

കൊളംബോ: സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ ഇന്നലെ ഐസിയുവിലേക്ക് മാറ്റി. അമിത രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതുമാണ് റെനിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. കഴിഞ്ഞ ദിവസമായിരുന്നു റനില്‍ വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്. പ്രൊഫ. മൈത്രിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 2023ല്‍ പ്രസിഡന്റായിരുന്ന കാലത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് യുഎസിലേക്ക് പോയി എന്നതായിരുന്നു സിംഗയ്ക്കെതിരായ കേസ്. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെയാണ് റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.
ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമസിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി തിരികെയെത്തിയ ശേഷം ഭാര്യയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പൊതുപണം ഉപയോഗിച്ച് ലണ്ടനിലേക്ക് പോയെന്നാണ് കേസില്‍ പറയുന്നത്.
2023ലെ ഹവാനയില്‍ നടന്ന ജി77 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് വിക്രമസിംഗെ ലണ്ടനിലേക്ക് തിരിച്ചത്. വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഭാര്യയ്ക്കൊപ്പം പങ്കെടുത്തു. 2022നും 2024നും ഇടയില്‍ വിക്രമസിംഗെ 23 വിദേശ യാത്രകള്‍ക്കായി 600 മില്യണ്‍ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
