

കെയ്‌റോ: രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യും. ചര്‍ച്ച വിജയമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കും. എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും. ചരിത്രപരമായ കരാർ യാഥാർഥ്യമാക്കാൻ സഹകരിച്ചച്ച ഖത്തർ, ഈജിപ്റ്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണ്!’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ചർച്ചയിൽ ധാരണയിലെത്തിയതായി ഖത്തറും വ്യക്തമാക്കി. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്റ്റിലെത്തും. ഈ ആഴ്ച ഈജിപ്റ്റിലെത്തിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. സമാധാന കരാർ ഒപ്പിടുന്നതിന് ട്രംപും സാക്ഷിയായേക്കും. സമാധാനത്തിന് ധാരണയിലെത്തിയതിന് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി പറഞ്ഞു. സമാധാന കരാർ സർക്കാരിന്റെ അംഗീകാരത്തിനായി ഉടൻ അവതരിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates