

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ പ്രത്യേക സമ്മേളനം ചേരണമെന്ന ആവശ്യവുമായി ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും. പലസ്തീന് പൂർണ്ണ യു എൻ അംഗത്വം നൽകണമെന്നും മാറുന്ന കാലത്തിന് അനുസരിച്ചു സ്ഥിരം സമിതിയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നുമാണ് 3 രാജ്യങ്ങളുടെയും ആവശ്യം. ഏകപക്ഷീയ താരിഫുകൾക്കെതിരെ ഒന്നിച്ചു നിൽക്കാൻ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ ആണ് ഇക്കാര്യങ്ങൾ ധാരണയിലായത്.
അമേരിക്കൻ പ്രസിഡന്‍റ് ഉയർത്തുന്ന താരിഫ് ഭീഷണികളെ നേരിടാൻ കൂടിയാണ് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ഒരുമിക്കുന്നത്. അതേസമയം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിക്കുമെന്ന ഭീഷണി അമേരിക്ക തുടരുകയാണ്. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്നാണ് അമേരിക്കയുടെ വാദം. നേരത്തെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.
ന്യൂയോർക്കിൽ നടന്ന 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ഐ ബി എസ് എ ത്രിരാഷ്ട്ര മന്ത്രിതല കമ്മിഷൻ യോഗത്തിലാണ് 3 രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി റൊണാൾഡ് ലാമോള, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates