ചാവല്‍വാലി, ദാരുവാലി, പിന്നെ...

മസ്താനും കരിംലാലയും ദാവൂദും പെഡ്ഡര്‍ റോഡിലെ മസ്താന്റെ വീട്ടില്‍ ഒത്തുകൂടി സത്യം ചെയ്തു, പരസ്പരം ഏറ്റുമുട്ടില്ലെന്ന്. ഒരു പക്ഷേ ജനാബായിക്കു മാത്രം സാധ്യമാക്കാനാവുന്ന പ്രതിജ്ഞ
ഡോന്‍ഗ്രിയുടെ പൊലീസ് സ്‌റ്റേഷനും കോടതിയുമൊക്കെയായിരുന്നു ജനാബായിയുടെ വീട്
ഡോന്‍ഗ്രിയുടെ പൊലീസ് സ്‌റ്റേഷനും കോടതിയുമൊക്കെയായിരുന്നു ജനാബായിയുടെ വീട്

'ചാരായം വില്‍ക്കാമോ?'
ആ ചോദ്യം ജനാബായിയെ ഞെട്ടിക്കുക തന്നെ ചെയ്തു. നിയമ വിരുദ്ധമായ കാര്യം ചെയ്യുന്നതിലുള്ള മടിയല്ല, ഇപ്പോള്‍ ചെയ്യുന്നതും അതൊക്കെത്തന്നെ. പക്ഷേ ഇത് തന്റെ വിശ്വാസത്തിന് എതിരാണ്.

'ചാരായം കൂടിക്കാനല്ലല്ലോ, വില്‍ക്കാനല്ലേ പറഞ്ഞത്. കച്ചവടം ചെയ്യുന്നതിന് മതത്തില്‍ വിലക്കൊന്നുമില്ലല്ലോ?' ചോദിച്ചയാള്‍ക്ക് കൃത്യമായ വിശദീകരണമുണ്ട്.

വരദരാജന്‍ മുനിസ്വാമി മുതലിയാര്‍. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്നെത്തി ബോംബെ അധോലോകത്തിന്റെ നല്ലൊരു പങ്കും വെട്ടിപ്പിടിച്ചയാള്‍. ഹിന്ദുവാണെങ്കിലും വിടിയിലെ ബിസ്മില്ല ഷാ ബാബ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്ന പതിവുണ്ട് മുതലിയാര്‍ക്ക്. അങ്ങനെയൊരു ദിവസമാണ് ജനാബായി മുതലിയാരെ കണ്ടത്. സഹായ മനസ്ഥിതി ഉള്ളയാളാണെന്നും പാവങ്ങളോട് അലിവുണ്ടെന്നുമൊക്കെ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. ആ ധൈര്യത്തിലാണ് നേരെ ചെന്നു മുട്ടിയത്.

'ചെറിയൊരു ജോലി തന്ന് സഹായിക്കണം' -അത്രേയുള്ളു ജനാബായിയുടെ ആവശ്യം. അതിനായി കഷ്ടപ്പാടും ദുരിതവും ഇപ്പോള്‍ ചെയ്യുന്ന പണികളെക്കുറിച്ചുമെല്ലാം പറഞ്ഞു. ആ വാക് സാമര്‍ഥ്യത്തില്‍ മുതലിയാരുടെ മനസ്സുടക്കി. ഇവള്‍ കൊള്ളാം. വരദരാജന്‍ മുതലിയാര്‍ വ്യാജമദ്യ സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ഒരുങ്ങുന്ന കാലമായിരുന്നു അത്.

ദാരുവാലി

1939ല്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചതാണ്, ബോംബെയില്‍. ആദ്യമെല്ലാം അത് കര്‍ശനമായി നടപ്പാക്കാന്‍ പ്രത്യേക സേനയുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധം കനത്തതോടെ പൊലീസിനെയെല്ലാം പുനര്‍വിന്യസിച്ചു, അതോടെ 'മദ്യവിരുദ്ധസേന' ഇല്ലാതായി. നിരോധനം കടലാസിലൊതുങ്ങി. പിന്നീട് 1950ല്‍ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി രണ്ടാമത്തെ മദ്യനിരോധന പ്രഖ്യാപനം നടത്തി, നടപടികള്‍ കടുപ്പിച്ചു. മദ്യത്തിനു വിലക്കുള്ള ഏതു നാട്ടിലും എന്ന പോലെ ബോംബെയിലും വാറ്റുന്നവരുടെയും വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും പാരലല്‍ ലോകം വളര്‍ന്നു. ആദ്യമെല്ലാം വീട്ടില്‍ വാറ്റി വില്‍ക്കുന്ന ചെറുകിടക്കാര്‍ പ്രധാനമായും ആംഗ്ലോ ഇന്ത്യന്‍ സ്ത്രീകള്‍ ആയിരുന്നു ഫീല്‍ഡില്‍. അവരുടെ വളര്‍ച്ച കണ്ടാണ് അധോലോക സംഘങ്ങള്‍ അതിന്റെ സാധ്യതകളിലേക്ക് കണ്ണു വയ്ക്കുന്നത്. ആന്റോപ് ഹില്ലില്‍ വാറ്റുചാരായമുണ്ടാക്കാന്‍ വലിയ സംവിധാനം തന്നെ ഒരുക്കിയിരുന്നു, മുതലിയാര്‍.

'എനിക്കെന്ത് കിട്ടും?' അപ്പോഴും പാതി മനസ്സിലായിരുന്ന ജനാബായി ചോദിച്ചു. 'വില്‍ക്കുന്നതില്‍ പകുതി. കൂടുതല്‍ വിറ്റാല്‍ കൂടുതല്‍ പണം. ചിലപ്പോള്‍ ആയിരങ്ങള്‍, ചിലപ്പോള്‍ പതിനായിരങ്ങള്‍, ഇനിയും ചിലപ്പോള്‍ ലക്ഷങ്ങള്‍ ' അതോടെ ജനബായി വീണു. 

ബിസ്മില്ലാ ഷാ ബാബ ദര്‍ഗയ്ക്കു മുന്നില്‍ വച്ചുള്ള ആ ഡീലോടെ ജനാബായി ചാവല്‍വാലി ജനാബായി ദാരുവാലിയായി. വരദരാജന്‍ മുതലിയാരുടെ, കോടികളിലേക്കു വളര്‍ന്ന വ്യാജമദ്യ സാമ്രാജ്യത്തിന്റെ മുഖ്യ നടത്തിപ്പുകാരിയായ അവര്‍, അധോലോക ബോംബെയുടെ ശേഷഭാഗം അടക്കിവാണ ഹാജി മസ്താനുമായും കരിം ലാലയുമായും അസാധാരണമാം വിധം അടുപ്പമുണ്ടാക്കി. ഇവരിലും ഇവര്‍ക്കു പിന്നാലെ വന്ന ദാവൂദ് ഇബ്രാഹിമിലും വലിയ സ്വാധീന ശക്തിയായി ജനാബായി മാറി. 'ഗോഡ് മദര്‍'; 'മാഫിയ ക്യൂന്‍സ് ഒഫ് മുംബൈ'യില്‍ അങ്ങനെയാണ് ഹുസൈന്‍ സെയ്ദി ജനാബായിയെ വിശേഷിപ്പിക്കുന്നത്.

തെരുവിലെ സമരക്കാറ്റ്

ഡോന്‍ഗ്രി.
ക്രഫോഡ് മാര്‍ക്കറ്റ് മുതല്‍ കാമാത്തിപുര വരെ നീളുന്ന ഇടുങ്ങിയ ഗലികളുടെ കൂട്ടം. ജെജെ ഫ്‌ളൈ ഓവര്‍ കൂടി വന്നതോടെ അത് അക്ഷരാര്‍ഥത്തില്‍ അധോലോകം തന്നെയായി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുംബൈയെ ചോരയില്‍ മുക്കിയ ഗാങ്‌വാറുകളുടെ കേന്ദ്രം. സിസിലിയന്‍ മാഫിയയ്ക്ക് എന്താണോ പലേര്‍മോ അതു തന്നെയാണ് മുംബൈയ്ക്ക് ഡോന്‍ഗ്രി എന്നെഴുതുന്നുണ്ട് ഹുസൈന്‍ സെയ്ദി. മുംബൈ മാഫിയയുടെ ആറു പതിറ്റാണ്ടിന്റൈ ചരിത്രം വിവരിച്ച് സെയ്ദി എഴുതിയ പുസ്തകത്തിന്റെ പേരില്‍ അതുണ്ട്, ഡോന്‍ഗ്രി ടു ദുബായ്.

ജനാബായി ജനിച്ചു വളര്‍ന്ന ഡോന്‍ഗ്രി പക്ഷേ, അങ്ങനെയേ അല്ലായിരുന്നു. ബോംബെയില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാറ്റ് കനത്തു വീശിയ പ്രദേശങ്ങളിലൊന്നായിരുന്നു അത്. ജാതി മതദേദമെന്യേ, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ സമര രംഗത്തിറങ്ങിയ നാട്. സുബൈദ എന്ന ജനാബായി അവരില്‍ ഒരാളായിരുന്നു. പാഠപുസ്തകവുമായി സ്‌കൂളിലേക്കു പോവാതെ, മുദ്രാവാക്യം വിളിച്ച് തെരുവിലേക്ക് ഇറങ്ങിയവരില്‍ ഒരാള്‍.

പതിനാലാം വയസ്സിലെ വിവാഹത്തിനു ശേഷവും പൊതു രംഗത്ത് സജീവമായിരുന്നു ജനബായി. തടിക്കച്ചവടമായിരുന്നു മുഹമ്മദ് ഷാ ദര്‍വേഷിന്. പല കാര്യങ്ങളിലും കലഹം പതിവ്, പ്രത്യേകിച്ചും ഹിന്ദു മുസ്ലിം തര്‍ക്കങ്ങളില്‍ ജനാബായി ഹിന്ദുക്കളുടെ പക്ഷത്തുനിന്നപ്പോള്‍. എങ്കിലും പക്ഷേ അഞ്ചു മക്കളുമൊത്ത് ജീവിതം മുന്നോട്ടു തന്നെ പോയി. വിഭജനമാണ് എല്ലാം മാറ്റിമറിച്ചത്. മുസ്ലിംകളുടെ സ്വപ്ന ഭൂമിയായ പാകിസ്ഥാനിലേക്ക് പോവണമെന്ന് ദര്‍വേഷ് നിര്‍ബന്ധം പിടിച്ചു, ഹിന്ദുക്കള്‍ക്കിടയില്‍ ഇനിയും കഴിയാനില്ലെന്ന് അയാള്‍ ഉറപ്പിച്ചു. ജനാബായി തയാറല്ലായിരുന്നു. താന്‍ കൂടി സമരം ചെയ്തു നേടിയെടുത്തതാണ് ഈ നാടിന്റെ സ്വാതന്ത്ര്യം. ഇവിടം വിട്ട് എങ്ങോട്ടുമില്ല. അങ്ങനെ അവര്‍ പിരിഞ്ഞു. ദര്‍വേഷ് പാകിസ്ഥാനിലേക്കു പോയപ്പോള്‍, ജീവനോപാധിയായി ഒന്നുമില്ലാതെ അഞ്ചു മക്കളും അമ്മയും ഡോന്‍ഗ്രിയില്‍ ബാക്കിയായി. ജനാബായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ലോകത്തേക്ക് കടക്കുന്നത് അങ്ങനെയാണ്.

ചാവല്‍വാലി

ഫലഭൂയിഷ്ടമായ പടിഞ്ഞാറന്‍ പഞ്ചാബ് പാകിസ്ഥാന്റെ ഭാഗമായതോടെ ഭക്ഷ്യധാന്യ ക്ഷാമം രൂക്ഷമായി, രാജ്യത്ത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബോംബെയില്‍ അതു വലുതായിത്തന്നെ പ്രതിഫലിച്ചു. ഭക്ഷ്യധാന്യങ്ങള്‍ നിയന്ത്രിത അളവില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ റേഷനിങ് ഏര്‍പ്പെടുത്തി, കച്ചവടക്കാര്‍ക്ക് ലൈസന്‍സും. നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ സ്വാഭാവികമായും കരിഞ്ചന്ത സജീവമായി. ഡോന്‍ഗ്രിയോട് ചേര്‍ന്ന ദാന ബസാര്‍ ആയിരുന്നു അന്ന് നഗരത്തിലെ പ്രധാന അരി വിപണി. അവിടത്തെ ഗുജറാത്തി കച്ചവടക്കാരില്‍ നിന്ന് അരിയെടുത്ത് ജനാബായി കരിഞ്ചന്തയില്‍ വില്‍പ്പന തുടങ്ങി. ജനാബായി അങ്ങനെ ചാവല്‍വാലിയായി. പൊലീസുകാരെയും അവരുടെ രീതികളെയും ജനാബായി അടുത്തറിയുന്നത് ഇക്കാലത്താണ്. ദാരുവാലിയായി മാറിയ കാലത്ത് അത് ചെറുതല്ലാത്ത ഗുണം ചെയ്തു.

ഗോഡ്മദര്‍

ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ പരിഭ്രാന്തനായി ദാവൂദ് ജനാബായിയുടെ വീട്ടിലേക്ക് ഓടിക്കയറി വന്ന സംഭവം വിവരിക്കുന്നുണ്ട്, ഹുസൈന്‍ സെയ്ദി. രക്ത രൂക്ഷിതമായ ഒരു ഏറ്റുമുട്ടലിന് ശേഷമുള്ള വരവാണ്; 'മാസി, എന്തെങ്കിലും ചെയ്യണം'. ഒരു വശത്ത് എതിരാളികള്‍, ഒരു വശത്ത് പൊലീസ്, അതിനുമെല്ലാം അപ്പുറം ബോംബെ പൊലീസില്‍ കോണ്‍സ്റ്റബിളായ പിതാവ് ഇബ്രാഹിം കസ്‌കര്‍. എന്തെങ്കിലും ചെയ്യണമെന്നു വച്ചാല്‍ ഇവരില്‍ നിന്നൊക്കെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നര്‍ഥം. ജനാബായിക്ക് അതിനാവുമെന്ന് ദാവൂദിനറിയാം. ഈ വിഷമസന്ധിയില്‍ നിന്നു കരകയറ്റിയതിന് പകരമായാണ് പത്താന്‍മാരുമായുള്ള വെടിനിര്‍ത്തലിന് ദാവൂദ് ജനാബായിയോട് സമ്മതിക്കുന്നത്. അത്യപൂര്‍വമായ ഒരു സന്ധിയായിരുന്നു അത്, മസ്താനും കരിംലാലയും ദാവൂദും പെഡ്ഡര്‍ റോഡിലെ മസ്താന്റെ വീട്ടില്‍ ഒത്തുകൂടി സത്യം ചെയ്തു, പരസ്പരം ഏറ്റുമുട്ടില്ലെന്ന്. ഒരു പക്ഷേ ജനാബായിക്കു മാത്രം സാധ്യമാക്കാനാവുന്ന പ്രതിജ്ഞ.

പേപിടിച്ച നഗരത്തില്‍ ഒരാറ്റയാള്‍ സേന

ചുനാവാലാ ബില്‍ഡിങ്ങിലെ ജനാബായിയുടെ ആ പഴയ വീട് ഡോന്‍ഗ്രിയുടെ പൊലീസ് സ്‌റ്റേഷനും കോടതിയുമൊക്കെയായിരുന്ന കാലം ഓര്‍ത്തെടുക്കുന്നുണ്ട് മകള്‍ ഖദീജ. കുടുംബ വഴക്കിനു മുതല്‍ മാഫിയാ സംഘങ്ങളുടെ ചേരിപ്പോരിനുവരെ ആ ഒറ്റമുറിയിലിരുന്നു പരിഹാരം കണ്ടു അവര്‍. ജനലഴികളില്‍ ജനാബായിയുടെ നിഴലാട്ടത്തില്‍ ശാന്തമാവുമായിരുന്നു, കുടിപ്പകയ്ക്കു പേരു കേട്ട ഡോന്‍ഗ്രിയുടെ തെരുവുകള്‍. ഒറ്റത്തവണയാണ് അവരുടെ കമാന്‍ഡിങ് പവര്‍ അവിടെ തോറ്റു പോയത് 1993ല്‍. വര്‍ഗീയ ലഹളയില്‍ പേപിടിച്ച് അലറുകയായിരുന്നു നഗരം. ആരും ആരെയും വക വയ്ക്കാത്ത ദിവസങ്ങള്‍. രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗുണ്ടാത്തലവന്‍മാര്‍... അറിയുന്നവരെയെല്ലാം ജനാബായി മാറി മാറി വിളിച്ചു. എല്ലാവരും കൈമലര്‍ത്തി, കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു. (വരദരാജന്‍ മുതലിയാര്‍ വളരെ മുന്‍പേ മരിച്ചു പോയിരുന്നു, മസ്താനും കരിംലാലയുമാവട്ടെ പ്രായത്തിന്റെ നിസ്സഹായാവസ്ഥയിലും. ദാവൂദ് അപ്പോഴേക്കും ദുബായിലേക്ക് താവളം മാറ്റിയിരുന്നു, ആരുമുണ്ടായിരുന്നില്ല, ജനാബായിയുടെ കൈയെത്തും ദൂരത്ത്.) സഹായത്തിന് കേണു വിളിച്ച് വാതിലില്‍ മുട്ടുന്നവരുടെ എണ്ണം ഒടുങ്ങാതായപ്പോള്‍ ഒരു ദിവസം അവര്‍ തെരുവിലേക്കിറങ്ങി. പൊലീസിന്റെ നിശാനിയമത്തെ ലംഘിച്ച്, കൊന്നും കൊള്ളി വച്ചും മുന്നേറുന്ന ലഹള സംഘങ്ങളെ വകവയ്ക്കാതെ, ഒരു കൈയില്‍ എപ്പോഴുമുള്ള ജപമണി മാലയും മറുകൈയില്‍ വെള്ളക്കൊടിയുമായി അവര്‍ നടന്നു. പതുക്കെ അവര്‍ക്കു പിന്നില്‍ ഒരാള്‍ക്കൂട്ടം രൂപപെട്ടു, അതു വലുതായി വന്നു. പൊലീസും ലഹളക്കാരും അകന്നു നില്‍ക്കെ ആരോ ഉറക്കെ വിളിച്ചു; ജനാബായി സിന്ദാബാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com