

ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ ദുരന്തത്തെ അതിജീവിച്ച പ്രമുഖ യാത്രക്കാരി ലൂസി, ലേഡി ഡഫ് ഗോര്‍ഡന്‍ ധരിച്ചിരുന്ന വജ്രമോതിരം ലേലത്തില്‍ വിറ്റത് 1.5 ലക്ഷം പൗണ്ടിന് (ഏകദേശം 1.7 കോടി രൂപ). പ്രതീക്ഷിച്ച വിലയുടെ ഏതാണ്ട് ഇരട്ടിയോളം തുകയ്ക്കാണ് മോതിരം വിറ്റുപോയത്. 80,000 പൗണ്ട് (ഏകദേശം 91 ലക്ഷം രൂപ) ആയിരുന്നു ലേലത്തിന് മുമ്പ് നിശ്ചയിച്ചിരുന്ന വില. 1912 ഏപ്രില്‍ 15ന് ടൈറ്റാനിക് കപ്പല്‍ മുങ്ങുമ്പോള്‍ ലേഡി ഡഫ് ഗോര്‍ഡന്‍ ഈ മോതിരം ധരിച്ചിരുന്നു. കപ്പല്‍ മുങ്ങി ഏതാണ്ട് 1,500 പേരാണ് മരിച്ചത്. അന്ന് ലൂസിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളില്‍ ദുരന്തത്തെ അതിജീവിച്ച ഏക ആഭരണമായിരുന്നു ഈ വജ്രമോതിരം.
കുടുംബാംഗങ്ങള്‍ക്കിടയില്‍ 'ടൈറ്റാനിക് റിങ്' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ലൂസിയുടെ വിവാഹനിശ്ചയ മോതിരമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. തലമുറകളായി ഡഫ് ഗോര്‍ഡന്‍ കുടുംബം ഈ മോതിരം സൂക്ഷിച്ചുവരികയായിരുന്നു. പിന്നീട് ലേഡി ഡഫ് ഗോര്‍ഡന്റെ ചെറുമകനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമായ ജോണ്‍, മൂന്നാമത് എര്‍ള്‍ ഓഫ് ഹാള്‍സ്ബറിക്ക് മോതിരം കൈമാറി. അദ്ദേഹത്തിന്റെ മരണശേഷവും കുടുംബം ഈ അമൂല്യ വസ്തു കൈവിടാതെ സംരക്ഷിച്ചു. ഒടുവില്‍ കുടുംബത്തിലെ നേരിട്ടുള്ള പിന്‍ഗാമി വഴിയാണ് മോതിരം ലേലത്തിനെത്തിയത്.
ശനിയാഴ്ച വില്‍റ്റ്ഷയറിലെ ഡെവിഐസിലുള്ള ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ എന്ന ലേലക്കമ്പനിയിലാണ് മോതിരം വിറ്റത്. ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ച വ്യക്തിയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍ ലേലത്തിനെത്തുന്നത് അപൂര്‍വമാണെന്നും, ഇത്രയും പ്രശസ്തയായ ഒരു യാത്രക്കാരിയുടെ വ്യക്തിപരമായ വസ്തു കുടുംബത്തിലെ നേരിട്ടുള്ള പിന്‍ഗാമി വഴി വില്‍പ്പനയ്‌ക്കെത്തുന്നത് അസാധാരണമാണെന്നും ലേലക്കമ്പനിയിലെ ആന്‍ഡ്രൂ ആല്‍ഡ്രിഡ്ജ് പറഞ്ഞു.
1912ല്‍ ഭര്‍ത്താവ് സര്‍ കോസ്‌മോ ഡഫ് ഗോര്‍ഡനോടൊപ്പം ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായാണ് ലേഡി ലൂസി അമേരിക്കയിലേക്ക് ടൈറ്റാനിക് കപ്പലില്‍ യാത്ര തിരിച്ചത്. ഇവരുടെ സെക്രട്ടറി ലോറ മേബല്‍ ഫ്രാന്‍സറ്റെല്ലിയും ഒപ്പമുണ്ടായിരുന്നു. കപ്പല്‍ മുങ്ങുന്നതിനിടെ ഇവര്‍ മൂന്നുപേരും ലൈഫ് ബോട്ട് വണ്ണില്‍ കയറി രക്ഷപ്പെട്ടു. 40 പേര്‍ക്ക് യാത്ര ചെയ്യാന്‍ ശേഷിയുള്ള ബോട്ടില്‍ ആകെ 12 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ ഏഴുപേര്‍ ജീവനക്കാരായിരുന്നു.
ദുരന്തത്തെ അതിജീവിച്ചവരെ രക്ഷപ്പെടുത്തിയ ആര്‍എംഎസ് കാര്‍പാത്തിയ കപ്പലില്‍വെച്ച് സര്‍ കോസ്‌മോ ലൈഫ് ബോട്ട് വണ്ണിലെ ജീവനക്കാര്‍ക്ക് അഞ്ചു പൗണ്ട് വീതം ചെക്ക് നല്‍കിയിരുന്നു. ടൈറ്റാനിക് മുങ്ങിയതിനെത്തുടര്‍ന്ന് വൈറ്റ് സ്റ്റാര്‍ ലൈന്‍ ജീവനക്കാരുടെ വേതനം നിര്‍ത്തിയ സാഹചര്യത്തില്‍ അവരെ സഹായിക്കാനായിരുന്നു ഈ തുകയെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാല്‍ ഈ പണം നല്‍കിയത് വിവാദങ്ങള്‍ക്കും വഴിവെച്ചു. കടലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ലൈഫ് ബോട്ട് തിരികെ പോകാതിരിക്കാന്‍ ഡഫ് ഗോര്‍ഡന്‍ ദമ്പതികള്‍ ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടുതല്‍ ആളുകളെ കയറ്റിയാല്‍ ബോട്ട് മുങ്ങിപ്പോകുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം.
ടൈറ്റാനിക് കപ്പലുമായി ബന്ധപ്പെട്ട മറ്റ് ചില ചരിത്രവസ്തുക്കളും ഇതേ ലേലത്തില്‍ വിറ്റുപോയി. കപ്പല്‍ സതാംപ്ടണില്‍നിന്ന് യാത്ര തിരിച്ച ദിവസം അത് കാണാനായി നല്‍കിയിരുന്ന അപൂര്‍വ സന്ദര്‍ശക ടിക്കറ്റാണ് ഇതിലൊന്ന്. 1912 ഏപ്രില്‍ 10ന് നല്‍കിയ ഈ ടിക്കറ്റ് 40,000 പൗണ്ടിനാണ് വിറ്റത്. സെക്കന്‍ഡ് ക്ലാസ് യാത്രക്കാരനായിരുന്ന വില്യം ഡിബ്ഡന്റെ അമ്മ എലിസ ഡിബ്ഡന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റാണിത്. കപ്പല്‍ പുറപ്പെടുന്നത് കാണാന്‍ മിസ്റ്റര്‍ ടാല്‍ബോട്ടിനും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശവും ടിക്കറ്റിലുണ്ടായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 18 വയസ്സുകാരനായ വില്യം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ 1908ലെ ആദ്യ കുര്‍ബാന സര്‍ട്ടിഫിക്കറ്റും ടിക്കറ്റിനൊപ്പം ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ടൈറ്റാനിക്കിലെ സീനിയര്‍ വയര്‍ലെസ് ഓപ്പറേറ്ററായിരുന്ന ജാക്ക് ഫിലിപ്‌സ് സഹോദരി എല്‍സി ഫിലിപ്‌സിന് അയച്ച പോസ്റ്റ് കാര്‍ഡും ലേലത്തില്‍ വിറ്റു. 1912 ഏപ്രില്‍ ആറിന് എഴുതിയ ഈ കാര്‍ഡിന് 32,000 പൗണ്ടാണ് (38 ലക്ഷം രൂപയിലേറെ) ലഭിച്ചത്. ടൈറ്റാനിക് കപ്പല്‍ സതാംപ്ടണില്‍ നങ്കൂരമിട്ടിരുന്ന സമയത്താണ് 25കാരനായ ജാക്ക് കാര്‍ഡ് അയച്ചത്. കപ്പല്‍ മുങ്ങുന്ന സമയത്ത് മറ്റ് കപ്പലുകളുടെ സഹായം തേടി വയര്‍ലെസ് സന്ദേശങ്ങള്‍ അയച്ചതിലൂടെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജാക്ക് ഫിലിപ്‌സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates