്ങിലും മുജ്തബ പങ്കെടുത്തിരുന്നില്ല. ബോംബാക്രമണത്തില്‍ അലി ഖമേനിയും മുജ്തബയുടെ ഭാര്യയും മകനും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.

ടെഹ്റാനിലെ ഇമാം ഖമേനി ഗ്രാന്‍ഡ് മൊസല്ലയില്‍ നടന്ന പ്രാര്‍ഥനകളില്‍ അലി ഖമേനിയുടെ മറ്റ് മൂന്ന് മക്കളായ മുസ്തഫ, മെയ്‌സം, മസൂദ് ഖമേനി എന്നിവര്‍ പങ്കെടുത്തു. ഇറാനിയന്‍ പതാക പുതപ്പിച്ച പിതാവിന്റെ പേടകത്തിന് പിന്നില്‍ ഇവര്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാവ്, ഐആര്‍ജിസി കമാന്‍ഡര്‍-ഇന്‍-ചീഫ് അഹമ്മദ് വാഹിദി എന്നിവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടിയോളം ആളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അഞ്ച് നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകള്‍ക്ക് ശേഷം, ജൂലൈ 9ന് അലി ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റിസ മസ്ജിദില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. മഷാദില്‍ നടക്കുന്ന അവസാനഘട്ട സംസ്‌കാര ചടങ്ങുകളില്‍ പിതാവിനായി പ്രാര്‍ഥനകള്‍ നടത്താന്‍ മുജ്തബ ഖമേനി നേരിട്ടെത്തിയേക്കുമെന്നും ചില സൂചനയുണ്ട്.

Khamenei's sons
3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍
Khamenei's sons
'ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചകൾ ഉള്ളതുകൊണ്ട് ചെയ്യുന്നില്ല'; ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്; ഇറാൻ മറുപടി ഇങ്ങനെ
Khamenei's sons
ഹോര്‍മുസില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇറാന്‍; ചൈന ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക ഇളവ്
Summary

Ali Khamenei's 3 Sons Attend Funeral In Tehran, Successor Mojtaba Skips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com