'ആര്‍ത്തവം അശുദ്ധി തന്നെ, അതിനെ വിയര്‍പ്പിനോട് എങ്ങനെ ഉപമിക്കും?'

നമ്മളുടെ ദേഹം ശുദ്ധമല്ലാതിരിക്കുമ്പോള്‍ വളരെ ശുദ്ധിയായിട്ടിരിക്കുന്ന ഒരു സ്ഥലത്ത് കയറാന്‍ തോന്നുമോ?
'ആര്‍ത്തവം അശുദ്ധി തന്നെ, അതിനെ വിയര്‍പ്പിനോട് എങ്ങനെ ഉപമിക്കും?'

ഴയ ആചാരങ്ങള്‍ നിലനിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളുടെ അടിമത്തം എന്ന നിലയിലൊക്കെയാണ് ആളുകള്‍ ഇപ്പോഴത്തെ പ്രതിഷേധത്തെ കാണുന്നത്. പക്ഷേ, അത് അങ്ങനെയല്ല. ഞങ്ങള്‍ക്കൊന്നും അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് ഈ തന്ത്രികളൊക്കെ കൂടി ഉണ്ടാക്കിയിട്ടുള്ളതാണ്. ആ ഒരു വിശ്വാസത്തിന്മേലാണല്ലോ നമ്മളൊക്കെ ദൈവത്തിനെ ആരാധിക്കുന്നത്. ഇതുവരെ ഇതൊന്നും ആര്‍ക്കും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അതാണല്ലോ ഇത്രയധികം സ്ത്രീകള്‍ ഞങ്ങള്‍ക്കു പോകണ്ട എന്നു പറഞ്ഞു പ്രക്ഷോഭം നടത്തുന്നതില്‍നിന്നു മനസ്സിലാക്കേണ്ടത്.


അറുപത് വയസ്സ് കഴിഞ്ഞപ്പോള്‍ ഞാനവിടെ പോയിട്ടുള്ള ആളാണ്. ആര്‍ത്തവത്തിന്റെ പ്രശ്‌നം മാത്രമല്ല ശബരിമലയില്‍. മറ്റു പല ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് ഉണ്ട്. ഇപ്പോഴാണ് പമ്പയില്‍ കുറച്ചെങ്കിലും ശൗചാലയങ്ങള്‍ ഉള്ളത്. പണ്ടൊക്കെ കാട്ടില്‍ പോയിട്ടാണ് പ്രാഥമിക കാര്യങ്ങള്‍ സാധിച്ചത്. അത് ഈ ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് എങ്ങനെ സാധിക്കും. അതും ഇത്രയും തിരക്കുള്ള ഒരു സ്ഥലത്ത്. 


എന്റെ മകള്‍ക്ക് 1976-ല്‍ അവിടെവെച്ചാണ് ചോറ് കൊടുത്തത്. ഞാന്‍ പോയിരുന്നില്ല. എന്റെ അമ്മ പമ്പ വരെ കൂടെ പോയി. പിന്നെ ഭര്‍ത്താവും സഹോദരന്മാരുമാണ് അഞ്ചുമാസം പ്രായമായ കുഞ്ഞിനെ മല കയറ്റിയത്. അന്നും അവിടെ ചോറുകൊടുക്കുന്നത് ചീട്ടാക്കി നടത്തുന്ന ഒരു വഴിപാടൊന്നുമല്ല. ഇപ്പോള്‍ ആരൊക്കെയോ അങ്ങനെയൊക്കെ എഴുതി കാണുന്നു. അങ്ങനെയില്ല.


നമുക്കൊന്നും ഇത് ആചരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇതിനെയൊക്കെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പോയാല്‍ നമ്മുടെ വിശ്വാസത്തിനൊക്കെ എന്തര്‍ത്ഥമാണുള്ളത്.
എല്ലാത്തിനേയും എതിര്‍ത്ത് വാശിയും ശാഠ്യവും പിടിക്കുന്ന കുറേപ്പേര്‍ എല്ലാ കൂട്ടത്തിലും ഉണ്ടാകുമല്ലോ. പക്ഷേ, ഭൂരിപക്ഷം ആളുകള്‍ക്കും, പ്രത്യേകിച്ച് ഭക്തിയുള്ളവര്‍ക്ക് ഇതു മാറ്റണം എന്ന മോഹമില്ല. പോകാന്‍ അവര്‍ ധൈര്യപ്പെടുകയും ഇല്ല.


ഓരോ ക്ഷേത്രത്തിന്റേയും ആചാരങ്ങള്‍ അവിടത്തെ തന്ത്രിമാര്‍ക്കും പൂജാകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും വിട്ടുകൊടുക്കേണ്ടതാണ്. പിന്നെ ഭക്തരുടെ അഭിപ്രായവും പരിഗണിക്കേണ്ടതാണ്.
ആര്‍ത്തവം ഒരു ചീത്ത കാര്യമായതുകൊണ്ടല്ല, പക്ഷേ, ആ സമയത്ത് നമ്മള്‍ ശുദ്ധമല്ല എന്നു നമ്മള്‍ക്കു തന്നെ ഒരു ഫീലിങ് ഉണ്ട്. അതിനെ വിയര്‍പ്പിനോടൊന്നും ഉപമിക്കാന്‍ പറ്റില്ല. അതു സ്ത്രീകള്‍ക്കു തന്നെ അറിയാം. നമ്മളുടെ ദേഹം ശുദ്ധമല്ലാതിരിക്കുമ്പോള്‍ വളരെ ശുദ്ധിയായിട്ടിരിക്കുന്ന ഒരു സ്ഥലത്ത് കയറാന്‍ തോന്നുമോ. ശബരിമലയില്‍ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഏത് ജാതിയില്‍പ്പെട്ടവര്‍ക്കും പോകാം. അതിലൊന്നും വിവേചനമില്ല. ആകെ അവര്‍ പറയുന്നത് ഇതു മാത്രമാണ്. അതിലെന്തിനാണ് തെറ്റു കണ്ടുപിടിക്കുന്നത്.


ശബരിമല ഇന്നുവരെ വികസിച്ചിട്ടേയുള്ളൂ. അപ്പോള്‍ ഈ ആചാരങ്ങളൊക്കെ നിലനിര്‍ത്തിയതുകൊണ്ട് നശിച്ചിട്ടില്ല. ഭക്തരും വരുമാനവും ഒക്കെ കൂടിയിട്ടേ ഉള്ളൂ. ഇപ്പോള്‍ ഇങ്ങനെ തോന്നിയത് വിനാശകാലേ വിപരീത ബുദ്ധി ആയിരിക്കാം.

(കോഴിക്കോട് ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ മാഗസിന്‍ എഡിറ്ററാണ് ലേഖിക)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com