

ന്യൂയോർക്ക്: സപോര്‍ഷ്യയ്ക്ക് പിന്നാലെ യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയത്തിന് നേര്‍ക്കും റഷ്യ ലക്ഷ്യം വെക്കുന്നുവെന്ന് അമേരിക്ക. യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് അമേരിക്കന്‍ അംബാസിഡര്‍ ആരോപണം ഉന്നയിച്ചത്.
റഷ്യൻ സൈന്യം നിലയത്തിന്‍റെ 20 മൈൽ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നും അമേരിക്ക വ്യക്തമാക്കി. റഷ്യയുടെ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സപോർഷ്യ ആണവനിലയത്തിന് നേർക്കുണ്ടായ റഷ്യൻ ആക്രമണത്തെ ആണവ ഭീകരതയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ആരോപിച്ചു.
ചെര്‍ണോബിലിലെ ആണവ നിലയം കഴിഞ്ഞ പത്തുദിവസമായി റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടത്തെ ജീവനക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്ന് സ്ലാവുച്ച് മേയര്‍ യൂറി ഫോമിചെവ് പറഞ്ഞു. കഴിഞ്ഞദിവസം റഷ്യ ആക്രമിച്ച സപോര്‍ഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം യുക്രൈന്‍ തിരികെ പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രിയില്‍ റഷ്യന്‍ ബോംബാക്രമണം
കീവിന് അടുത്തുള്ള ഇര്‍പിന്‍ നഗരത്തിലെ സൈനിക ആശുപത്രിയില്‍ റഷ്യന്‍ സൈന്യം ബോംബ് ആക്രമണം നടത്തി. തെക്കുകിഴക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയുടെ നിയന്ത്രണം റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
28 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍
റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. 840 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായ ഒലെക്‌സി ഡാനിലോവ് പറഞ്ഞു. ആക്രമണം നടക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കണമെന്നും ഡാനിലോവ് അഭ്യര്‍ത്ഥിച്ചു.
രണ്ട് സിവിലിയന്മാരെ റഷ്യന്‍ സൈന്യം വെടിവെച്ച് കൊന്നു
കീവിലെ ബുച്ച നഗരത്തില്‍ കാറില്‍ പോകുകയായിരുന്ന സാധാരണക്കാരുടെ കാറിന് നേര്‍ക്ക് റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തു. 17 വയസ്സുള്ള പെണ്‍കുട്ടി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രൈന്‍ നഗരമായ സുമിയിലും ചെര്‍ണീവിലും റഷ്യ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates