രാം ഗോപാല്‍ വര്‍മ വിഡിയോ ലൈബ്രറി തുടങ്ങിയ കഥ

'ഞാന്‍ വിഡിയോ ലൈബ്രറി തുടങ്ങുന്നു, അതില്‍ നിന്നുള്ള പണം കൊണ്ട് സിനിമ പിടിക്കും'
രാം ഗോപാല്‍ വര്‍മ വിഡിയോ ലൈബ്രറി തുടങ്ങിയ കഥ

ഐഡിയാസ് ദാറ്റ് കില്‍ഡ് 30 മില്യണ്‍ പീപ്പിള്‍!
മുപ്പത് ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ ആശയങ്ങള്‍. മുപ്പതു കൊല്ലം മുമ്പ് രാം ഗോപാല്‍ വര്‍മ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണ്. നീത്‌ഷെയുടെ ചിന്തകള്‍ ഹിറ്റ്‌ലറെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നുള്ള അന്വേഷണമാണ് ലേഖനം. സംഗതി കട്ട സീരിയസ്. ലേഖനത്തിനു പിന്നിലുള്ള കഥ പക്ഷേ, അത്രയ്ക്കു സീരിയസ് അല്ല.

എഴുത്തിനോടുള്ള താത്പര്യമോ ചരിത്ര കൗതുകമോ ഗൗരവമേറിയ ചിന്തയോ ഒന്നുമല്ല വര്‍മയെ ലേഖനമെഴുതാന്‍ പ്രേരിപ്പിച്ചത്. രാമോജി റാവുവിലേക്കുള്ള ഒരു പാലം അതാണ് ലക്ഷ്യം. റാവുവിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ടൈമില്‍ വന്ന ലേഖനമൊക്കെ ചൂണ്ടിക്കാട്ടി അദ്ദേഹവുമായി ഒരു അപ്പോയിന്റ്‌മെന്റ് തരപ്പെടുത്തണം. രാമോജി റാവു സിനിമാ നിര്‍മാണത്തിലേക്ക് ഇറങ്ങിയ കാലമാണ്. വര്‍മയുടെ ലക്ഷ്യം ഒന്നേയുള്ളു, സിനിമ സംവിധാനം ചെയ്യണം. സംഗതി ഫലം കണ്ടു, അപ്പോയിന്റ്‌മെന്റ് കിട്ടി; കാര്യം പറഞ്ഞു. സംവിധാന മോഹം നടന്നില്ലെന്നു മാത്രം. സിനിമയില്‍ പറയത്തക്ക ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പ്രൊപ്പോസല്‍ റാവു തള്ളിയത് സ്വാഭാവികം.

ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റൂഡിയോയിലെ സൗണ്ട് എന്‍ജിനിയറാണ് അച്ഛന്‍. സിനിമാ മേഖലയിലൊക്കെ ഒരുപാട് ബന്ധങ്ങള്‍. പഠനമൊക്കെ കഴിഞ്ഞ്, എണ്ണൂറു രൂപ ശമ്പളത്തില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന കാലത്ത് രാമു ഒരു ദിവസം അച്ഛനോടു പറഞ്ഞു; 'എനിക്ക് സംവിധായകനാവണം.'  സ്‌കൂളിലോ കോളജിലോ പോവട്ടെ, അതുവരെയുള്ള ജീവിതത്തില്‍ത്തന്നെ ക്രിയേറ്റിവ് എന്നു പറയാന്‍ ഒന്നും ചെയ്തിട്ടില്ലാത്ത മകന്റെ ആഗ്രഹം കേട്ട് അച്ഛന്‍ ഞെട്ടിപ്പോയെന്നാണ് രാം ഗോപാല്‍ വര്‍മ പിന്നീട് ഓര്‍ത്തെടുത്തത്. അച്ഛന്‍ ഒരു നിലയ്ക്കും സഹായിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് രാമോജി റാവുവിലേക്ക് പാലം പണിയാനുള്ള ശ്രമം നടത്തിയത്. അതും പാളിയതോടെ സംവിധായക മോഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടായി.

ഗണ്‍സ് ആന്‍ഡ് തൈസ്. തോക്കുകളും തുടകളും.
രാം ഗോപാല്‍ വര്‍മ ഓര്‍മക്കുറിപ്പുകള്‍ക്ക് പേരിട്ടത് അങ്ങനെയാണ്. നായകന്റെ കൈയിലിരിക്കുന്ന തോക്ക്, നായികയുടെ തുടകള്‍.  സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചത് ഇതു രണ്ടുമാണെന്ന്, പൊളിറ്റിക്കല്‍ കറക്ട്‌നസ്സിന്റെ പാപഭാരമൊന്നുമില്ലാതെ തുറന്നു പറയുന്നുണ്ട്, വര്‍മ. കോളജിലെ അടിപിടിയും അലമ്പും കഴിഞ്ഞുള്ള നേരം തൊട്ടടുത്തുള്ള വിജയലക്ഷ്മി ടാക്കീസില്‍ ചുറ്റിത്തിരിയലായിരുന്നു, പ്രധാന പണി. കൈയില്‍ കാശുള്ളപ്പോഴൊക്കെ സിനിമയ്ക്കു കേറും, ഒരേ പടം തന്നെ പിന്നെയും പിന്നെയും കാണും. കാശില്ലാത്തപ്പോള്‍ കന്റീനില്‍ കടം പറഞ്ഞ് പറ്റിക്കൂടി നില്‍ക്കും. നിനക്കൊന്നും വേറെ പണിയില്ലേടാ എന്ന്, കാണുമ്പോഴൊക്കെ പുച്ഛച്ചിരി വിടര്‍ത്തുന്ന തിയറ്റര്‍ മാനേജരെ കാണുമ്പോള്‍ മുങ്ങി നടക്കും. ('ശിവ'യുടെ വമ്പന്‍ വിജയത്തില്‍ കാണികളുടെ പ്രതികരണം നേരിട്ടറിയാന്‍ വിജയലക്ഷ്മി ടാക്കീസില്‍ പോയതും സെലിബ്രിറ്റിയായി വന്നിറങ്ങിയ തന്നെ കണ്ട് മാനേജര്‍ അവിശ്വസനീയതയോടെ നിന്നതും അയാളെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തതും ജീവിതത്തിലെ ഏറ്റവും ത്രില്ലടിച്ച നിമിഷങ്ങള്‍ എന്നാണ് രാം ഗോപാല്‍ വര്‍മ എഴുതുന്നത് )

രാമോജി റാവു ഓപ്പറേഷന്‍ പരാജയപ്പെട്ടതോടെ ഇനി സിനിമയിലേക്ക് വഴികളൊന്നുമില്ല. എണ്ണൂറു രൂപ മാസ ശമ്പളത്തില്‍ എത്ര നാള്‍ എന്ന ചോദ്യം ഭാര്യ നിരന്തരം ചോദിക്കുന്നുണ്ട്. അങ്ങനെയാണ് ഭാര്യാപിതാവ് ഒരു നൈജീരിയന്‍ വിസ സംഘടിപ്പിക്കുന്നത്. 4000 രൂപ ശമ്പളം. എന്നു വച്ചാല്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ അഞ്ചിരട്ടി. എതിര്‍ക്കാന്‍ ന്യായമൊന്നുമില്ല, പോയേ പറ്റൂ. മനസ്സ് അതിനോട് പരുവപ്പെട്ടു. നൈജീരിയയിലെ ജോലിക്ക് ഇന്റര്‍നാഷനല്‍ െ്രെഡവിങ് ലൈസന്‍സ് വേണം. നായിഡു എന്ന സുഹൃത്തിന്റെ പരിചയക്കാരനുണ്ട്, ആര്‍ടി ഓഫിസില്‍. ഒരു ദിവസം നായിഡുവിനൊപ്പം സ്‌കൂട്ടറില്‍ അങ്ങോട്ടു തിരിച്ചു. വഴിമധ്യേ നായിഡു ഒരു പരിചയക്കാരന്റെ വീഡിയോ ലൈബ്രറിയില്‍ കയറി. അവര്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെ കസറ്റുകള്‍ വെറുതെ മറിച്ചു നോക്കിക്കൊണ്ടു നിന്ന തന്റെ തലയില്‍ പെട്ടെന്നൊരു ബള്‍ബ് തെളിഞ്ഞു എന്നാണ് വര്‍മ എഴുതുന്നത്;  എന്തുകൊണ്ട് ഒരു വിഡിയോ ലൈബ്രറി തുടങ്ങിക്കൂടാ?

ഇരുപത്തിയാറാം പേജ് നോക്ക് എന്നു പറഞ്ഞ് ഒരു ചങ്ങാതിയാണ് രാം ഗോപാല്‍ വര്‍മയ്ക്ക് ആദ്യമായി ഗോഡ്ഫാദര്‍ വായിക്കാന്‍ കൊടുക്കുന്നത്. സോണി കോര്‍ലിയോണ്‍ കൂട്ടുകാരിയുമായി സെക്‌സ് ചെയ്യുന്നതിന്റെ വിവരണമാണ് അതില്‍. വായിച്ച്, പിന്നെയും വായിച്ച് ഗോഡ്ഫാദര്‍ ഫാനായി മാറി വര്‍മ. ഓരോ രംഗവും ഹൃദിസ്ഥം. ചെയ്യുന്നതിലൊക്കെ അറിഞ്ഞോ അറിയാതെയോ അതിങ്ങനെ കയറി വരും. 'സത്യ'യില്‍ അമോദ് ശുക്ലയുടെ കൊലപാതകത്തിനു ശേഷമുള്ള വോയിസ് ഓവര്‍ നോക്കുക. ഗോഡ്ഫാദറില്‍ സൊളോസോയുടെ മരണത്തിനു ശേഷമുള്ള മരിയോ പുസോയുടെ വിവരണം തന്നെയാണത്. പല സിനിമയിലുമുണ്ട് ഇത്തരം റഫറന്‍സ്. ഒടുവില്‍ 'സര്‍ക്കാറി'ലൂടെ ഗോഡ്ഫാദറിനെ മൊത്തമായും ഇന്ത്യനൈസ് ചെയ്യുന്നതില്‍ വരെയെത്തി. 'സര്‍ക്കാര്‍' സാധ്യമാക്കിയത് സെക്‌സ് ആണ് -അതെ, ഇരുപത്തിയാറാം പേജിലെ സെക്‌സ് - എന്നു സൂപ്പര്‍ലേറ്റിവില്‍ പറയും വര്‍മ. ആര്‍ടി ഓഫിസിലേക്കുള്ള വഴിമധ്യേ കസെറ്റ് ലൈബ്രറിയില്‍ കയറാന്‍ നായിഡുവിന് തോന്നിയ ആ നിമിഷത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ വിവരിക്കുന്നതും അതേ സൂപ്പര്‍ലേറ്റിവില്‍ തന്നെ.

തന്റെ പിന്നീടുള്ള ജീവിതത്തെ നിര്‍ണയിച്ചതില്‍ ആ നിമിഷത്തിന് വലിയ പങ്കുണ്ടെന്നാണ് രാം ഗോപാല്‍ വര്‍മയുടെ പക്ഷം. അതിനു മുമ്പ് ചിന്തയുടെ കാഴ്ചവട്ടങ്ങളില്‍ എവിടെയുമില്ല, വിഡിയോ ലൈബ്രറി എന്ന ആശയം. കടയില്‍ വച്ചു തന്നെ മനസ്സ് ഉറപ്പിച്ചു കഴിഞ്ഞു; വൈകിട്ട് വീട്ടിലെത്തി അച്ഛന്റെ സ്‌കൂട്ടറെടുത്ത് ഒന്നു കറങ്ങി. നഗരത്തിലെ ആറോ ഏഴോ വീഡിയോ ലൈബ്രറികള്‍ കണ്ടു. തിരിച്ചു വീട്ടിലെത്തി തീരുമാനം ഔദ്യോഗികമാക്കി; നൈജീരിയ കാന്‍സല്‍ഡ്. 'ഞാന്‍ വിഡിയോ ലൈബ്രറി തുടങ്ങുന്നു, അതില്‍ നിന്നുള്ള പണം കൊണ്ട് സിനിമ പിടിക്കും'

അച്ഛന്റെ നിരാശ, ഭാര്യയുടെ നിലവിളി ആദിയായ രംഗങ്ങള്‍ പിന്നാലെ വന്നെങ്കിലും വര്‍മയുടെ ശ്രദ്ധ മറ്റു ചിലതിലായിരുന്നു. ബിസിനസിന് മൂലധനം കണ്ടെത്തണം. ആയിരവും രണ്ടായിരവുമൊക്കെയായി കടം വാങ്ങി കുറച്ചു പൈസയുണ്ടാക്കി. കുറേ സെക്കന്‍ഡ് ഹാന്‍ഡ് കസെറ്റുകള്‍ വാങ്ങി, പലതും ഓടാത്തത്. ഷോപ്പ് ആണ് അടുത്ത പ്രശ്‌നം. അമ്മാവന് ഒരു കടമുറിയുണ്ട്; റിട്ടയര്‍മെന്റിനു ശേഷം അച്ഛന്‍ ജ്യൂസ് പാര്‍ലര്‍ തുടങ്ങാന്‍ നോക്കി വച്ചത്. അത് തരുമോന്ന് അച്ഛനോട് ചോദിച്ചു. മറുപടി ദീര്‍ഘമായ മൗനം. പിറ്റേന്ന് അമ്മാവന്‍ വിശദീകരിച്ചപ്പോഴാണ് ആ മൗനത്തിലെ സങ്കടം പിടികിട്ടിയത്. ഒരു ഗുണവുമില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നവന്‍, ഇപ്പോഴിതാ വയസുകാലത്തെ എന്റെ ജീവിത മാര്‍ഗവും മുടക്കുന്നു  അങ്ങനെയാണത്രേ അച്ഛന്‍ അമ്മാവനോട് പറഞ്ഞത്. ഇതു കേട്ടപ്പോള്‍ ഉള്ളിലൊരു കലക്കമുണ്ടായെന്നും കടമുറിയും വേണ്ട, വീഡിയോ ലൈബ്രറിയും വേണ്ട എന്നു പറഞ്ഞ് ഇറങ്ങി നടന്നെന്നും, എന്നാല്‍ നടപ്പ് കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും സ്വന്തം തീരുമാനത്തിലേക്കു തന്നെ തിരിച്ചെത്തിയെന്നുമാണ് രാം ഗോപാല്‍ വര്‍മ എഴുതുന്നത്. 'എനിക്ക് വിശ്വാസമുള്ള ഒരു കാര്യം അച്ഛന്റെ സങ്കടം കണ്ടു കൊണ്ടു മാത്രം എന്തിന് വേണ്ടെന്നു വയ്ക്കണം?' സിനിമയില്‍ ബ്രേക്ക് തേടി നടന്ന കാലത്ത് കട്ടയ്ക്ക് കൂടെ നിന്ന കീരവാണിയെ, ഇളയ രാജയെ സംഗീത സംവിധായകനായി കിട്ടിയപ്പോള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞപ്പോഴും പിന്നീട് എആര്‍ റഹ്മാന് വേണ്ടി ഇസ്മയില്‍ ദര്‍ബാറിനോട് അതു തന്നെ ചെയ്തപ്പോഴും വര്‍മയെ നയിച്ചത് ഇതേ തിയറി തന്നെ. ഇതിന്റെയെല്ലാം കുറ്റബോധമില്ലാത്ത വിവരണങ്ങളുണ്ട്, ഗണ്‍സ് ആന്‍ഡ് തൈസില്‍.

എന്തായാലും രാമുവിന്റെ കസെറ്റ് കട വമ്പന്‍ ഹിറ്റായി. കസ്റ്റമേഴ്‌സിനോടുള്ള കടയുടമയുടെ കഥ പറച്ചില്‍ അതിലും ഹിറ്റായി. രാമുവിന്റെ വിവരണം കേട്ട് കസെറ്റ് കൊണ്ടുപോയവര്‍, സിനിമയേക്കാള്‍ നല്ലത് നിങ്ങളുടെ കഥ പറച്ചിലാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി. അതില്‍ ഒരാളായ, അക്കിനേനി കുടുംബത്തിലെ സുരേന്ദ്ര വഴി രാമു സിനിമയിലേക്കു പാലമിട്ടു. പിന്നീടുള്ളത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലുണ്ട്.

ആര്‍ടി ഓഫിസിലേക്കു പോകും വഴി സുഹൃത്തിനെ ഒന്നു കണ്ടേക്കാം എന്ന് നായിഡു തീരുമാനിച്ച ആ നിമിഷം. രാം ഗോപാല്‍ വര്‍മയുടെ ജീവിതരേഖയില്‍ അത് ധ്രുവ നക്ഷത്രം പോലെ തെളിഞ്ഞു നില്‍ക്കുന്നുണ്ടാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com