'മൂന്നാമത്തെ വിക്കറ്റ് വീഴുമ്പോള്‍ ഷവറിന് കീഴിലായിരുന്നു ഞാന്‍'

പിറ്റേന്ന് പത്രം നോക്കി ജയിച്ചത് തങ്ങള്‍ തന്നെയാണെന്ന് ഉറപ്പു വരുത്തിയെന്ന് കപില്‍
ആദ്യ ടെസ്റ്റ് കളിക്കുന്നതുവരെ ഒരു ടെസ്റ്റ് മത്സരം നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഹരിയാനക്കാരന്‍
ആദ്യ ടെസ്റ്റ് കളിക്കുന്നതുവരെ ഒരു ടെസ്റ്റ് മത്സരം നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഹരിയാനക്കാരന്‍

യിച്ച ടീം തോറ്റവരില്‍ നിന്ന് ഷാംപെയ്ന്‍ കടം വാങ്ങുക! അതും അവര്‍ വിജയമാഘോഷിക്കാന്‍ വാങ്ങിവച്ചിരുന്ന ഷാംപെയ്ന്‍! എന്നിട്ട് അവരുടെ കണ്‍മുന്നില്‍ മദിച്ചു തിമര്‍ക്കുക. ഒരു ടീം ക്രിക്കറ്റ് ലോകകപ്പ് ജയം ആഘോഷിച്ച കഥയാണ്. പറയുന്നതാവട്ടെ, ജയത്തിലും ഘോഷത്തിലും ആ ടീമിനെ നയിച്ചയാളും.

'കളി കഴിഞ്ഞ് ഹസ്തദാനത്തിനായി ഞാന്‍ വിന്‍ഡീസ് ഡ്രസിങ് റൂമില്‍ ചെന്നു. വല്ലാത്ത നിശബ്ദതയായിരുന്നു അവിടെ. അവര്‍ക്ക് അതിനിയും വിശ്വസിക്കാനായിട്ടില്ല. വിജയമാഘോഷിക്കാന്‍ കരുതിവച്ച ഷാംപെയ്ന്‍ ബോട്ടിലുകള്‍ അവിടെ നിരത്തി വച്ചിരുന്നു. ഞങ്ങളുടെ പക്കലാണെങ്കില്‍ ഒന്നു പോലുമില്ല. കുറച്ചു ബോട്ടിലുകള്‍ എടുത്തോട്ടെയെന്ന് ഞാന്‍ ലോയ്ഡിനോട് ചോദിച്ചു. ശബ്ദമില്ലാതെ അയാള്‍ എന്തോ പറഞ്ഞേയുള്ളു, ബോട്ടിലുകളുമെടുത്ത് ഞങ്ങള്‍ പുറത്തുചാടി ' 1983 ലെ അവിശ്വസനീയ ജയം ഓര്‍ത്തെടുത്ത് കപില്‍ദേവ് പിന്നീട് രാജ്ദീപ് സര്‍ദേശായിയോട് പറഞ്ഞത് ഇങ്ങനെയാണ്; ഡെമോക്രസീസ് ഇലവനില്‍ അതുണ്ട്. (ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ നിന്ന് പതിനൊന്നു പേരെ, കളിയുടെയും ജീവിതത്തിന്റേയും വിശദാംശങ്ങളോടെ അവതരിപ്പിക്കുന്ന പുസ്തകമാണ് ഡെമോക്രേസീസ് ഇലവന്‍. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ അതിനൊപ്പം ചേര്‍ത്തു വയ്ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സര്‍ദേശായി )

സത്യത്തില്‍ വിന്‍ഡീസ് ടീമില്‍ മാത്രമായിരുന്നില്ല, ആ അമ്പരപ്പ്. ലോര്‍ഡ്‌സിനോടു ചേര്‍ന്നുള്ള വെസ്റ്റ്‌മോര്‍ലാന്‍ഡ് ഹോട്ടലില്‍ രാവു മുഴുവന്‍ ആഘോഷിച്ചു തീര്‍ക്കുമ്പോഴും ഇന്ത്യന്‍ സംഘത്തില്‍ ഓരോരുത്തരിലുമുണ്ടായിരുന്നു, വല്ലാത്തൊരു അവിശ്വസനീയത. പിറ്റേന്ന് പത്രം നോക്കി ജയിച്ചത് തങ്ങള്‍ തന്നെയാണെന്ന് ഉറപ്പു വരുത്തിയെന്ന്, തമാശ കലര്‍ത്തിപ്പറയും കപില്‍, അതിനെപ്പറ്റി.

അതുവരെ ലോകകപ്പില്‍ ഇന്ത്യ ജയിച്ചത് ഒരൊറ്റ മത്സരം

ഒരൊറ്റ മത്സരമാണ് അതിനു മുന്‍പ് ലോകകപ്പില്‍ ഇന്ത്യ ജയിച്ചിട്ടുള്ളത്, അതും ദുര്‍ബലരില്‍ ദുര്‍ബലരായ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ. ഇത്തവണയും ആദ്യ റൗണ്ട് കടക്കുമെന്ന് ഒരാളും കരുതിയിട്ടില്ല. സെമിഫൈനലിനു മുമ്പുതന്നെ പലരും മടക്ക ടിക്കറ്റുകള്‍ ബുക്കുചെയ്തിരുന്നു. ചിലര്‍ നാട്ടിലേക്ക്, ചിലര്‍ ഹോളിഡേ ആഘോഷിക്കാന്‍ അമേരിക്കയിലേക്ക്. ആദ്യ റൗണ്ടില്‍ വിന്‍ഡീസുമായുള്ള മത്സരം ജയിച്ചപ്പോഴും അത്രയ്‌ക്കൊന്നും ഉയര്‍ന്നില്ല, ടീമിന്റെ മൊറയ്ല്‍. പക്ഷേ സിംബാബ്‌വെയുമായുള്ള, കൈവിട്ടെന്നുറപ്പിച്ച കളി തിരിച്ചുപിടിച്ച ആ ഇന്നിങ്‌സ്. കാര്യങ്ങളെ മാറ്റി മറിക്കുക തന്നെ ചെയ്തു, അത്.

ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ തകര്‍ന്നടിഞ്ഞ നിലയിലായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിര. പതിനേഴ് റണ്‍സ് എടുക്കുന്നതിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍. നാണക്കേടിന്റെ റെക്കോര്‍ഡുമായി മുഖാമുഖം നിന്ന മുഹൂര്‍ത്തം. അപ്പോഴാണ് അയാളിറങ്ങിയത്- കപില്‍ ദേവ്. മൂന്നാം വിക്കറ്റ് വീഴുമ്പോള്‍, രാവിലത്തെ വര്‍ക്ക് ഔട്ട് കഴിഞ്ഞ് ഷവറിന് കീഴിലായിരുന്നു താന്‍ എന്നാണ് കപില്‍ അതേപ്പറ്റി ഓര്‍ത്തെടുത്തത്. വേഗം തന്നെ ചെയ്ഞ്ച് ചെയ്ത് പാഡ് കെട്ടി തയാറായി. അപ്പോഴേക്കും രണ്ടു പേര്‍ കൂടി മടങ്ങിയിരുന്നു. 'മുഴുവന്‍ ഓവറും കളിക്കുക'; ക്രീസില്‍ അപ്പുറത്തുണ്ടായിരുന്ന റോജര്‍ ബിന്നിയോട് അത്രയേ പറയാനുണ്ടായിരുന്നുള്ളു. നാല്‍പ്പത് ഓവര്‍ വരെ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനായിരുന്നു, ശ്രമം. അതിനു ശേഷം, ഇന്ത്യന്‍ ക്രിക്കറ്റിന് അത്രയൊന്നും പരിചിതമല്ലാതിരുന്ന ഒരു കൊടുങ്കാറ്റ് കെട്ടഴിഞ്ഞു വീഴുകയായിരുന്നു. പതിനാറു ഫോറുകള്‍, ആറു സിക്‌സറുകള്‍: കപില്‍ദേവ് 175 നോട്ട് ഔട്ട്. 'അതോടെ ഡ്രസിങ് റൂമിലെ മൂഡ് ആകെ മാറി, ക്യാപ്റ്റന്‍ വഴി കാണിച്ചു, ഞങ്ങള്‍ക്ക് അതിലൂടെ നടന്നാല്‍ മാത്രം മതിയായിരുന്നു'- അന്നു ടീമിലുണ്ടായിരുന്ന കീര്‍ത്തി ആസാദ് ഓര്‍ക്കുന്നു. കപിലിനു മാത്രം കളിക്കാന്‍ കഴിയുന്ന ഇന്നിങ്‌സായിരുന്നു അത്. ക്രിക്കറ്റിനെ ഇന്ത്യയുടെ മതമാക്കി മാറ്റിയതില്‍ ചെറുതല്ലാത്ത പങ്കുണ്ട്, ആ അദ്ഭുത പ്രകടനത്തിന്.

ഹരിയാന ടീമിലെ പതിനൊന്നാമന്‍

കപിലിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധമായും ഓര്‍ക്കണം; ഹരിയാന ടീമില്‍ പതിനൊന്നാമനായിരുന്നു അയാള്‍! രണ്ടാമത്തെ രാജ്യാന്തര മത്സരത്തില്‍, പാകിസ്ഥാനെതിരെ, ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി നൈറ്റ്‌വാച്ച്മാനായി നിയോഗിക്കുന്നതു വരെ ബാറ്റിങ്ങിനെക്കുറിച്ച് അത്രയൊന്നും ഗൗരവത്തോടെ ചിന്തിച്ചിട്ടില്ലത്ത ഒരാള്‍. നൈറ്റ് വാച്ച്മാനായി പോയ ആള്‍ പന്ത്രണ്ട് പന്തില്‍ ഇരുപതു റണ്‍സുമെടുത്ത് മടങ്ങി വന്നതുകണ്ട് അന്തിച്ചു നിന്ന ബേദിയോട് കപില്‍ പറഞ്ഞു, 'പാജി, എനിക്ക് അടിക്കാനേ അറിയൂ.' ടെസ്റ്റ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ശേഷം ഓള്‍റൗണ്ടറായി മാറിയ ഒരാള്‍ എന്നാണ് തന്നെക്കുറിച്ച് കപില്‍ ദേവ് പറയുക. 'ബൗളിങ് എന്നെ സംബന്ധിച്ച് സീരിയസ് ആയ കാര്യമാണ്, ബാറ്റിങ് തമാശയും.'

ഏകദിന ക്രിക്കറ്റില്‍ ഹിമാലയന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കം കുറിച്ച ആ പ്രകടനത്തിന് പക്ഷേ, അക്ഷരങ്ങളില്‍ ഒതുങ്ങാനായിരുന്നു വിധി. ബിബിസിയില്‍ പണിമുടക്ക് ആയിരുന്നതിനാല്‍ ആ കളി കവര്‍ ചെയ്യേണ്ട കാമറാമാന്‍ അന്ന് ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ വന്നതേയില്ല. പലരാലും പലപ്പോഴും പ്രഘോഷിക്കപ്പെട്ടിട്ടും, ഓര്‍ക്കുക, നമ്മളാരും കണ്ടിട്ടില്ല ആ ഇന്നിങ്‌സിന്റെ ഒരൊറ്റ ഫൂട്ടേജ് പോലും.

വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയ ക്യാച്ച്‌

ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജയത്തിന്റെ സിഗ്‌നേചര്‍ ആയി മാറിയത് മറ്റൊരു ദൃശ്യമാണ്, അതിലും നിറഞ്ഞുനിന്നത് കപില്‍ ദേവ് തന്നെ. മദന്‍ലാലിനെ അതിര്‍ത്തിയിലേക്ക് ഉയര്‍ത്തി വിട്ട വിവ് റിച്ചാര്‍ഡ്‌സിനെ വാരകള്‍ പിന്നിലേക്കോടി കപില്‍ കൈയിലൊതുക്കിയ നിമിഷം. ലോര്‍ഡ്‌സില്‍ ശ്വാസം നിലച്ച ആ നിമിഷത്തിലാണ് ക്രിക്കറ്റില്‍ പുതിയ ചരിത്രം പിറന്നത്. ദാവീദും ഗോലിയാത്തും തമ്മിലുള്ള കളി തന്നെയായിരുന്നു അത്. എല്ലാ തലത്തിലും കരീബിയന്‍ കരുത്തിന്റെ കായിക രൂപമായിരുന്നു , എന്‍പതുകളിലെ വിന്‍ഡീസ് ടീം. എതിരാളികളെ തോല്‍പ്പിക്കുകയല്ല, കശക്കിയെറിയുകയാണ് അവര്‍ക്കു പതിവ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നേടാനായത് 183 റണ്‍സ്.   'ഇനിയെന്ത് കാണാന്‍? ഭാര്യയോടൊപ്പം കുറച്ചു ഷോപ്പിങ് ഉണ്ട് എന്നു പറഞ്ഞ് ഇടവേളയില്‍ ഇറങ്ങിപ്പോയ മുന്‍ രാജ്യാന്തര താരം യജുര്‍വേന്ദ്ര സിങ്ങിനെ ഓര്‍ക്കുന്നുണ്ട്, ഒപ്പമുണ്ടായിരുന്ന സര്‍ദേശായി. യജുര്‍വേന്ദ്ര മാത്രമല്ല, കപിലിന്റെ ഭാര്യ റോമി പോലും ഇടയ്ക്കു വച്ച് ഹോട്ടലിലേക്ക് മടങ്ങി. റിച്ചാര്‍ഡ്‌സ് ഓരോ ബൗണ്ടറി നേടുമ്പോഴും ചുറ്റും നിന്ന് ആര്‍ത്തുപെയ്യുകയായിരുന്നു വിന്‍ഡീസ് ആരാധകര്‍ എന്ന് റോമി. ആ റിച്ചാര്‍ഡ്‌സിനെയാണ് അപാരസുന്ദരമായ ക്യാച്ചിലൂടെ കപില്‍ മടക്കിയയച്ചത്. അതിയായരായ വിന്‍ഡീസിനെ 140 ല്‍ ഒതുക്കി ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ലോകകപ്പില്‍ തൊട്ടു. 

കളര്‍ ടിവി വന്നു തുടങ്ങിയ കാലമായിരുന്നു, ലൈവ് ടെലികാസ്റ്റും. ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന കപിലിന്റെയും സംഘത്തിന്റേയും ദൃശ്യങ്ങള്‍ക്ക് നഗരങ്ങളിലെ ഇന്ത്യ അഭിമാനത്തോടെ സാക്ഷ്യം വഹിച്ചു. ഗ്രാമങ്ങള്‍ പിന്നീടത് പുരാവൃത്തം പോലെ കേട്ടറിഞ്ഞു.  മറ്റൊരു കായിക വിനോദത്തിനും സാധ്യമാവാത്ത വിധം ക്രിക്കറ്റ് ഇന്ത്യന്‍ ജനസാമാന്യത്തിന്റെ കളിയായി; കപില്‍ ദേവ് നികഞ്ജ് എന്ന ഇരുപത്തിനാലുകാരന്‍, ആദ്യ ടെസ്റ്റ് കളിക്കുന്നതുവരെ ഒരു ടെസ്റ്റ് മത്സരം നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഹരിയാനക്കാരന്‍ അതിന്റെ പോസ്റ്റര്‍ ബോയിയും. (ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആദ്യ അന്‍പത് വര്‍ഷം ദേശീയ ടീമില്‍ കളിച്ചവരില്‍ ഏഴു പേര്‍ മാത്രമായിരുന്നു, നഗരങ്ങള്‍ക്കു പുറത്തു നിന്നുള്ളവര്‍ എന്നു നിരീക്ഷിക്കുന്നുണ്ട്, രാജ്ദീപ് സര്‍ദേശായി)

ലോകകപ്പ് ടീമിന്റെ പ്രതിഫലം 20,000 രൂപ

ഇരുപതിനായിരം രൂപ! ഇന്ത്യയില്‍ ക്രിക്കറ്റ് നാഷനലിസത്തിന് തുടക്കമിട്ട ഗംഭീര ജയം നേടിയ ടീമിനു കിട്ടിയ പ്രതിഫലം അതായിരുന്നു. പിന്നീട് ലതാ മങ്കേഷ്‌കറുടെ ഗാനമേള നടത്തിക്കിട്ടിയ പണത്തില്‍ നിന്നാണ്, കപിലിനും സംഘത്തിനും ഓരോ ലക്ഷം രൂപ സമ്മാനം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com