വിട, വിഷാദം പൂക്കുന്ന വിശ്രമ ബെഞ്ചുകള്‍ക്ക്

ഫുട്‌ബോള്‍ ഇല്ലാത്ത, അതിന്റെ വേഗവും മാന്ത്രികതയുമില്ലാത്ത ജഡ ജീവിതം അയാളെ ഭയപ്പെടുത്തിയിരിക്കണം
വിട, വിഷാദം പൂക്കുന്ന വിശ്രമ ബെഞ്ചുകള്‍ക്ക്

അത്രമേലിഷ്ടമായിരുന്നു, നിന്നെ; 
അത്രമേല്‍....... 

പ്രണയ ലേഖനം പോലെ തോന്നിച്ചു, ആ മരണക്കുറിപ്പ്. സ്വന്തം ക്ലബ് ആയ നാഷണലിനെ അഭിസംബോധന ചെയ്യുന്ന പ്രണയ നിര്‍ഭരമായ ആ കുറിപ്പ് കൈയില്‍ വച്ച്, സ്വന്തം മൈതാനമായ ഗ്രാന്‍ഡ് പാര്‍ക്കിന്റെ സെന്‍ട്രല്‍ സര്‍ക്കിളില്‍ പാര്‍ത്തെ നിന്നു. വിജനമായിരുന്നു, ഗാലറികള്‍; അതിനുമപ്പുറം മോണ്ടിവിഡിയോയുടെ പാതിരാത്തെരുവുകളും. പെട്ടെന്ന് ഒരു വെടിയൊച്ച മുഴങ്ങി, പച്ചപ്പുല്ലില്‍ ചോരത്തുള്ളികള്‍ ചിതറി വീണു. അപ്രതീക്ഷിതമായ ഒരു ഗോളില്‍ ആര്‍ത്തലച്ച കാണിയിരമ്പം പോലെ കാറ്റ് കെട്ടഴിഞ്ഞു വീശി.

വര്‍ക്കിങ് ക്ലാസ് ഗെയിം എന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ച ഫുട്‌ബോള്‍ അത്രയൊന്നും വര്‍ക്കിങ് ക്ലാസ് ഗെയിം അല്ലാതിരുന്ന കാലത്താണ് അബ്ദോന്‍ പോര്‍ത്തെ എന്ന കൗമാരക്കാരന്‍ ഫുട്‌ബോള്‍ എന്ന സ്വപ്നത്തിനു പിറകെ കൂടിയത്. യൂറഗ്വായിലെ വിദൂര ഗ്രാമത്തില്‍, കര്‍ഷക  തൊഴിലാളി കുടുംബങ്ങള്‍ മാത്രമുള്ളിടത്ത് അതിന് വലിയ സാധ്യതയൊന്നുമില്ലെന്നു കണ്ട അവന്‍ മോണ്ടിവീഡിയോയിലേക്കു വണ്ടി കയറി, കാത്തിരിപ്പിനൊടുവില്‍ ചെറുകിട ക്ലബ്ബായ കൊളോണില്‍ ഇടം പിടിച്ചു. അവിടുന്ന് ലീബര്‍ട്ടാഡില്‍ എത്തിയ പോര്‍ത്തെയ്ക്കു മുന്നില്‍ അധികം വൈകാതെ  നാഷണലിന്റെ വാതിലുകള്‍ തുറന്നു. 

ലാറ്റിന്‍ അമേരിക്കയുടെ ഫുട്‌ബോള്‍ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നാഷണല്‍ വലിയ മാറ്റങ്ങളിലേക്കു ചുവടുവയ്ക്കുന്ന കാലം. സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നിന്നു മാത്രം കളിക്കാരെ കണ്ടെത്തുന്ന, ഒരു വ്യാഴവട്ടത്തോളം കര്‍ശനമായി പാലിച്ചിരുന്ന ചട്ടങ്ങളെ നാഷണല്‍ പൊളിച്ചെഴുതിയ കാലം; മധ്യ യൂറഗ്വായിലെ കര്‍ഷക ഗ്രാമത്തില്‍ നിന്ന് ഫുട്‌ബോള്‍ എന്ന സ്വപ്നത്തെ പിന്തുടര്‍ന്നു വന്ന പതിനെട്ടുകാരനെ ആ കാലം നാഷണലിനോടു ചേര്‍ത്തു വച്ചു. 

അന്‍പതോളം ആഭ്യന്തര കിരീടങ്ങള്‍, ഇന്റര്‍കോണ്ടിനന്റല്‍ ക്ലബ് വിജയങ്ങള്‍; നേട്ടങ്ങളുടെ കൊടുമുടിയിലായിരുന്നു, നാഷണല്‍. കളിക്കാര്‍ സോഷ്യല്‍ എലീറ്റുകളെങ്കിലും, മറ്റെവിടെയും പോലെ ഗാലറി വര്‍ക്കിങ് ക്ലാസിന്റേതുതന്നെയായിരുന്നു. നാഷണലിന്റെ  ഓരോ ഗോളും ഗ്രാന്‍ഡ് പാര്‍ക്കില്‍ ആഘോഷമാക്കിയത് അവരാണ്. ആ ആഘോഷത്തിലേക്കാണ് പാര്‍ത്തെ കടന്നുവന്നത്, വര്‍ക്കിങ് ക്ലാസ് ഫുട്‌ബോളര്‍. തങ്ങളുടെ ഇടയില്‍ നിന്നൊരാള്‍ മൈതാനത്തെ തീപിടിപ്പിക്കുന്നതു കണ്ട് അവര്‍ ആര്‍ത്തിരമ്പി, പാര്‍ത്തെയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം ഗാലറികള്‍ ഇളകി മറിഞ്ഞു, കണ്ണഞ്ചിക്കുന്ന വേഗത്തില്‍ യുറഗ്വന്‍ ഫുട്‌ബോളിന്റെ ആകാശത്ത് പുതിയ നക്ഷത്രം പിറന്നു.

അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച പാര്‍ത്തെയെ ആരാധകര്‍ എല്‍ ഇന്‍ഡി (ഇന്ത്യന്‍) എന്ന് ചെല്ലപ്പേരിട്ടു വിളിച്ചു. 1912 ല്‍ നാഷണലില്‍ അരങ്ങേറ്റം കുറിച്ച പാര്‍ത്തെ പെട്ടെന്നു തന്നെ ക്ലബിന്റെ മുന്‍നിര താരമായി, അധികം വൈകാതെ ക്യാപ്റ്റനും. പാര്‍ത്തെയ്ക്കു കീഴില്‍ നാഷണല്‍ പുതിയ വിജയങ്ങള്‍ വെട്ടിപ്പിടിച്ചു, ഇതിനിടെ യുറഗ്വന്‍ ദേശീയ ടീമിലുമെത്തി ആ ചെറുപ്പക്കാരന്‍. 

എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് ഞൊടിയിടയിലായിരുന്നു. ബെല്‍വദരയില്‍ ആബിയോന്‍ കപ്പ് മത്സരത്തിലെ അവസാന നിമിഷങ്ങള്‍. കാല്‍മുട്ടിനു പരിക്കേറ്റ പാര്‍ത്തെ ഗ്രൗണ്ടില്‍ വീണു നിലവിളിച്ചു, സബ്സ്റ്റിറ്റിയൂഷന്‍ അനുവദനീയമല്ലാത്ത മത്സരം വേദന കടിച്ചു പിടിച്ച് പൂര്‍ത്തിയാക്കി. ആ പരിക്കു പക്ഷേ, പാര്‍ത്തെയുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്താന്‍ മാത്രം വലുതായിരുന്നു. ഒരു മാസമാണ് പാര്‍ത്തെയ്ക്കു പുറത്തിരിക്കേണ്ടി വന്നത്. പിന്നീട് കളിക്കളത്തിലേക്കു തിരിച്ചു വന്നെങ്കിലും അതു പാര്‍ത്തെയുടെ നിഴല്‍ മാത്രമായിരുന്നു.

പരിക്കിനു ശേഷമുള്ള പാര്‍ത്തെയെ എതിരാളികള്‍ അനായാസം മറികടന്നു, മനസ്സിന്റെ വേഗത്തിനൊപ്പമെത്താന്‍ കാലുകള്‍ക്കായതേയില്ല, കണക്കുകൂട്ടലുകള്‍ പിന്നെയും പിന്നെയും പിഴച്ചു. പാര്‍ത്തെയുടെ കാലുകളില്‍ പന്തെത്തുമ്പോള്‍ ഗാലറികള്‍ ശബ്ദിക്കാതായി. പകരക്കാരനായി ക്ലബ് ആല്‍ഫ്രഡോ സിബെച്ചിയെ കൊണ്ടുവന്നപ്പോള്‍ റിസര്‍വ് ബെഞ്ചിലായി പാര്‍ത്തെയുടെ സ്ഥാനം. ഡഗ്ഗൗട്ടില്‍ അസ്വസ്ഥത ബാധിച്ച ഒരു മൃഗത്തെപ്പോലെയായിരുന്നു, അയാള്‍. സൈഡ് ലൈനിനു പുറത്തെ ഇത്തിരി ദൂരം ആയിരം വട്ടം നടന്നു തീര്‍ത്ത് പാര്‍ത്തെ ഊഴത്തിനായി കാത്തു. കടുത്ത വിഷാദമായിരുന്നു അതിന്റെ ബാക്കിപത്രം.

ഒടുവില്‍ ആ ദിവസം വന്നു. 1918 മാച്ച് 3. ചാര്‍ലി എഫ്‌സിയുമായുള്ള ലീഗ് ഫൈനലില്‍ പാര്‍ത്തെയെ ക്ലബ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഏറെ നാളുകള്‍ക്കു ശേഷമുള്ള മത്സരം പാര്‍ത്തെ നിറഞ്ഞു കളിച്ചു, ഇരുപത്തിയഞ്ചാം വയസ്സില്‍ നാഷണല്‍ തനിക്കായി ഒരുക്കിയ വിടവാങ്ങല്‍ മത്സരമായി അയാള്‍ക്കത് അനുഭവപ്പെട്ടിരിക്കണം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നാഷണലിനു ജയം; തുടര്‍ച്ചയായ നാലാമത്തെ ലീഗ് കിരീടം. ക്ലബ് ആസ്ഥാനത്ത് അതിന്റെ ആഘോഷം പാതിരാ കഴിഞ്ഞും നീണ്ടു. പതഞ്ഞൊഴുകുന്ന സന്തോഷം, പൊട്ടിച്ചിരികള്‍, ആഹ്ലാദാരവങ്ങള്‍. അവയെയെല്ലാം പിന്നിലാക്കി പുലര്‍ച്ചെ ഒരു മണിയോടെ പാര്‍ത്തെ പുറത്തിറങ്ങി, ആളൊഴിഞ്ഞ ഗ്രാന്‍ഡ് പാര്‍ക്കിലേക്കു നടന്നു; സെന്റര്‍ സര്‍ക്കിളില്‍ ഒരു നിമിഷം കണ്ണടച്ചു നിന്നു. ഫുട്‌ബോളിനു മാത്രം സാധ്യമായ അപാരമായ ഭംഗിയോടെ മഹാ ശബ്ദഘോഷങ്ങളുടെ തിരമാലകള്‍ അയാളുടെ ഉള്ളിലൂടെ കടന്നുപോയിരിക്കണം; വിജയിയായി മടങ്ങുക, വിജയിയായി മടങ്ങുക എന്ന് പലവട്ടം അയാള്‍ അയാളോടു തന്നെ മന്ത്രിച്ചിരിക്കണം; ഫുട്‌ബോള്‍ ഇല്ലാത്ത, അതിന്റെ വേഗവും മാന്ത്രികതയുമില്ലാത്ത ജഡ ജീവിതം അയാളെ ഭയപ്പെടുത്തിയിരിക്കണം; വലതു കൈയിലെ റിവോള്‍വര്‍ ശിരസ്സിനോട് ചേര്‍ത്തു വച്ച് പാര്‍ത്തെ ട്രിഗറില്‍ വിരലമര്‍ത്തി. 

ഗ്രാന്‍ഡ് പാര്‍ക്ക് സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിന് പിന്നീട് പാര്‍ത്തെയുടെ പേരു നല്‍കി, അതില്‍ സ്ഥാപിച്ച ബാനറില്‍ ഇങ്ങനെ എഴുതി വച്ചിരുന്നു; അബ്ദോന്‍, നിന്റെ രക്തത്തിന്. 

(എഡ്വേഡോ ഗലെയ്‌നോയുടെ 'ഫുട്‌ബോള്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ', ജെയിംസ് മൊണ്ടേഗുവിന്റെ 'എമങ് ദ അള്‍ട്രാസ്: എ ജേണി വിത്ത് ദ വേള്‍ഡ്‌സ് എക്‌സ്ട്രീം ഫാന്‍സ് 'എന്നിവയില്‍ അബ്ദോന്‍ പോര്‍ത്തെയുടെ കഥയുണ്ട്)

ഇതു കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com