

ടെഹ്റാന്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് വിഷയത്തില്‍ ഇറാന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദരതുല്യരാണ്. ഇപ്പോഴത്തെ ഈ മോശം സമയത്ത് സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ ഇറാന്‍ സന്നദ്ധരാണെന്നുമാണ് സയ്യീദ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
പ്രശസ്ത പേര്‍ഷ്യന്‍ കവിയായ സാദിയുടെ വരികള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് അരാഗ്ചി ഇറാന്റെ കാഴ്ചപാട് മുന്നോട്ടുവയ്ക്കുന്നത്. 'എല്ലാ മനുഷ്യരും ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ്, അതിലൊരാള്‍ക്കുണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും'' എന്ന കവിതാ ശകലവും ഇറാന്‍ വിദേശകാര്യമന്ത്രി പോസ്റ്റിന് ഒപ്പം ചേര്‍ക്കുന്നു.
ഇറാന്റെ സഹോദരതുല്യരായ അയല്‍ക്കാരാണ് ഇന്ത്യയും പാകിസ്ഥാനും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധം ഈ ഭൂപ്രദേശങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ തമ്മിലും വലിയ അടുപ്പം നിലനില്‍ക്കുന്നു. ഇരു രാജ്യങ്ങളോടുമുള്ള അടുപ്പം ഉപയോഗപ്പെടുത്തി ഇപ്പോഴത്തെ വെല്ലുവിളി നിറഞ്ഞ സമയത്ത് പരസ്പര ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കാന്‍ ഇറാന്‍ തയ്യാറാണ് എന്നും സയീദ് അബ്ബാസ് അരാഗ്ചി പറയുന്നു.
അതേസമയം, പഹല്‍ഗാം വിഷയത്തില്‍ പാകിസ്ഥാന് എതിരെ ശക്തായ നിലപാട് സ്വീകരിക്കും എന്ന് ആവര്‍ത്തിക്കുകയാണ് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് ഇന്ത്യ കര്‍ക്കശമായി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനിച്ചു. പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ മൂന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായും യോഗത്തിന് ശേഷം ജലവിഭവ മന്ത്രി സിആര്‍ പാട്ടില്‍ പറഞ്ഞു. രാജ്യത്തെ പാകിസ്ഥാന്‍ പൗരന്മാരെ ഉടനടി പുറത്താക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates