

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിക്കിടെ പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത തേടാന്‍ ഇന്ത്യ തയ്യാറായിരുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍. മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇഷാഖ് ധര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നില്‍ തന്റെ ഇടപെടലുണ്ടായിയെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ആണവ യുദ്ധം താന്‍ വ്യക്തിപരമായി ഇടപെട്ട് തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദമാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി തള്ളുന്നത്.
'മേയ് 11ന് രാവിലെ 8.17നാണ് യുഎസ് സ്റ്റേറ്റ് സെക്ട്രടറി മാര്‍ക്കോ റൂബിയോ വഴി എനിക്ക് വെടിനിര്‍ത്തല്‍ വാഗ്ദാനം വരുന്നത്. ഉടന്‍ തന്നെ സ്വതന്ത്രമായ ഒരു സ്ഥലത്ത് ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്നും റൂബിയോ പറഞ്ഞു. എന്നാല്‍ ജൂലൈ 25ന് ഞാനും റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞത് ഇത് ഉഭയകക്ഷി കാര്യം മാത്രമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ്.'ഇഷാഖ് ധര്‍ പറഞ്ഞു.
വിനോദസഞ്ചാരികള്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ സൈനിക ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനും, കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും വരെ ഇടപെടാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങളില്‍ മൂന്നാം കക്ഷി മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ നിലപാട് അറിയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates