ഇമ്രാന്‍ ഖാന്‍/എഎഫ്പി
ഇമ്രാന്‍ ഖാന്‍/എഎഫ്പി

വിചാരണ കോടതി വിധിയില്‍ ഗുരുതര പിഴവുകള്‍; ഇമ്രാന്‍ ഖാന് എതിരായ കേസില്‍ പാകിസ്ഥാന്‍ സുപ്രീംകോടതി

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരായ തോഷാഖാന അഴിമതി കേസില്‍ വിചാരണ കോടതിയുടെ വിധിയില്‍ പ്രഥമദൃഷ്ട്യാ ഗുരുതര പിഴവുകളുണ്ടെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി
Published on

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരായ തോഷാഖാന അഴിമതി കേസില്‍ വിചാരണ കോടതിയുടെ വിധിയില്‍ പ്രഥമദൃഷ്ട്യാ ഗുരുതര പിഴവുകളുണ്ടെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബാന്‍ഡിയാലിന്റേതാണ് നിരീക്ഷണം. മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് എതിരെ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിധി വരുന്നതുവരെ വിഷയത്തില്‍ സുപ്രീംകോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിചാരണ കോടതി നടപടികള്‍ക്ക് എതിരെ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് പാക് സുപ്രീംകോടതിയുടെ നിരീക്ഷണം. 'തോഷാഖാന കേസില്‍ ഇന്ന് ഞങ്ങള്‍ ഇടപെടുന്നില്ല. നാളെ ഹൈക്കോടതിയയിലെ വാദത്തിന് ശേഷം നടപടികള്‍ ആരംഭിക്കും. വിചാരണ കോടതി വിധിയില്‍ പ്രഥമദൃഷ്ട്യ പോരായ്മകളുണ്ട്'-സുപ്രീംകോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. 

വിചാരണ കോടതിയുടെ അധികാര പരിധിയെക്കുറിച്ചും ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെ കുറിച്ചും ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ പരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 

ഓഗസ്റ്റ് അഞ്ചിനാണ് ഇസ്ലാമാബാദിലെ വിചാരണ കോടതി തോഷാഖാന അഴിമതി കേസില്‍ ഇമ്രാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നുവര്‍ഷം ചടവുശിക്ഷ വിധിച്ചത്. ഇതോടെ, അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ അയോഗ്യനായി. വിചാരണ കോടതി വിധിക്ക് എതിരെ ഇമ്രാന്‍ സമര്‍പ്പിച്ച ഹര്‍ജി, ഇസ്ലാമാബാദ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com