പശുക്കൾക്ക് കൊമ്പ് വേണോ, വേണ്ടയോ; ചേരിതിരിഞ്ഞ് കൊമ്പുകോർത്ത് കർഷകർ; സർക്കാർ ഹിത പരിശോധനയ്ക്ക്

പശുക്കളുടെ കൊമ്പ് മുറിക്കണമോ, നിലനിർത്തണമോ എന്ന കാര്യം ക്ഷീര കർഷകർക്കിടയിൽ ചേരിതിരിഞ്ഞുള്ള കൊമ്പുകോർക്കലിലേക്ക് കടന്നതോടെ ഹിത പരിശോധനയ്ക്ക് ഒരുങ്ങി സ്വിറ്റ്സർലൻഡ്
പശുക്കൾക്ക് കൊമ്പ് വേണോ, വേണ്ടയോ; ചേരിതിരിഞ്ഞ് കൊമ്പുകോർത്ത് കർഷകർ; സർക്കാർ ഹിത പരിശോധനയ്ക്ക്
Updated on
1 min read

സൂറിച്: പശുക്കളുടെ കൊമ്പ് മുറിക്കണമോ, നിലനിർത്തണമോ എന്ന കാര്യം ക്ഷീര കർഷകർക്കിടയിൽ ചേരിതിരിഞ്ഞുള്ള കൊമ്പുകോർക്കലിലേക്ക് കടന്നതോടെ ഹിത പരിശോധനയ്ക്ക് ഒരുങ്ങി സ്വിറ്റ്സർലൻഡ്. നാൽക്കാലികളുടെ കൊമ്പ് മുറിക്കുന്നതിന് നിലവിൽ തടസങ്ങൾ ഇല്ലെങ്കിലും ഇതിനു നിരോധനം ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന് നവംബർ 25 ന് നടക്കുന്ന ഹിത പരിശോധനയിൽ സ്വിസ് ജനത വിധി എഴുതും. 

പശു വളർത്തലും അതുമായി ബന്ധപ്പെട്ട ജോലികളും സ്വിറ്റ്സർലൻഡിൽ കാര്യമായ വരുമാന മാർ​ഗമാണ്. പശുക്കളുടെ ക്ഷേമത്തിന്റെ കാര്യത്തിൽ പ്രത്യേക നിയമങ്ങളും പദ്ധതികളുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്.

ജനിച്ച് മൂന്നാഴ്‌ച തികയുന്നതിന് മുൻപു കൊമ്പ് നീക്കം ചെയ്യുന്നതാണ് സ്വിറ്റ്സർലൻഡിൽ പതിവ്. ഇതു നാൽക്കാലികളുടെ ജന്മാവകാശത്തിന് മേലുള്ള അതിക്രമമാണെന്ന് ഒരു കൂട്ടർ പറയുന്നു. നഷ്ടപ്പെടുന്ന അന്തസ്സ്, സ്വയം പ്രതിരോധ സംവിധാനം, ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾ തുടങ്ങിയ വാദങ്ങളും ഇവർ ഉയർത്തുന്നു. 

എന്നാൽ കൊമ്പ് നീക്കുമ്പോഴുള്ള താത്കാലിക ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ, ഭാവിയിൽ ഇതുകൊണ്ട് പശുക്കളുടെ ജീവിത നിലവാരം ഉയരുന്നുവെന്നും, തൊഴുത്തുകളിൽ കൂടുതൽ ഇടവും, കാലികളുടെ സഞ്ചാര സ്വാതന്ത്ര്യം വർധിക്കുന്നതായും മറുപക്ഷം വാദിത്തുന്നു. പാർലമെന്റിൽ കക്ഷി വ്യത്യാസമില്ലാതെ ഈ വിഷയം വിശദമായി തന്നെ ചർച്ച ചെയ്തു. 

സർക്കാർ കണക്കുകൾ അനുസരിച്ചു രാജ്യത്തെ 25 ശതമാനം പശുക്കൾക്കേ കൊമ്പുള്ളു. അതുകൊണ്ട് കൊമ്പ് മുറിക്കുന്നതിൽ നിരോധനം കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് സർക്കാർ നിലപാട്. ഹിത പരിശോധന പാസായാൽ നാൽക്കാലികളുടെ കൊമ്പുകൾ സംരക്ഷിക്കുന്ന ഇനത്തിൽ വാർഷിക ബജറ്റിൽ 10 മുതൽ 30 മില്യൻ സ്വിസ് ഫ്രാങ്ക്‌ വരെ വകയിരുത്തേണ്ടി വരുമെന്ന് ഇതു സംബന്ധിച്ചിറക്കിയ ലഘുലേഖയിൽ സർക്കാർ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com