

വിവാഹത്തോടും കുടുംബ ജീവിതത്തോടും ചൈനീസ് യുവാക്കള്‍ മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനന നിരക്ക് ഉയര്‍ത്താന്‍ പുതിയ പദ്ധതികളും നയങ്ങളുമായി ചൈന മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹത്തോട് താത്പര്യം കുറയുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ രാജ്യത്തെ വിവാഹങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പറയുന്നത്.
ചൈനയിലെ വിവാഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ല്‍ 77 ലക്ഷം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024 ല്‍ ഇത് 61 ലക്ഷമായി കുറഞ്ഞു. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെ പകുതി മാത്രമാണിത്.
വിവാഹങ്ങളുടെ എണ്ണം കുറയുന്നതിന് ഒപ്പം വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. 26 ലക്ഷം വിവാഹ മോചനങ്ങളാണ് 2024 ല്‍ നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനയാണ് വിവാഹ മോചനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്തിന് ശേഷം സജീവമായ 2023 ല്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചൈനീസ് ചാന്ദ്ര കലണ്ടര്‍ പ്രകാരം 2024 അശുഭകരമായ 'വിധവാ വര്‍ഷം' ആയി കണക്കാക്കിയിരുന്നതിനാല്‍ ആളുകള്‍ വിവാഹം ഒഴിവാക്കിയാണ് കണക്കിലെ കുറവിന് കാരണമെന്ന വാദവും ഉയരുന്നുണ്ട്.
എന്നാല്‍, കുതിച്ചുയരുന്ന ജീവിത ചെലവുകളും മറ്റ് സാഹചര്യങ്ങളുമാണ് വിവാഹങ്ങളോടുള്ള യുവാക്കളുടെ വിമുഖതയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. പുരുഷന്‍മാരെ ആശ്രയിച്ചുള്ള ജീവിതത്തോടും വിവാഹ ജീവിതത്തോടും സ്ത്രീകള്‍ക്ക് താത്പര്യം കുറഞ്ഞതും കണക്കുകളിലെ ഇടിവിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ മുന്‍നിരയിലുള്ള ചൈന ജനന നിയന്ത്രണത്തിന് മുന്‍കാലങ്ങളില്‍ കടുത്ത നയങ്ങളാണ് നടപ്പാക്കിയത്. ഒരു കുഞ്ഞ് പോളിസി ഉള്‍പ്പെടെ നടപ്പാക്കിയ രാജ്യത്ത് ക്രമേണ യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് തിരിച്ചടി സൃഷ്ടിച്ചേക്കുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ പിന്നീട് നയങ്ങള്‍ തിരുത്തുകയും ചെയ്തു. കൂടുതല്‍ കുട്ടികള്‍ എന്ന ആശയം പ്രചരിപ്പിക്കാനുള്ള നടപടികളായിരുന്നു പിന്നീട് കണ്ടത്.
പതിറ്റാണ്ടുകള്‍ നീണ്ട നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തെ വിവാഹ പ്രായമായവരുടെ എണ്ണം കുറയാന്‍ ഇടയാക്കിയതും ഇവരില്‍ തന്നെ വിവാഹത്തോട് വിമുഖത കാണിക്കുന്നവര്‍ വര്‍ധിച്ചതുമാണ് ഇപ്പോഴത്തെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. തൊഴിലില്ലായ്മ, ജീവിത ചെലവിലെ വര്‍ധന, വിദ്യാഭ്യാസം, കുട്ടികളുടെ പരിചരണം തുടങ്ങിയവയെല്ലാം വിവാഹത്തോടുള്ള മനോഭാവത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates