ലണ്ടൻ: കോവിഡ് മഹാമാരിക്കെതിരായ വാക്സിൻ ഉടൻ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. കോവിഡ് വാക്സിന്റെ പരീക്ഷണത്തിൽ റഷ്യ വിജയത്തിലേക്ക് അടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുമുണ്ടായിരുന്നു. അതിനിടെ റഷ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്ക, ബ്രിട്ടൻ, കാനഡ രാജ്യങ്ങൾ രംഗത്തെത്തി.
കോവിഡ് വാക്‌സിൻ പരീക്ഷണത്തിലേർപ്പെട്ട ഗവേഷകരിൽ നിന്ന് റഷ്യ വിവരങ്ങൾ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണമാണ് ഈ മൂന്ന് രാജ്യങ്ങളും ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. കോസി ബിയർ എന്നറിയപ്പെടുന്ന എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പാണ് വിവരങ്ങൾ കവരുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കായി പ്രവർത്തിക്കുന്ന സംഘമാണിതെന്നും ഇവർ ആരോപിച്ചു.
കൊറോണ വാക്‌സിൻ വികസനത്തിലേർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കു നേരെയാണ് എപിടി29 ന്റെ സൈബർ ആക്രമണമുണ്ടായിരിക്കുന്നത്. ഭൗതിക സ്വത്തവകാശം (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കാനഡ- യുഎസ് അധികൃതരെ ഏകോപിപ്പിച്ച് ബ്രിട്ടീഷ് സൈബർ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. ഏതെങ്കിലും വിവരങ്ങൾ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങൾ അപഹരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈബർ സെക്യൂരിറ്റി സെന്റർ അറിയിച്ചു.
കോസി ബിയർ എന്നത് 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ-മെയിലുകൾ മോഷ്ടിച്ച ഹാക്കിങ് ഗ്രൂപ്പാണെന്ന് യുഎസ് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates