

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗ്ഗാത്മക സംവാദങ്ങളിലൂടെ ആധുനിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയ, ധീരവും നൂതനവുമായ കൃതികളെ മുൻനിർത്തിയാണ് ആന്‍ കാഴ്‌സന് പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.
കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്.
സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ലഭിച്ചത്.
ഓപ്പറ ലിബ്രെറ്റോകള്‍ (opera libretti), സാഹിത്യ വിമര്‍ശനങ്ങള്‍, 1998ല്‍ പുറത്തിറങ്ങിയ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' പോലുള്ള പദ്യ നോവലുകള്‍ (verse novels) എന്നിവ കാഴ്‌സന്റെ പ്രശസ്ത രചനകളില്‍ ഉള്‍പ്പെടുന്നു. 2019ല്‍ പുറത്തിറങ്ങിയ 'നോര്‍മ ജീന്‍ ബേക്കര്‍ ഓഫ് ട്രോയ്' എന്ന പെര്‍ഫോമന്‍സ് പീസില്‍ ഇവരുടെ രചനാശൈലി വ്യക്തമാണ്. യൂറിപ്പിഡീസിന്റെ 'ഹെലന്‍' എന്ന നാടകത്തിലെ ട്രോയിലെ ഹെലന്റെ കഥയും മെര്‍ലിന്‍ മണ്‍റോയുടെ ജീവിതവും സമന്വയിപ്പിച്ചാണ് ഈ കൃതി തയ്യാറാക്കിയത്.
അലക്‌സാണ്ടര്‍ സോള്‍ഷെനിത്സിന്‍, ആലീസ് മണ്‍റോ, ഏണസ്റ്റ് ഹെമിംഗ്വേ തുടങ്ങിയ സാഹിത്യകാരന്മാരുടെ നിരയിലേക്കാണ് പുരസ്‌കാര നേട്ടത്തിലൂടെ കാഴ്‌സനും എത്തുന്നത്. കഴിഞ്ഞ 120 വര്‍ഷത്തിനിടെ ലിയോ ടോള്‍സ്റ്റോയ്, വിര്‍ജീനിയ വുള്‍ഫ്, ഹോര്‍ഹെ ലൂയി ബോര്‍ഹെസ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയതിനും, യുഎസ് എഴുത്തുകാരെ അവഗണിച്ചതിനും (2016ല്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന് നല്‍കിയെങ്കിലും) സ്വീഡിഷ് അക്കാദമി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അക്കാദമിയുടെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും ദുരൂഹമാണെന്നും ആരോപണമുണ്ട്.
എന്നാല്‍, 1982ല്‍ കൊളംബിയയുടെ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും 2007ല്‍ ഡോറിസ് ലെസിങ്ങിനും പുരസ്‌കാരം നല്‍കിയതിനെ ചൂണ്ടിക്കാട്ടി, അധികം അറിയപ്പെടാത്ത സാഹിത്യ പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും വായനക്കാരുടെ ചിന്താമണ്ഡലം വിശാലമാക്കുകയുമാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. വെള്ളിയാഴ്ച സമാധാനത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കും. 12ന് സാമ്പത്തിക ശാസ്ത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതോടെ ഈ വര്‍ഷത്തെ നോബേല്‍ വാരത്തിന് സമാപനമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates