'സ്ഥിതി ഗുരുതരം തന്നെ'; ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണം; വീണ്ടും എംബസി നിര്‍ദേശം

യുക്രൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് മടങ്ങിവരാന്‍ വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ
ചിത്രം: എപി
ചിത്രം: എപി

ന്യൂഡല്‍ഹി: യുക്രൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് മടങ്ങിവരാന്‍ വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. റഷ്യയുമായുള്ള യുദ്ധ സാഹചര്യത്തില്‍ അയവില്ലാതെ തുടരുന്നതിനാലാണ് ഇന്ത്യ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈനില്‍നിന്ന് പുറത്തുകടക്കാന്‍ ലഭ്യമായ ഏതെങ്കിലും വാണിജ്യ/ചാര്‍ട്ടര്‍ വിമാനത്തിനായി ശ്രമിക്കണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. നേരത്തെ വിദ്യാര്‍ത്ഥികളോട് എത്രയും വേഗം യുക്രൈന്‍ വിടാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

'യുക്രൈനിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രീതിയിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നതിനാല്‍, ഇവിടെ താമസിക്കുന്നത് അത്യാവശ്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരോടും, എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും താല്‍ക്കാലികമായി യുക്രൈന്‍ വിടാന്‍ നിര്‍ദ്ദേശിക്കുന്നു', എന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേക കണ്‍ട്രോള്‍ റൂം നമ്പര്‍ വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാം. യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 22, 24, 26 തീയതികളില്‍ മൂന്ന് പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങള്‍ യുക്രൈനിലേക്ക് പറക്കും. അതിര്‍ത്തിക്കടുത്തുള്ള ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രൈനും റഷ്യയും ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും യുക്രൈനിലെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com