

വാഷിങ്ടണ്‍: അമേരിക്കയില്‍ ചാരപ്രവൃത്തി ആരോപിച്ച് ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്ര വിദഗ്ധന്‍ ആഷ്ലി ജെ ടെല്ലിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ ആഷ്ലി ജെ ടെല്ലിസ് ദശാബ്ദങ്ങളായി യുഎസ് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവായിരുന്നു. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യമാണ് ടെല്ലിസ് നടത്തിയതെന്ന് യുഎസ് അറ്റോര്‍ണി, ലിന്‍ഡ്‌സെ ഹാലിഗന്‍ അറിയിച്ചു. നിലവില്‍ ടെല്ലിസ് നിലവില്‍ കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസില്‍ സീനിയര്‍ ഫെലോ ആണ്.
പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ അനധികൃതമായി കൈവശം വച്ചുവെന്നും സൂക്ഷിച്ചുവെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് രഹസ്യ രേഖകള്‍ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നാണ് ടെല്ലിസനെതിരെയുള്ള ആരോപണം. 1,000 പേജിലധികം വരുന്ന രേഖകള്‍ ടെല്ലിസിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രൊഫഷണല്‍, അക്കാദമിക് കൂടിക്കാഴ്ചകള്‍ക്കിടയില്‍ ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശയവിനിമയങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാരവൃത്തി നടന്നതായി സൂചനകളൊന്നും ഇല്ലെങ്കിലും, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചത് ഫെഡറല്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍, ടെല്ലിസിന് 10 വര്‍ഷം വരെ തടവും 2,50,000 ഡോളര്‍(2,21,84,225 രൂപ) പിഴയും ലഭിക്കാം. കൂടാതെ ബന്ധപ്പെട്ട രേഖകള്‍ കണ്ടുകെട്ടുകയും ചെയ്യും. അതേസമയം ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അക്കാദമിക് രംഗത്തും നയരൂപീകരണ രംഗത്തും ഒരുപോലെ ശ്രദ്ധേയനായ വ്യക്തിയാണ് ടെല്ലിസ്. യുഎസ്-ഇന്ത്യ സിവില്‍ ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ട് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്സിന്റെ സീനിയര്‍ ഉപദേഷ്ടാവായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയര്‍ ഡയറക്ടറായും ദേശീയ സുരക്ഷാ കൗണ്‍സിലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സേവനത്തിന് മുമ്പ്, ടെല്ലിസ് റാന്‍ഡ് കോര്‍പ്പറേഷനില്‍ സീനിയര്‍ പോളിസി അനലിസ്റ്റായും പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates