

മോസ്‌കോ: യുക്രൈനിൽ നിന്ന് വേർപെടാൻ പോരാടുന്ന കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈനെ പ്രതിസന്ധിയിലാക്കുന്നതാണ് പുടിന്റെ പുതിയ പ്രഖ്യാപനം. 2014 മുതൽ റഷ്യൻ പിന്തുണയോടെ സ്വതന്ത്രമാകാൻ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാൻസ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.
അതിനിടെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗം ചേരും. യോഗത്തിൽ ഇന്ത്യയും പ്രസ്താവന നടത്തും.
യുക്രൈൻ- റഷ്യ സമാധാന ചർച്ചകൾ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പുടിന്റെ നടപടി. വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് മേഖലകളിലേക്ക് റഷ്യൻ സൈന്യത്തെ വിന്യസിക്കാൻ വഴിയൊരുക്കുന്ന നീക്കമാണു പുടിൻ നടത്തിയിരിക്കുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിൻ പ്രഖ്യാപനം നടത്തിയത്. കിഴക്കൻ മേഖലകളിലേക്ക് റഷ്യൻ സൈന്യത്തിന് വേഗത്തിൽ പ്രവേശിക്കാൻ നടപടിയിലൂടെ കഴിയുമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നു.
യുക്രൈന്റെ പരമാധികരത്തിൻമേൽ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തി.
യുക്രൈൻ അതിർത്തിയിൽ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ.
സ്വതന്ത്രമാക്കിയ ഡൊണെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും യുക്രൈൻ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണെന്നും യുഎസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates