

ലണ്ടന്‍: പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍. പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി യുകെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെന്നും സ്റ്റാര്‍മര്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതായി കാനഡയും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഈ നിലപാട് കൈക്കൊള്ളുന്ന ആദ്യ ജി 7 സഖ്യത്തില്‍പ്പെട്ട രാജ്യമാണ് കാനഡ. 'പലസ്തീനും ഇസ്രയേലും സമാധാനപൂര്‍ണമായ ഭാവി' പ്രതീക്ഷിക്കുന്നു എന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. പിന്നാലെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ദ്വിരാഷ്ട്രമെന്ന അന്താരാഷ്ട്ര ആശയത്തിന്റെ ഭാഗമാണ് തങ്ങളുടെ പിന്തുണയെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ആന്റണി അല്‍ബനീസ് അറിയിച്ചു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാകുന്നതിനും ബന്ദികളെ മോചനം എന്നിവ ഉള്‍പ്പെട്ട സമാധാന ശ്രമങ്ങള്‍ ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. എന്നാല്‍ പലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാവി ഭരണത്തില്‍ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും ഓസ്‌ട്രേലിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജിഹാദിസ്റ്റുകളായ ഹമാസിനുള്ള പ്രതിഫലം എന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നടപടികളെ വിശേഷിച്ചത്. ഹമാസ് ബന്ധികളാക്കിയ ഇസ്രയേലികളുടെ മോചനം സങ്കീര്‍ണമാക്കുന്നതാണ് പിന്തുണയെന്ന് കാനഡയ്ക്ക് അയച്ച തുറന്ന കത്തില്‍ ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പലസ്തീന്‍ വിഷയം പരിഗണിക്കാനിരിക്കെ യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നിലപാട് പ്രധാനമാകും. 140-ലധികം രാജ്യങ്ങള്‍ നിലവില്‍ പലസ്തീന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ യുകെയുടെ നിലപാട് മാറ്റം ഇസ്രായേലിനെയും അമേരിക്കയെയും വലിയ തോതില്‍ അലോസരപ്പെടുത്തും. യുകെയുടെ നിലപാട് തങ്ങലുടെ വിദേശനയത്തിലുള്ള മാറ്റത്തെയും അമേരിക്കയുമായുള്ള സഖ്യത്തില്‍ നിന്ന് അകലുന്നു എന്നതിന്റെയും സൂചനയാണെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
