അര്‍ധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍; അവിശ്വാസം പാസ്സായി; ഇമ്രാന്‍ ഖാന്‍ പുറത്ത്

അവിശ്വാസ വോട്ടെടുപ്പിലൂടെ പാകിസ്ഥാനില്‍ ഭരണത്തില്‍ നിന്നും പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇസ്ലാമാബാദ്: നായകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്. ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതോടെയാണ് ഇമ്രാന്‍ സര്‍ക്കാര്‍ വീണത്. രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് സഭയിൽ ഇമ്രാൻ സർക്കാരിനെതിരായ പ്രമേയം പാസ്സായത്.  ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണ് വേണ്ടിയിരുന്നത്.

അവിശ്വാസ വോട്ടെടുപ്പിലൂടെ പാകിസ്ഥാനില്‍ ഭരണത്തില്‍ നിന്നും പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍( 69). വോട്ടെടുപ്പിന് തൊട്ടുമുമ്പ് അസംബ്ലി സ്പീക്കര്‍ ആസാദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖിനെ ഇടക്കാല സ്പീക്കറായി നിയമിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അവിശ്വാസ പ്രമേയ നടപടികൾക്കായി ഇന്നലെ രാവിലെ പാർലമെന്റ് ചേർന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാൻ രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പാർലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ഖാൻ ശ്രമിച്ചതോടെ പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വോട്ടെടുപ്പിനു സഭാ സ്പീക്കർ അനുവദിക്കാത്തതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദേശം നൽകി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിർണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളുകയായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി നിരാകരിച്ചു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിടുകയുംചെയ്തു. എന്നാല്‍ ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, അസംബ്ലി പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com