മിൽട്ടൺ ഭീതിയിൽ ഫ്ലോറിഡ, 100 വർഷത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കരതൊടുമെന്നാണ് വിലയിരുത്തൽ
Hurricane Milton
മില്‍ട്ടണ്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍എപി
Updated on
1 min read

ഫ്ലോറിഡ: മിൽട്ടൺ' ചുഴലിക്കാറ്റ് ഭീതിയിൽ ഫ്ലോറിഡ. ​ഗൾഫ് ഓഫ് മെക്സിക്കോയിൽ രൂപംകൊണ്ട മിൽട്ടൺ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കരതൊടുമെന്നാണ് വിലയിരുത്തൽ. അതിവിനാശകാരികളായ കാറ്റ​ഗറി 5ൽ ഉൾപ്പെടുന്നതാണ് മിൽട്ടൺ. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ ചുഴലിക്കാറ്റ് വൻ നാശനഷ്ടം വിതച്ചേക്കും എന്നാണ് കരുതുന്നത്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എപി

2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. ഫ്ളോറിഡയിലേക്ക് അടുക്കുംതോറും ചുഴലിക്കാറ്റിന്റെ ശക്തികൂടും. മണിക്കൂറിൽ 180 കിലോമീറ്റർ ശക്തിയിൽ കാറ്റടിക്കും. കൂടാതെ മഴയും കനക്കും. കാറ്റ​ഗറി 2ൽ നിന്ന് മണിക്കൂറുകൾകൊണ്ടാണ് കാറ്റ​ഗറി 5ലേക്ക് മിൽട്ടൺ എത്തിയത്.

സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും. ആയിരക്കണക്കിന് പേരാണ് മിൽട്ടൺ ഭീതിയിൽ വീട് വിട്ടത്. യുഎസില്‍ കനത്ത നാശം വിതച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും' കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 12 ദിവസം മുൻപ് ഹെലീൻ നാശം വിതച്ച അതേ സ്ഥലങ്ങളിലൂടെയാവും മിൽട്ടനും കടന്നുപോവുക.

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. നോർത്ത് കരോലിനയിലാണ് 'ഹെലീൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേരുടെ ജീവനാണ് പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com