

ദാവോസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച 'സമാധാന സമിതി' (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. സമിതിയില്‍ 19 രാജ്യങ്ങള്‍ ഒപ്പിട്ടു.
അതേസമയം സമിതിയില്‍ ചേരാന്‍ ഇന്ത്യ താത്പര്യം കാണിച്ചില്ല. പാകിസ്ഥാന്‍ സമിതിയില്‍ ചേര്‍ന്നിട്ടുമുണ്ട്. അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബലറൂസ്, ഈജിപ്റ്റ്, ഹംഗറി, കസാഖിസ്ഥാന്‍, മൊറോക്കോ, യുഎഇ, സൗദി അറേബ്യ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങള്‍ സമിതിയിലുണ്ട്.
ഇന്ത്യ, റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളെല്ലാം സമിതിയില്‍ ചേരാതെ വിട്ടുനില്‍ക്കുന്നു. ജര്‍മനി, ഇറ്റലി, പരാഗ്വെ, സ്ലോവേനിയ, തുര്‍ക്കി, യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളും സമിതിയോട് മുഖം തിരിച്ചാണുള്ളത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിലാണ് സമിതി നിലവില്‍ വരികയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. സമാധാന സമിതിയുടെ പ്രമാണ രേഖ, മുദ്ര എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. 19 രാജ്യങ്ങള്‍ ഈ പ്രമാണ രേഖയിലാണ് ഒപ്പിട്ടത്. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് ഈ സമിതിയെ വിഭാവനം ചെയ്തത് എന്ന ആശങ്കയുണ്ട്. എന്നാല്‍ സമിതി യുഎന്നുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ വ്യവസ്ഥയനുസരിച്ച് ഹമാസിനെ നിരായുധീകരിക്കുമെന്നും അല്ലെങ്കില്‍ അവരെ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ കഴിഞ്ഞാല്‍ ലെബനാനിലെ ഇറാന്‍ അനുകൂല സായുധ സംഘമായ ഹിസ്ബുല്ലയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് സൂചിപ്പിച്ചു.
സമാധാന സമിതിയില്‍ ചേരാനുള്ള ക്ഷണപത്രം ഇന്ത്യ, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള 60ല്‍പ്പരം രാജ്യങ്ങള്‍ക്ക് ട്രംപ് സര്‍ക്കാര്‍ അയച്ചിരുന്നു. ഇതാണ് ആഗോള നയതന്ത്രത്തിനുള്ള പ്രധാന വേദിയായ യുഎന്നിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ട്രംപിന്റെ പുതിയ സമിതിയ്ക്കുണ്ടെന്ന വാദം ശക്തമാക്കിയത്.
ട്രംപാണ് സമിതിയുടെ അധ്യക്ഷന്‍. ബോര്‍ഡില്‍ സ്ഥിരാംഗത്വം കിട്ടാന്‍ 100 കോടി ഡോളര്‍ (ഏകദേശം 9100 കോടി രൂപ) നല്‍കണം. ഇങ്ങനെ കിട്ടുന്ന പണം ഗാസയുടെ പുനര്‍നിര്‍മാണത്തിനുപയോഗിക്കും എന്നാണ് ട്രംപിന്റെ വാഗ്ദാനം.
ഗാസയില്‍ സമാധാനം സ്ഥാപിക്കുക ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സമാധാന സമിതിയെ യുഎന്‍ രക്ഷാ സമിതി പ്രമേയത്തിലൂടെ അംഗീകരിച്ചിരുന്നു. ഹ്രസ്വ കാലത്തേക്ക് മാത്രമാണ് അംഗീകാരം. സമിതിയില്‍ ചേരാന്‍ 35 ഓളം രാജ്യങ്ങള്‍ നിലവില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates