

വാഷിങ്ടണ്‍: രണ്ടാം തവണ അധികാരം ഏറ്റെടുത്തതിനുശേഷം എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തന്നേക്കാള്‍ യോഗ്യത ഉള്ള മറ്റാരുണ്ട് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം വാങ്ങാന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ട്രംപ് തന്നെ പറയുന്നു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയില്‍ തനിക്ക് വിശ്വാസം ഇല്ല. എന്നെ പോലെയുള്ള ആളുകള്‍ക്ക് അവര്‍ പുരസ്‌കാരം നല്‍കാറില്ലെന്നാണ് കേട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ പുരസ്‌കാരം നേടിയ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മഷാഡോ അവര്‍ക്ക് ലഭിച്ച 2025ലെ സമാധാന നൊബേല്‍ പുരസ്‌കാര മെഡല്‍ ട്രംപിന് കൈമാറിയിരുന്നു. ചരിത്രത്തില്‍ ട്രംപിനേക്കാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹതയുള്ള മറ്റാരുമില്ലെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് താന്‍ എന്തുകൊണ്ടും പുരസ്‌കാരത്തിന് അര്‍ഹന്‍ ആണെന്ന് ട്രംപ് അവകാശപ്പെടുന്നത്.
എന്നാല്‍, നൊബേല്‍ പുരസ്‌കാരം എന്നത് മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്ന ഒന്നല്ലെന്നും മെഡലിന്റെ ഉടമസ്ഥത മാറിയാലും നൊബേല്‍ സമ്മാന ജേതാവ് എന്ന പദവി മരിയക്ക് തന്നെയായിരിക്കുമെന്നും നൊബേല്‍ കമ്മിറ്റി അന്ന് പ്രതികരിച്ചിരുന്നു. നിലവില്‍ കംബോഡിയ, ഇസ്രയേല്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിനെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
താന്‍ പരിഹാരം കണ്ടു എന്ന് ട്രംപ് അവകാശപ്പെടുന്ന ചില സംഘര്‍ഷങ്ങളിലെ കക്ഷികള്‍ അദ്ദേഹത്തിന്റെ നയതന്ത്ര പങ്കാളിത്തത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടാതെ, കോംഗോയിലും കംബോഡിയ, തായ്‌ലാന്റ് അതിര്‍ത്തികളിലും വീണ്ടും സംഘര്‍ഷങ്ങളാണ്. രണ്ടാം വട്ടവും പ്രസിഡന്റായ ആദ്യ ദിവസം തന്നെ അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്ത യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന് ഇപ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിയാത്തതും ട്രംപിനെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates