

റിയാദ്: വിദേശികൾക്ക് സൗദി അറേബ്യയിൽ ഭൂമി വാങ്ങുന്നതിന് നിയമ ഭേദഗതി വരുത്തിയതായി സർക്കാർ അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ നിയമ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിൽ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റായിരിക്കും പ്രത്യേക മേഖലകൾ നിർദേശിക്കുക. നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക നിബന്ധനയോടെ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാം.
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണങ്ങളുണ്ടാകും. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വേണ്ടിയാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് മുനിസിപ്പൽ ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു.
പൗരതാൽപര്യവും വിപണി നിയന്ത്രണവും സംരക്ഷിക്കുന്നതിന് നിയമം സഹായിക്കും. റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്ത് എത്തുകയും കമ്പനികൾക്ക് ആവശ്യമായ ഭൂലഭ്യത ഉറപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
വിദേശികൾക്ക് ഭൂമി വാങ്ങാനുള്ള നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ ഉടൻ വിജ്ഞാപനം ചെയ്യും. ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വിശദാംശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തും
വിജ്ഞാപനം ചെയ്ത ശേഷം 180 ദിവസത്തിനുള്ളിൽ ‘ഇസ്തിലാഅ്’ എന്ന പ്ലാറ്റ്ഫോമിൽ ഇത് പ്രസിദ്ധീകരിക്കും. 2026 ജനുവരിയിലാണ് നിയമം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശ റിയൽ എസ്റ്റേറ്റ് ഉടമസ്ഥർക്കുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates