

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയുമായ മുഹമ്മദ് ഷഹാബുദ്ദീൻ (76) സ്ഥാനം രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജിക്കത്ത് സമർപ്പിച്ചതായി വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 2023 ഏപ്രിലിൽ ബംഗ്ലാദേശിന്റെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം, 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷമുള്ള നിർണ്ണായക രാഷ്‌ട്രീയ ഘട്ടങ്ങളിൽ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിച്ചു വരികയായിരുന്നു.
"സമീപകാലത്ത് നടത്തിയ വൈദ്യപരിശോധനകളിൽ എനിക്ക് 'ഓട്ടോണമിക് ന്യൂറോപ്പതി' എന്ന രോഗാവസ്ഥയുണ്ടെന്ന് സ്ഥിരീകരിച്ചു. ഈ രോഗം കാരണം എനിക്ക് ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാത്തതിനാലാണ് രാജി." - തന്റെ രോഗാവസ്ഥയെക്കുറിച്ച് പ്രസ് സെക്രട്ടറി പുറത്തുവിട്ട പ്രസ്താവനയിൽ ഷഹാബുദ്ദീൻ വ്യക്തമാക്കി. ബംഗ്ലാദേശ് ദേശീയ പാർലമെന്റായ 'ജാതീയ സംസദ്' സ്പീക്കർക്കാവും പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല.
തിരിച്ചുവരവിന് തയ്യാറെടുക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഷഹാബുദ്ദീന്റെ രാജി കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ ഉന്നത ഭരണതലത്തിൽ ഹസീനയ്ക്ക് അവശേഷിച്ചിരുന്ന ഏക പിന്തുണക്കാരനായിരുന്നു അദ്ദേഹം.
2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീനയുടെ പാർട്ടിയായ 'അവാമി ലീഗ്' രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. നേതാക്കളിൽ ഭൂരിഭാഗവും ജയിലിലോ ഒളിവിലോ ആണ്. പ്രക്ഷോഭകർക്ക് നേരെയുണ്ടായ കനത്ത ആക്രമണങ്ങളുടെ പേരിൽ ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഹസീനയ്ക്ക് അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 1,400-ഓളം ആളുകളാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ഹസീനയെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്ന പൊതുജനവികാരം ശക്തമായതിനിടെയാണ് ഷഹാബുദ്ദീന്റെ രാജി. വരുന്ന ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പദവിയിൽ നിന്ന് മാറാൻ ആഗ്രഹിച്ചിരുന്നതായി ഷഹാബുദ്ദീൻ മുൻപ് വ്യക്തമാക്കിയിരുന്നു. മടങ്ങിയെത്തി കോടതിക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്ന് ഹസീന അറിയിച്ചിട്ടുണ്ടെങ്കിലും, ഉന്നത ഭരണതലത്തിലെ അടുത്ത വിശ്വസ്തൻ കൂടി സ്ഥാനമൊഴിഞ്ഞതോടെ ഹസീനയുടെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates