ജറുസലേം: ഇസ്രായേൽ രാഷ്ട്രീയത്തിൽ ദീർഘകാലമായി അധികാരത്തിലുള്ള ബെഞ്ചമിൻ നെതന്യാഹുവിന് വലിയ തിരിച്ചടി നൽകിക്കൊണ്ട്, രാജ്യത്തിന്റെ അടുത്ത സർക്കാർ രൂപീകരിക്കാൻ മുൻ സൈനിക മേധാവിയും യഷാർ പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്തി. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ നിർണ്ണായക നീക്കം.
120 അംഗ കനെസ്സെറ്റിലെ (പാർലമെന്റ്) വിവിധ കക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് ഹെർസോഗ് ഈ പ്രഖ്യാപനം നടത്തിയത്. മൊത്തം 67 നിയമസഭാംഗങ്ങളുടെ പിന്തുണയാണ് ഗാദി ഐസൻകോട്ടിനുള്ളത്. ഇതോടെ പുതിയ സഖ്യസർക്കാർ രൂപീകരിക്കാനും നെതന്യാഹുവിന്റെ ദീർഘകാല ഭരണത്തിന് അന്ത്യം കുറിക്കാനും ഐസൻകോട്ടിന് 28 ദിവസത്തെ സമയം ലഭിക്കും. ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി ചുമതല കൈമാറും.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ നെതന്യാഹുവിന് 46 എം.പിമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാൽ ഐസൻകോട്ടിന് ചേഞ്ച് ബ്ലോക്കിൽ നിന്നുള്ള 48 അംഗങ്ങളും അറബ് കക്ഷിയായ റാം പാർട്ടിയുടെ ഏഴ് അംഗങ്ങളും ജോയിന്റ് ലിസ്റ്റിന്റെ 12 അംഗങ്ങളും ഉൾപ്പെടെ 67 പേരുടെ പിന്തുണ ലഭിക്കുകയുണ്ടായി. ഗാസ യുദ്ധം, ദേശീയ സുരക്ഷ, സൈന്യത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ നെതന്യാഹുവിന്റെ നയങ്ങളെ കടുത്ത രീതിയിൽ എതിർത്തുപോന്ന വ്യക്തിയാണ് ഐസൻകോട്ട്. ഹമാസിന്റെ ആക്രമണത്തിന് ശേഷം രൂപീകരിച്ച യുദ്ധകാല മന്ത്രിസഭയിലും അദ്ദേഹം ചുരുങ്ങിയ കാലം പ്രവർത്തിച്ചിരുന്നു. പുതിയ സർക്കാരുണ്ടാക്കാൻ ഐസൻകോട്ടിന് സാധിച്ചാൽ, പശ്ചിമേഷ്യൻ ഉത്തരാഫ്രിക്കൻ വേരുകളുള്ള ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates