സൈനിക ജനറല്‍മാര്‍ സത്യാവസ്ഥ 'മറച്ചുപിടിച്ചു', പുടിന്‍ കടുത്ത രോഷത്തില്‍; യുഎസ് ഇന്റലിജന്‍സ്

യുക്രൈനെതിരായ സൈനിക നടപടി റഷ്യയുടെ തന്ത്രപരമായ മണ്ടത്തരമാണെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read


മോസ്‌കോ: യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രോഷാകുലനെന്ന് അമേരിക്ക. യുക്രൈനെതിരായ നടപടിയില്‍ റഷ്യന്‍ സൈന്യം തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് പുടിനെ രോഷാകുലനാക്കിയതെന്നാണ് യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

യുക്രൈന്‍ യുദ്ധം ഒരു മാസം പിന്നിട്ടിട്ടും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ റഷ്യന്‍ സൈന്യത്തിന് സാധിച്ചിട്ടില്ലെന്നാണ് മോസ്‌കോയുടെ വിലയിരുത്തല്‍. റഷ്യന്‍ സൈനികര്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും കനത്ത നാശം നേരിടേണ്ടി വന്നു. റഷ്യന്‍ യുദ്ധടാങ്കുകള്‍ അടക്കം നശിപ്പിക്കപ്പെട്ടു. റഷ്യയെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മോസ്‌കോയെ വലയ്ക്കുകയാണ്. 

ഉപരോധത്തെത്തുടര്‍ന്ന് റഷ്യയിലെ കോടീശ്വരന്മാരും യുദ്ധത്തിനെതിരായി രംഗത്തുവന്നു. സത്യാവസ്ഥ മറച്ചുവെച്ച് റഷ്യന്‍ സൈന്യം തന്നെ വഞ്ചിച്ചുവെന്നാണ് പുടിന്റെ വിലയിരുത്തല്‍. പുടിനും സൈനിക ജനറല്‍മാരും തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതാണെന്നും, സൈനിക ജനറല്‍മാരില്‍ പുടിന് അവിശ്വാസമാണ് ഇപ്പോഴുള്ളതെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കെയ്റ്റ് വെഡിങ്ഫീല്‍ഡ് പറയുന്നു. 

യുക്രൈനെതിരായ സൈനിക നടപടി റഷ്യയുടെ തന്ത്രപരമായ മണ്ടത്തരമാണെന്നും വെഡിങ്ഫീല്‍ഡ് പറഞ്ഞു. ഇത് റഷ്യയെ ദുര്‍ബലമാക്കി. എന്നുമാത്രമല്ല, ലോകത്തു നിന്നുതന്നെ റഷ്യയെ ഒറ്റപ്പെടുത്തുന്ന സ്ഥിയിലേക്ക് നയിച്ചുവെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഉപദേശകരും സൈനിക മേധാവികളും പുടിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോഴും സത്യാവസ്ഥ പുടിനെ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്ന ഉപദേശകര്‍ ഭയക്കുകയാണെന്നും വെഡിങ്ഫീല്‍ഡ് പറഞ്ഞു.

തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുക്രൈനില്‍ റഷ്യ സൈനിക നടപടികള്‍ മന്ദീഭവിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ, ബുധനാഴ്ച റഷ്യന്‍ സൈന്യം കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. മുമ്പ് പറഞ്ഞ ഉറപ്പുകള്‍ ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ ബോംബാക്രമണം നടത്തി. 

യുക്രൈന്‍ പോരാളികളും ശക്തമായ ചെറുത്തു നില്‍പ്പാണ് തുടരുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവ്, മറ്റൊരു നഗരമായ ചെര്‍ണീവ് എന്നിവിടങ്ങളില്‍ നിന്നും പിന്മാറുമെന്ന് റഷ്യ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിന്റെ സൂചനകളൊന്നും ഇല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ എണ്ണം നാലു ദശലക്ഷം കവിഞ്ഞു. 

യുക്രൈന്‍ നഗരമായ ഇര്‍പിനില്‍ റഷ്യ ഇപ്പോഴും ബോംബാക്രമണം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  ആരെയും വിശ്വാസമില്ലെന്നും, രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ അവസാനശ്വാസം വരെ തങ്ങള്‍ പോരാടുമെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com