

പാരീസ്: വിഡി സവര്‍ക്കറുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഫ്രാന്‍സിലെ മാര്‍സേയില്‍ സ്വാതന്ത്ര്യസമര സേനാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സേയില്‍ മോദി എത്തിയത്.
മാര്‍സേയിലില്‍ എത്തിയതിന് ശേഷം വിഡി സവര്‍ക്കറിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള ഈ നഗരത്തിന്റെ ബന്ധത്തെയും അനുസ്മരിച്ച നരേന്ദ്ര മോദി, സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് എക്‌സില്‍ കുറിച്ചു. 'ഞാന്‍ മാര്‍സേയില്‍ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെയാണ്. മാര്‍സേയിലെ ജനങ്ങള്‍ക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. വീര്‍ സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കും'- മോദിയുടെ വാക്കുകള്‍.
മാര്‍സേയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മാര്‍സേയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ലോകമഹായുദ്ധങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലിയും അര്‍പ്പിക്കും.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത്, 1910 ജൂലൈ 8നാണ് സവര്‍ക്കര്‍ തടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബ്രിട്ടീഷ് കപ്പലായ മൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തി കയറിയെങ്കിലും ഫ്രഞ്ച് അധികൃതര്‍ പിടികൂടി സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയായിരുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ ജീവപര്യന്തം തടവിന് സവര്‍ക്കറെ ശിക്ഷിച്ചതോടെ ഇത് വലിയ നയതന്ത്ര വിവാദത്തിനും കാരണമായി. മോദിയുടെ ആറാമത്തെ ഫ്രഞ്ച് സന്ദര്‍ശനമാണിത്. ഫ്രാന്‍സില്‍ നിന്ന് മോദി യുഎസിലേക്ക് പോകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
