

ലണ്ടന്‍: യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ബിട്ടീഷ് സര്‍ക്കാര്‍ പങ്കുവച്ച 2021 -2024 കാലയളവിലെ കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 257 ശതമാനം വര്‍ധനയാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും യുകെ നീതിന്യായ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2024 ല്‍ മാത്രം 100 ഇന്ത്യക്കാര്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ ബ്രിട്ടണില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2021 ല്‍ ഇത് 28 മാത്രമായിരുന്നു. നൈജീരിയന്‍ സ്വദേശികളാണ് പട്ടികയില്‍ രണ്ടാമത് (166 ശതമാനം). ഇറാഖ് പൗരന്‍മാരാണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നാമതുള്ളത് (160 ശതമാനം).
2021 - 2024 കാലയളവില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യക്കാരുണ്ട്. 115 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, അള്‍ജീരിയ സ്വദേശികളാണ് ഈ പട്ടികയില്‍ ഇന്ത്യക്കാര്‍ക്ക് മുന്നിലുള്ളത്. 2024 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ 588 ഇന്ത്യന്‍ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. 2021 ല്‍ 273 പേരായിരുന്നു ശിക്ഷിക്കപ്പെട്ടത്.
യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരുണ്ടെന്നും ബ്രിട്ടീഷ് നീതിന്യായ വകുപ്പ് കണക്കുകള്‍ പറയുന്നു. ചെറിയ ബോട്ടുകളില്‍ കഴിഞ്ഞ വര്‍ഷം 293 ഇന്ത്യന്‍ പൗരന്മാര്‍ നിയമവിരുദ്ധമായി യുകെ എത്തിയെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 206 പേര്‍ ഇത്തരത്തില്‍ യുകെയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ചെറുബോട്ടുകളില്‍ യുകെ തീരങ്ങളില്‍ അനധികൃതമായി എത്തിയ മൊത്തം കുടിയേറ്റക്കാരില്‍ 15 ശതമാനവും ഇന്ത്യക്കാരാണ്. ഇതേ കാലയളവില്‍ 5474 പേര്‍ അഭയം തേടി യുകെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 4000 പേരും നിയമപരമായി യുകെയില്‍ എത്തിയവരാണ്. 400 പേര്‍ ചെറു ബോട്ടുകളില്‍ കടല്‍ മാര്‍ഗം യുകെയില്‍ പ്രവേശിച്ചവരാണ്. ബാക്കിയുള്ളവര്‍ മറ്റ് മാര്‍ഗങ്ങളിലൂടെയും യുകെയില്‍ എത്തിയവരാണ്. അപേക്ഷകളില്‍ 2,691 എണ്ണം നിരസിക്കപ്പെട്ടു, 20 പേര്‍ക്ക് അഭയം നല്‍കി, ബാക്കിയുള്ളവരുടെ തീരുമാനം പരിഗണനയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
