

ഇസ്ലാമാബാദ്: മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്തൊഴികെ ഒരിക്കലും ഇന്ത്യയില്‍ ഐക്യം ഉണ്ടായിരുന്നില്ലെന്ന വാദമുന്നയിച്ച് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സമാ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രസ്ഥാവന. പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ ജനങ്ങളോട് പാത്രങ്ങളില്‍ വെള്ളം ശേഖരിക്കാന്‍ ആവശ്യപ്പെടുകയും വെള്ളപ്പൊക്കത്തെ ഒരു അനുഗ്രഹമായി കാണണമെന്ന് പറയുകയും ചെയ്ത് രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയ ആളാണ് ആസിഫ്.
ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്നും ഖ്വാജ ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്നും പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് ആസിഫിന്റെ പരാമര്‍ശങ്ങള്‍.
ഔറംഗസീബിന്റെ കീഴിലല്ലാതെ ഇന്ത്യ യഥാര്‍ഥത്തില്‍ ഒരിക്കലും ഒന്നായിരുന്നില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു. ദൈവനാമത്തിലാണ് പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ടത്. നമ്മള്‍ പരസ്പരം കലഹിക്കുകയും മത്സരിക്കുകയും ചെയ്യുന്നു, പക്ഷേ, ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ നാം ഒരുമിച്ചുനില്‍ക്കും''ആസിഫ് പറഞ്ഞു. ഇന്ത്യയുമായി വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാകിസ്ഥാന്‍ അതിനായി സജ്ജമായിരിക്കേണ്ടതുണ്ടെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍, ദൈവഹിതമുണ്ടെങ്കില്‍ ഇത്രകാലം ഉണ്ടായതുപോലെയാകില്ലെന്നും തങ്ങള്‍ക്കായിരിക്കും യുദ്ധത്തില്‍ നേട്ടമുണ്ടാവുകയെന്നും പാക് മന്ത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷ രാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്ഥാന് അനുകൂലമായിട്ടുണ്ടെന്നും ആസിഫ് അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് പിന്തുണയേകിയിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും ഇത് കാലങ്ങളോളം ഇന്ത്യയെ അലട്ടുമെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൈനിക നടപടിയെ ആസിഫ് ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചു. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്ക് കാരണം ബിഹാര്‍ തെരഞ്ഞെടുപ്പായിരിക്കാം. പാകിസ്ഥാന്‍ ഓപ്പറേഷന്‍ ബുന്‍യാന്‍ അല്‍ മര്‍സൂസ് ആരംഭിച്ചതിനുശേഷം മോദിയുടെ ജനപ്രീതി കുറഞ്ഞിട്ടുണ്ട്. കടുത്ത മോദി അനുകൂലികള്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയാണെന്നും ആസിഫ് അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates