അമ്മയുടെ അപേക്ഷയും സമരവും വിഫലം; നാഗേന്ദ്രനെ തൂക്കിലേറ്റി 

മാതാവ് പാഞ്ചാലൈ സുപ്പര്‍മണ്യത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച തള്ളിയതിനു പിന്നാലെ ഇന്നു രാവിലെയാണു നാഗേന്ദ്രന്‍ കെ ധര്‍മലിംഗത്തിനെ (34) തൂക്കിലേറ്റിയത്
ചിത്രം: റോയിട്ടേഴ്‌സ്‌
ചിത്രം: റോയിട്ടേഴ്‌സ്‌
Updated on
1 min read

സിംഗപ്പൂര്‍: ലഹരിക്കടത്തു കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂര്‍. മാതാവ് പാഞ്ചാലൈ സുപ്പര്‍മണ്യത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച തള്ളിയതിനു പിന്നാലെ ഇന്നു രാവിലെയാണു നാഗേന്ദ്രന്‍ കെ ധര്‍മലിംഗത്തിനെ (34) തൂക്കിലേറ്റിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്‌ക്കെതിരായ കുടുംബത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെയാണ് ശിക്ഷ നടപ്പാക്കിയത്. 

നാഗേന്ദ്രന്റെ മൃതദേഹം മലേഷ്യയിലെ ഇപൊ നഗരത്തിലേക്കു കൊണ്ടുപോകുമെന്നു സഹോദരന്‍ നവിന്‍ കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2009ലാണ് സിംഗപ്പൂരിലേക്കു കടക്കുന്നതിനിടെ 42.72 ഗ്രാം ഹെറോയിനുമായി നാഗേന്ദ്രനെ വുഡ്‌ലാന്‍ഡ്‌സ് ചെക്ക്‌പോയിന്റില്‍ പിടികൂടിയത്. 15 ഗ്രാമില്‍ കൂടുതല്‍ ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണു രാജ്യത്തെ നിയമം. 2010ല്‍ നാഗേന്ദ്രനെ കുറ്റവാളിയായി കോടതി കണ്ടെത്തി.

കഴിഞ്ഞവര്‍ഷം നവംബര്‍ 10ന് വധശിക്ഷയ്ക്ക് ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ മാതാവ് ഹര്‍ജി നല്‍കിയതോടെ വധശിക്ഷ നടപ്പാക്കുന്നതു നീട്ടിവച്ചു. കഴിഞ്ഞ ദിവസം ഈ ഹര്‍ജിയും തള്ളിയതോടെ തൂക്കിലേറ്റാന്‍ കോടതി വിധിക്കുകയായിരുന്നു. 21-ാം വയസ്സില്‍ അറസ്റ്റിലായ നാഗേന്ദ്രന്‍ 13 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. നാഗേന്ദ്രനു സിംഗപ്പൂര്‍ ഹൈക്കോടതി വധശിക്ഷ വിധിച്ചതു രാജ്യാന്തര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങളാണു രാജ്യത്ത് അരങ്ങേറിയത്.

കാലിന്റെ തുടയില്‍ കെട്ടിവെച്ചു നാഗേന്ദ്രന്‍ ലഹരി കടത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. നാഗേന്ദ്രന്‍ അറിഞ്ഞുകൊണ്ടു ചെയ്ത കുറ്റമല്ലെന്നാണു കുടുംബം പറയുന്നത്. എന്നാല്‍, കുറ്റകൃത്യമാണെന്ന് അറിഞ്ഞുതന്നെയാണു നാഗേന്ദ്രന്‍ ലഹരിക്കടത്ത് നടത്തിയതെന്നായിരുന്നു കഴിഞ്ഞ നവംബറില്‍ സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. നാഗേന്ദ്രന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന വാദവും അധികൃതര്‍ തള്ളി. ഇദ്ദേഹത്തിനു ബുദ്ധിപരമായ പ്രശ്‌നങ്ങളില്ലെന്നു മനോരോഗ വിദഗ്ധന്‍ കണ്ടെത്തിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

നാഗേന്ദ്രന്റെ വധശിക്ഷ നവംബര്‍ 10ന് നടക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 26ന് സിംഗപ്പൂര്‍ ജയില്‍ വകുപ്പ് നാഗേന്ദ്രന്റെ അമ്മയ്ക്ക് അയച്ച കത്താണു സമരങ്ങള്‍ക്കു തുടക്കമിട്ടത്. ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു പരിഗണിച്ചു വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നു മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍, ആംനെസ്റ്റി ഇന്റര്‍നാഷനല്‍, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍സ് ഓഫ് ഡിവിഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ്, സിംഗപ്പൂര്‍ ആന്റി ഡെത്ത് പെനാല്‍റ്റി ക്യാംപെയ്ന്‍, ട്രാന്‍സ്ഫര്‍മേറ്റീവ് ജസ്റ്റിസ് കലക്ടീവ് തുടങ്ങിയവരും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ കര്‍ശനമായ നിയമവശം ചൂണ്ടിക്കാട്ടി, നാഗേന്ദ്രന്റെ വധശിക്ഷയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല.
ഈ വാര്‍ത്ത കൂടി വായിക്കാം ശസ്ത്രക്രിയകൾക്കു ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com