

വാഷിങ്ടൺ; ചൈനക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് പടിയിറങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനയുടെ ഒമ്പതു കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഒഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് തീരുമാനം.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിലാണ് ഉദ്യോഗസ്ഥർക്കും ചൈനീസ് കമ്പനികൾക്കും ഉപരോധമേർപ്പെടുത്തിയത്. കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊമാക്, ഷവോമി എന്നിവ അടക്കമുളള ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് യുഎസ് നിരോധിക്കും.
നിരോധനം ഏർപ്പെടുത്തിയ കമ്പനികളെ പുതിയ യു.എസ്. നിക്ഷേപ നിരോധനത്തിന് വിധേയമാക്കും, ഇത് 2021 നവംബർ 11 നകം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിരോധിക്കും. കരിമ്പട്ടികയിൽ പെട്ട ഈ കമ്പനികളിൽ നിന്ന് ഓഹരികൾ പിൻവലിക്കുന്നതിന് അമേരിക്കൻ നിക്ഷേപകർ ഇതോടെ നിർബന്ധിതരാകും.
കൊമാക്, ഷവോമി എന്നീ കമ്പനികൾക്ക് പുറമേ അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് ഇൻകോർപറേഷൻസ്, ലുവോകുങ് ടെക്‌നോളജി കോർപ്, ബീജിങ് ഷോങ്കുവാൻകുങ് ഡെവലപ്പ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് സെന്റർ, ഗോവിൻ സെമികണ്ടക്ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ലോബൽ ടോൺ കമ്യൂണിക്കേഷൻ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപടിയോട് ചൈനീസ് കമ്പനികളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates