'ഇതാ, ഇന്ത്യന്‍ പൗരനായ ഞാന്‍ അവളെ വിവാഹം കഴിക്കുന്നു'

അഭിനയിച്ചു ഫലിപ്പിക്കാനാവാത്ത വേഷത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നടനെന്ന് ഷായ്ക്കു സ്വയം തോന്നി
ഓര്‍മക്കുറിപ്പുകളില്‍ പര്‍വീണിനെക്കുറിച്ചുള്ള ഭാഗത്തിന് ഷാ നല്‍കിയ തലക്കെട്ട് അതാണ്
ഓര്‍മക്കുറിപ്പുകളില്‍ പര്‍വീണിനെക്കുറിച്ചുള്ള ഭാഗത്തിന് ഷാ നല്‍കിയ തലക്കെട്ട് അതാണ്

ന്നവള്‍ക്ക് മുപ്പത്തിനാലു വയസ്സായിരുന്നു പ്രായം, എനിക്ക് പത്തൊന്‍പതും. നസീറുദ്ദീന്‍ ഷാ പര്‍വീണിനെപ്പറ്റി എഴുതിത്തുടങ്ങുന്നത് ഇങ്ങനെയാണ്.

അലിഗഢിലെ പഠന കാലം. മസൂറിയിലും പിന്നെ അജ്‌മേറിലുമായി പൂര്‍ത്തിയാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അലിഗഢില്‍ എത്തിയതാണ് ഷാ; പിതാവിന്റെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രം. നാടകവും സ്‌റ്റേജും മാത്രമാണ് ഉള്ളില്‍. വേറെ ഒന്നിലുമില്ല താത്പര്യവും പ്രാവീണ്യവും. സ്‌കൂള്‍ റെക്കോഡില്‍ അത് തെളിഞ്ഞുതന്നെയുണ്ട്. അജ്‌മേറിലെ പഠനത്തിനിടെ, ബോംബെയ്ക്ക് വണ്ടി കയറിയതാണ് ഒരിക്കല്‍ - സിനിമയില്‍ അഭിനയിക്കാന്‍. കുറേ നാള്‍ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തി. അതും പിതാവിന്റെ വിപുലമായ ബന്ധങ്ങള്‍ കൊണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ റവന്യു ഉദ്യോഗസ്ഥനായിരുന്നു നസീറുദ്ദീന്‍ ഷായുടെ പിതാവ്. ബ്രിട്ടിഷുകാര്‍ക്ക് കീഴില്‍ ജോലി ചെയ്തയാള്‍. അതിന്റെ മട്ടുകള്‍ അവസാനം വരെ കൊണ്ടുനടന്നയാള്‍. പരുക്കന്‍. കലയ്ക്കും സാഹിത്യത്തിനുമൊന്നും കാര്യമായ സ്ഥാനമൊന്നുമില്ല, വിട്ടില്‍. നാടകം, അഭിനയം, സിനിമ; അവരുടെ ഏറ്റവും ചീത്ത സ്വപ്നങ്ങളില്‍ പോലുമില്ല, ഇതൊന്നും. സ്‌കൂളില്‍ നാടകങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിലും അതുമായി എങ്ങനെ മുന്നോട്ടുപോവുമെന്ന് ഒരു വ്യക്തതയുമില്ല. പര്‍വീണിനെ കണ്ടുമുട്ടുമ്പോള്‍ അതായിരുന്നു നസീറുദ്ദീന്‍ ഷാ.

ഇതാണ് നിന്റെ വഴിയെന്ന് നസീറുദ്ദീന്‍ ഷായോട് ആദ്യം പറയുന്നത് പര്‍വീണ്‍ ആണ്. ഓരോരുത്തരുടെയും ജീവിതത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി വഴി തിരിച്ചു വിടുന്ന ആ ഒരാളില്ലേ, നസീറുദ്ദീന്‍ ഷായുടെ ജീവിതത്തില്‍ അതായിരുന്നു പര്‍വീണ്‍ എന്ന പാകിസ്ഥാന്‍കാരി. അവരില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ജീവിതം ഇങ്ങനെയൊന്നും ആവില്ലായിരുന്നിരിക്കാം എന്ന് 'ആന്‍ഡ് ദെന്‍ വണ്‍ ഡേ: എ മെമ്മോയിറി'ല്‍ ഷാ. (ഷാ അത്രയൊക്കെയേ പറയൂ;  വൈകാരികത ഒരു ഘട്ടത്തിലും മുന്നിലേക്ക് വരാതെ, അതിഭാവുകത്വമോ നാടകീയതയോ ഇല്ലാതെ, തന്നെത്തന്നെ വേറൊരാളെയെന്നപോലെ നോക്കിയാണ് അയാള്‍ ജീവിതം പറയുന്നത് )

യുജിയും മാസ്റ്റര്‍ ഡിഗ്രിയും കഴിഞ്ഞ് എംബിബിഎസിന്റെ അവസാന വര്‍ഷത്തിലായിരുന്നു പര്‍വീണ്‍. പഠനത്തോടുള്ള അഭിനിവേശത്തിന് അപ്പുറം ഇന്ത്യയില്‍ തുടരുന്നതിനുള്ള കാരണം; അതായിരുന്നു പര്‍വീണിന് അലിഗഢില്‍ പൂര്‍ത്തിയാക്കിയ ഓരോ കോഴ്‌സും. പതിനഞ്ചാം വയസ്സു വരെ പിതാവിനൊപ്പം കറാച്ചിയിലായിരുന്നു. അരുതുകളും വിലക്കുകളും നിറഞ്ഞ ആ ജീവിതത്തില്‍ നിന്ന് കുതറി മാറി യുപിയില്‍ അമ്മയുടെ അടുത്ത് എത്തിയതാണ്. സ്റ്റുഡന്റ് വിസയിലാണ് താമസം. അത് നീട്ടിനീട്ടിയെടുക്കാനുള്ള വഴിയായിരുന്നു, നീണ്ടുപോയ പഠനം.

കാംപസില്‍ ചിരപരിചിതയായിരുന്നു പര്‍വീണ്‍. ഷായുടെ വാക്കില്‍ പറഞ്ഞാല്‍, അപാര സൗന്ദര്യമൊന്നുമില്ല; പക്ഷേ ആകര്‍ഷകം. ആരോടും അടുപ്പം കൂടുന്ന പ്രകൃതം. കാംപസ് തിയറ്ററിന്റെ ഏതോ ഒരു റിഹേഴ്‌സല്‍ കാംപസില്‍ വച്ച് പരിചയപ്പെട്ട അവര്‍ പെട്ടെന്ന് തന്നെ അടുത്തു. അടുപ്പമുള്ള ആരുമില്ലാതെ, അല്ലെങ്കില്‍ അടുപ്പമുള്ള ആരാലും താലോലിക്കപ്പെടാതെ നിന്ന ഷായുടെ അ ഭിനയ മോഹങ്ങളെ പര്‍വീണ്‍ തൊട്ടറിഞ്ഞു. സ്‌കൂള്‍ ഒഫ് ഡ്രാമ എന്ന് ഷാ ആദ്യം കേള്‍ക്കുന്നത് പര്‍വീണില്‍ നിന്നാണ്. നാടകം പഠിക്കാന്‍ ഒരു സ്‌കൂള്‍! തന്റെ കാതുകള്‍ക്ക് അത് സംഗീതം പോലെ തോന്നിയെന്ന് ഷാ.

ബന്ധങ്ങളൊക്കെ അതിവേഗം ചര്‍ച്ചയാവുന്ന കാലം. റിഹേഴ്‌സല്‍ കാംപിലും പാര്‍ക്കിലും തിയറ്ററിലും കൈകോര്‍ത്ത് പിടിച്ചു നടക്കുന്ന ജോടികള്‍ കാംപസിന്റെ വര്‍ത്തമാനത്തില്‍ നിറഞ്ഞു. കഥകള്‍ പലവഴിക്കു വളര്‍ന്നു. ഇതൊന്നും പക്ഷേ ഷായെയും പര്‍വീണിനേയും ബാധിച്ചതേയില്ല. 'എന്നില്‍ സന്തോഷം കണ്ടെത്തുന്ന ഒരാള്‍, എനിക്കു സന്തോഷിക്കാനാവുന്ന ഒരാള്‍; മറ്റൊന്നും അവിടെ കടന്നുവന്നേയില്ല'

ഒരു ദിവസം രാവിലെ പര്‍വീണിന്റെ വീട്ടിലെത്തുമ്പോള്‍ രണ്ട് അപരിചിതര്‍. അമ്മയേയും മകളേയും മാറ്റി നിര്‍ത്തി എന്തൊക്കെയോ ഗൗരവത്തില്‍ സംസാരിക്കുന്നു. അവര്‍ മടങ്ങിക്കഴിഞ്ഞ ശേഷവും അന്തരീക്ഷത്തിന് ആ ഗൗരവഭാവം തന്നെ. കുറെക്കഴിഞ്ഞപ്പോള്‍ മനസ്സിലായി. രഹസ്യപ്പൊലീസുകാരാണ്. പര്‍വീണിന്റെ വിസാ കാലാവധി കഴിയാറായിരിക്കുന്നു. ഇനിയും നീട്ടാന്‍ വകുപ്പൊന്നുമില്ല. ബംഗ്ലാദേശ് യുദ്ധത്തിനു മുമ്പായി ഇന്ത്യാ പാക് ബന്ധം ഞെരിഞ്ഞു തുടങ്ങിയ കാലം. ഒരു പാകിസ്ഥാന്‍കാരി ഇന്ത്യയില്‍ തുടരാന്‍ ഇന്ത്യയ്ക്കു താത്പര്യമില്ല. പൗരത്വ അപക്ഷകളൊന്നും പരിഗണിക്കുന്നില്ല; അല്ലെങ്കില്‍ അതിന് വ്യക്തമായ കാരണം വേണം - വിവാഹം പോലൊന്ന്.

വിവാഹം? അതിന് ഞാനുണ്ടല്ലോ; അല്ലെങ്കില്‍ത്തന്നെ ഞാന്‍ പര്‍വീണിനെ വിവാഹം ചെയ്യാനിരിക്കുകയാണ്! പിന്നീട് എല്ലാം പെട്ടെന്നായിരുന്നു, രഹസ്യാത്മകവും. നസീറുദ്ദീന്‍ ഷാ പര്‍വീണിനെ വിവാഹം കഴിച്ചു; വീട്ടുകാര്‍ പോലും അറിയാതെ.

****

'അതൊരു പെണ്‍കുഞ്ഞാണ്'
ആശുപത്രി വരാന്തയില്‍ നിന്ന് പര്‍വീണിന്റെ അമ്മ പറഞ്ഞു. കുഞ്ഞുങ്ങളെത്തന്നെ ഇഷ്ടമല്ല, അപ്പോഴാണ് പെണ്‍കുഞ്ഞ്.  സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാ; ഇരുപത്തിയൊന്നുകാരന്‍. അപക്വമതിയായ ഭര്‍ത്താവ്, ഇപ്പോള്‍ പിതാവും.

തന്നെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന, സ്വന്തം കാര്യങ്ങളില്‍ മാത്രം താത്പര്യമുണ്ടായിരുന്നയാളാണ് താനെന്ന്, സ്വയം വിലയിരുത്തിക്കൊണ്ടു പറയും നസീറുദ്ദീന്‍ ഷാ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഷാ സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ എത്തി. ഏതാണ്ട് അക്കാലത്തു തന്നെയാണ് പര്‍വീണ്‍ ഗര്‍ഭിണിയായതും. സ്‌കൂള്‍ ഒഫ് ഡ്രാമയിലെ പുതിയ ലോകം ആസ്വദിച്ചു തുടങ്ങിയ ഷാ, അമ്മയാകാന്‍ ഒരുങ്ങുകയായിരുന്ന പര്‍വീണിന് ഒരു ശ്രദ്ധയും കൊടുത്തില്ല. ശാരീരികവും മാനസികവുമായി അവള്‍ക്കുണ്ടായ മാറ്റങ്ങളെ പരിഗണിച്ചേയില്ല. അപ്പോഴേക്കും സ്‌കൂള്‍ ഒഫ് ഡ്രാമയിലെ, സുന്ദരിയെന്ന് തോന്നിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായി അടുപ്പം കൂടിത്തുടങ്ങിയിരുന്നു താനെന്ന് , അപാരമായ സത്യസന്ധതയോടെ തുറന്നു പറയും ഷാ. വാക്കുകളില്‍ കുറ്റബോധത്തിന്റെ നീറലുണ്ടെന്നും, എന്നിട്ടും പക്ഷേ പശ്ചാത്താപത്തിന്റെ ഭാരമില്ലെന്നും നമുക്കു തോന്നും.

ഹീബ ജനിച്ചതോടെ, അതായിരുന്നു പര്‍വീണ്‍ കുഞ്ഞിനു നല്‍കിയ പേര്, അകല്‍ച്ച ഏതാണ്ട് മുഴുവനായി. പര്‍വീണിന്റെ ലോകം അവളായി മാറി. അതില്‍ പങ്കാളിയാവുകയെന്ന കടമ ഷാ നിറവേറ്റിയേ ഇല്ല. ഫീഡിങ് ബോട്ടിലുകള്‍, ഡയപ്പര്‍, കുഞ്ഞുതുണികള്‍... വീട്ടില്‍ ചിതറിത്തെറിച്ചു കിടന്നെങ്കിലും ഷായുടെ ലോകത്തേക്ക് ഇതൊന്നും കടന്നുചെന്നില്ല. അഭിനയത്തോടുള്ള സ്വന്തം ഭ്രമത്തെ പിന്തുണച്ചു കൂടെ നില്‍ക്കുന്നത് പര്‍വീണിന്റെ പ്രഥമ പരിഗണനയല്ലാതായി മാറിയതു കണ്ട്, വല്ലാത്ത സ്വാര്‍ഥതയോടെ ഷാ വേദനിച്ചു. തന്നെ മാറ്റിനിര്‍ത്തി അവള്‍ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍, ലോകത്ത് പുരുഷന്‍മാര്‍ക്കു മാത്രം സാധ്യമാവുന്ന വിധം അസൂയപ്പെട്ടു. അഭിനയിച്ചു ഫലിപ്പിക്കാനാവാത്ത വേഷത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നടനെന്ന് ഷായ്ക്കു സ്വയം തോന്നി. അലിഗഢിലേക്കുള്ള വരവ് ആഴ്ചയില്‍ എന്നത് മാസത്തിലായി, പിന്നെ ഇടയ്‌ക്കെല്ലാം എന്നായി; ആ ഇടവേള കൂടിക്കൂടി വന്നു. എപ്പോഴെങ്കിലുമൊരിക്കല്‍ വീട്ടില്‍ വന്നു കയറുന്ന ഷായെ ഹീബ അപരിചിതത്വത്തോടെ നോക്കി; ഷാ തിരിച്ചും. ആ അപരിചിതത്വം പര്‍വീണുമായുള്ള ബന്ധത്തിലേക്കും പടര്‍ന്നു കയറി. ഡല്‍ഹിയില്‍ നിന്ന് ഷാ അയയ്ക്കുന്ന കത്തുകള്‍ക്ക് പര്‍വീണ്‍ അയയ്ക്കുന്ന മറുപടികളുടെ നീളം കുറഞ്ഞുകുറഞ്ഞു വന്നു; പിന്നെയെപ്പോഴോ അതു നിലച്ചു.

'മുടിയിഴകളില്‍ വെയിലുള്ള പെണ്ണ്' - ഓര്‍മക്കുറിപ്പുകളില്‍ പര്‍വീണിനെക്കുറിച്ചുള്ള ഭാഗത്തിന് ഷാ നല്‍കിയ തലക്കെട്ട് അതാണ്. പിന്നീടും ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളെക്കുറിച്ച് ഷാ എഴുതുന്നുണ്ട്. എങ്കിലും നസീറുദ്ദീന്‍ ഷായുടെ എഴുത്തില്‍ അത്രത്തോളം കാല്‍പ്പനികമായ മറ്റൊരു വരി വേറെയില്ല തന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com