രസതന്ത്ര നോബേല്‍ ഫ്രഞ്ച്-ജാപ്പനീസ് ശാസ്ത്രജ്ഞര്‍ക്ക്; തന്മാത്രാ രഹസ്യത്തിന്റെ ചുരുളഴിച്ചതിന് അംഗീകാരം

2026ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു ശാസ്ത്രജ്ഞര്‍ക്ക്.
Nobel Prize in Chemistry to Henri B Kagan and Kenso Soai
Nobel Prize in Chemistry to Henri B Kagan and Kenso Soai source: The Nobel Prize
Edited By:
Updated on: 
1 min read

സ്റ്റോക്ക്‌ഹോം: 2026ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഹെൻ‌റി ബി കാഗനും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ കെന്‍സോ സോയിക്കും ലഭിച്ചു. അസമമിത ഓര്‍ഗാനിക് സംശ്ലേഷണത്തിലെ 'നോണ്‍-ലീനിയര്‍ ഇഫക്റ്റുകളും സ്വയംപ്രേരിത ഉല്‍പ്രേരകപ്രവര്‍ത്തനങ്ങളും' (non-linear effects and autocatalysis in asymmetric organic synthesis) കണ്ടെത്തിയതിനാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഇരുവര്‍ക്കും പുരസ്‌കാരം പ്രഖ്യാപിച്ചത്.

തന്മാത്രകളിലെ 'ഹോമോഷിറാലിറ്റി' (homochirality) അഥവാ ഒരു പ്രത്യേക തരം തന്മാത്രാ ഘടന സ്വമേധയാ എങ്ങനെ ഉണ്ടാകുന്നു എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാസശാസ്ത്ര രഹസ്യത്തിനാണ് ഇരുവരും ചേര്‍ന്ന് പരിഹാരം കണ്ടതെന്ന് നോബല്‍ കമ്മിറ്റി വിലയിരുത്തി.

അമിനോ ആസിഡുകള്‍ പോലെയുള്ള ചില തന്മാത്രകള്‍, പരസ്പരം കണ്ണാടി പ്രതിബിംബങ്ങളായ രണ്ട് രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ജീവജാലങ്ങളില്‍ ഇതിലൊന്ന് മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത്തരത്തിലുള്ള രാസപരമായ അസമത്വം എങ്ങനെ ഉണ്ടായി എന്നത് ശാസ്ത്രലോകത്തിന് കാലങ്ങളായി ഒരു നിഗൂഢതയായിരുന്നു. ഈ പ്രഹേളികയ്ക്കുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും ആദരം. ഇവരുടെ ഗവേഷണം വഴി വികസിപ്പിച്ചെടുത്ത രാസപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നിര്‍ണായക മുന്നേറ്റമാണ് ഉണ്ടാക്കിയത്.

ഫ്രാന്‍സിലെ പാരിസ്-സുഡ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹെൻ‌റി കാഗന്‍. ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സിലെ ഗവേഷകനാണ് കെന്‍സോ സോയി. സ്വര്‍ണമെഡലും ഡിപ്ലോമയും 12 ലക്ഷം യുഎസ് ഡോളറും (1.2 കോടി സ്വീഡിഷ് ക്രോണര്‍) അടങ്ങുന്നതാണ് പുരസ്‌കാരം. വിജയികള്‍ ഒന്നില്‍ കൂടുതലുള്ളതിനാല്‍ സമ്മാനത്തുക ഇരുവരും പങ്കിടും.

ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച വൈദ്യശാസ്ത്ര വിഭാഗത്തോടെയാണ് ആരംഭിച്ചത്. ഒപ്‌റ്റോജനറ്റിക്‌സ് സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കാള്‍ ഡീസറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ജോര്‍ജ്ജ് നാഗല്‍ വൈദ്യശാസ്ത്ര നോബേല്‍ കരസ്ഥമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം പ്രപഞ്ചത്തില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജമുള്ള ന്യൂട്രിനോകളെ കണ്ടെത്തിയതിനും അന്റാര്‍ട്ടിക്കയിലെ ഐസ്‌ക്യൂബ് ഒബ്‌സര്‍വേറ്ററിക്ക് നല്‍കിയ സംഭാവനകള്‍ക്കും ഫ്രാന്‍സിസ് ഹാള്‍സെന്‍ ഭൗതികശാസ്ത്ര നോബേലിന് അര്‍ഹനായി.

വ്യാഴാഴ്ച സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരവും വെള്ളിയാഴ്ച സമാധാന പുരസ്‌കാരവും പ്രഖ്യാപിക്കും. ഒക്ടോബര്‍ 12ന് സാമ്പത്തിക ശാസ്ത്ര നോബല്‍ പ്രഖ്യാപനത്തോടെ ഈ വര്‍ഷത്തെ നോബേല്‍ വാരത്തിന് സമാപനമാകും.

Nobel Prize in Chemistry to Henri B Kagan and Kenso Soai
ന്യൂട്രിനോകളുടെ കണ്ടെത്തല്‍; ഫ്രാന്‍സിസ് ഹാല്‍സെന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍
Nobel Prize in Chemistry to Henri B Kagan and Kenso Soai
'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു
Summary

Nobel Prize in Chemistry to Henri B Kagan and Kenso Soai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com