

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പടയൊരുക്കം. ഇറാന്‍ യുദ്ധത്തെയാണ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പഴിച്ചത്. കനത്ത തോല്‍വിക്ക് കാരണം യുദ്ധമാണ്. ട്രംപ് തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് വാന്‍സ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ട്രംപിന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് കരുതുന്ന വാന്‍സിന് പുറമേ, സെനറ്റര്‍ ടെഡ് ക്രൂസ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിയെ 'ബ്ലൂ സുനാമി' എന്നാണ് ടെഡ് ക്രൂസ് വിശേഷിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി, ജീവിതച്ചെലവിലെ വര്‍ധന, ഇറാനുമായുള്ള യുദ്ധം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പാര്‍ട്ടിയെ പിന്തുണച്ചിരുന്ന യുവാക്കള്‍, കര്‍ഷകര്‍, ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍, ഹിസ്പാനിക് സമൂഹം, തൊഴിലാളിവര്‍ഗം തുടങ്ങിയവരെല്ലാം അകലുകയാണെന്നും ക്രൂസ് മുന്നറിയിപ്പ് നല്‍കി.
ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടുമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിച്ചിരുന്നെങ്കിലും, ഡാറ്റ നല്‍കിയ സൂചന മറ്റൊന്നായിരുന്നുവെന്ന് ജെ ഡി വാന്‍സ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ചില സംസ്ഥാനങ്ങളില്‍ പോളിംഗ് ശതമാനം ഭേദപ്പെട്ട നിലയിലായിരുന്നു. ഞങ്ങളുടെ അനുയായികള്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.2024-ല്‍ ട്രംപ്/വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത പലരും കടുത്ത അതൃപ്തിയിലാണെന്നും, അവര്‍ എതിര്‍പക്ഷത്തിന് വോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഡേറ്റകളില്‍ സൂചനയുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ പ്രവചനം പോലെ ശരിയായി വന്നു.
2024-ല്‍ ട്രംപ്/വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്ത പലരും 2026-ല്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. യുദ്ധം അവസാനിപ്പിക്കുക, ജീവിതച്ചെലവ്/പണപ്പെരുപ്പം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, 'അമേരിക്കയ്ക്ക് മുന്‍ഗണന' (അാലൃശരമ എശൃേെ) നല്‍കുക, ഇസ്രായേലുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തുക എന്നിവയാണ് ജനങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലെ യുഎസ് സൈനിക ഇടപെടലുകളെ എതിര്‍ത്തിരുന്ന വാന്‍സ്, ഫെബ്രുവരിയില്‍ ട്രംപും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധത്തെക്കുറിച്ച് സ്വകാര്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ ടെക്‌സസ്, കന്‍സാസ്, സൗത്ത് കരോലിന, അയോവ, നോര്‍ത്ത് കരോലിന, ഒഹായോ തുടങ്ങിയ റിപ്പബ്ലിക്കന്‍ സ്വാധീനമേഖലകളിലും ഡെമോക്രാറ്റുകള്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, ടെഡ് ക്രൂസ് എന്നിവരും ട്രംപിന് ശേഷമുള്ള റിപ്പബ്ലിക്കന്‍ നേതൃത്വത്തിനായുള്ള മത്സരത്തില്‍ സാധ്യതയുള്ളവരായി പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates