ഫുട്‌ബോള്‍ - അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ്

By പിആര്‍ ഷിജു  |   Published: 19th November 2022 12:32 PM  |  

Last Updated: 19th November 2022 12:32 PM  |   A+A-   |  

shiju-argentina_copy

 

1986. 
അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സര ദിവസമാണ് സണ്‍ഡേ ടൈംസ് ആ വാര്‍ത്ത പുറത്തുവിട്ടത്. എട്ടു വര്‍ഷം മുന്‍പത്തെ ലോകകപ്പില്‍ നടന്ന, ഫുട്‌ബോളിലെ ഏറ്റവും വലിയ മാച്ച് ഫിക്‌സിങ്ങിന്റെ കഥ. ഫൈനലില്‍ എത്താന്‍ നാലു ഗോളിന്റെ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീന ആറു ഗോളിന് വെറുവിനെ തുരത്തി വിട്ട കഥയുടെ പിന്നാമ്പുറക്കഥ.

രണ്ടു പട്ടാള ഭരണകൂടങ്ങളായിരുന്നു ആ കഥയിലെ താരങ്ങള്‍. അര്‍ജന്റൈന്‍ ഭരണകര്‍ത്താക്കള്‍ക്ക് വേണ്ടത് വിജയമായിരുന്നു, ദേശാഭിമാനത്തെ ജ്വലിപ്പിച്ചും ഉത്തേജിപ്പിച്ചും നിര്‍ത്തുകയാണ് അസ്വസ്ഥരായ ജനങ്ങളെ അടക്കിഭരിക്കാനുള്ള എളുപ്പവഴിയെന്ന് അവര്‍ക്കറിയാമായിരുന്നു; പെറുവിലെ ഭരണകൂടത്തിനു വേണ്ടതാവട്ടെ, പണവും. അങ്ങനെ അവര്‍ തമ്മില്‍ ധാരണയുണ്ടാക്കി, ലോകകപ്പിന്റെ മുഖ്യ സംഘാടകനും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന അഡ്മിറല്‍ കാര്‍ലോസ് ലക്കോസ്‌റ്റെ അതിന് ഇടനില നിന്നു.

35,000 ടണ്‍ ഗോതമ്പും മറ്റു ധാന്യങ്ങളും സൗജന്യം, അര്‍ജന്റൈന്‍ കേന്ദ്ര ബാങ്കില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ വായ്പ; ഇതായിരുന്നു ഡീല്‍. കളിയില്‍ പെറു തോറ്റു തരും. അതങ്ങനെ തന്നെ നടന്നു. പട്ടാള ഭരണകൂടത്തില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥരെയും ഫുട്‌ബോള്‍ ഒഫിഷ്യലുകളെയുമെല്ലാം ഉദ്ധരിച്ചുകൊണ്ടായിരുന്നു സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട്. (കുറേ നാള്‍ കഴിഞ്ഞ്, പെറുവിന്റെ റിസര്‍വ് താരം ആയിരുന്ന മാന്‍സോ മദ്യപിച്ചുലക്കുകെട്ട് ഇതേ കഥ കുമ്പസാരിച്ചപ്പോള്‍ അതിന് കുറേക്കൂടി ആധികാരികത വന്നു; ലഹരിയിറങ്ങിയപ്പോള്‍ മാന്‍സോ അതു നിഷേധിച്ചെങ്കിലും) 

കൈക്കൂലി മാത്രമല്ല, ഉത്തേജക മരുന്നും കളി ജയിക്കാന്‍ അര്‍ജന്റിന ആയുധമാക്കിയതായി വാര്‍ത്തകള്‍ വന്നു. മരിയോ കെംപസ്, ആല്‍ബര്‍ട്ടോ ടരന്‍ടിനി തുടങ്ങിയ മുന്‍നിര താരങ്ങളെ അടക്കം ഉത്തേജക മരുന്നു കഴിപ്പിച്ചാണത്രേ മൈതാനത്ത് ഇറക്കിയത്. ഉത്തേജക പരിശോധന മറികടക്കാനുള്ള സംവിധാനവും പട്ടാളം തന്നെ ഒരുക്കിയിരുന്നു; കളിക്കാരുടെ മൂത്ര സാംപിളുകള്‍ മാറ്റി പുറത്തു നിന്നെത്തിക്കുന്നവ പകരം വയ്ക്കുക. അങ്ങനെ പകരം വച്ചതില്‍ ഏതോ സ്ത്രീയുടെ സാംപിള്‍ ഉണ്ടായിരുന്നെന്നും ഫൈനല്‍ കഴിഞ്ഞുള്ള പരിശോധനയില്‍ ഒരു അര്‍ജന്റൈന്‍ താരത്തിനു ഗര്‍ഭമുണ്ടെന്ന് തെളിഞ്ഞെന്നും കഥകള്‍ പരന്നു. എന്തായാലും അര്‍ജന്റീനയില്‍ കളി ജയിക്കാന്‍ അര്‍ജന്റിനയ്ക്കു മാത്രമേ കഴിയൂ എന്ന കമന്റുമായാണ്, കലാശക്കളി കഴിഞ്ഞ് ഡച്ച് താരങ്ങള്‍ കളം വിട്ടത്. 

കളി ജയിക്കാന്‍ മാത്രമല്ല, ടൂര്‍ണമെന്റ് വമ്പന്‍ വിജയമാക്കാനും കൊണ്ടു പിടിച്ച ശ്രമം നടത്തി, അര്‍ജന്റിന. കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള കൂട്ടക്കൊലകള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും കുപ്രസിദ്ധമായിരുന്നു, ജനറല്‍ വിദേലയുടെ ഭരണകൂടം. പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ അവര്‍ കൂട്ടത്തോടെ തടവിലാക്കി; വലിയ വിമാനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി ആകാശത്തു നിന്നും ഒഴിഞ്ഞ നദീതീരങ്ങളിലേക്കു വലിച്ചെറിഞ്ഞു. 'ചിലിയിലെ പിനോഷെയൊക്കെ എത്ര ഭേദം, ഇങ്ങനെയൊന്നും അയാള്‍ ആളുകളെ കൊന്നിട്ടില്ലല്ലോ'' - ചരിത്രകാരനും സംവിധായകനുമായ ഓസ്വാള്‍ഡോ ബെയര്‍ പറഞ്ഞതിങ്ങനെ. പതിനൊന്നായിരം ചെറുപ്പക്കാരെയാണ് പട്ടാള ഭരണകൂടം പിടിച്ചുകൊണ്ടുപോയത്! മദേഴ്‌സ് ഓഫ് ദ പ്ലാസ ഡി മെയോ എന്ന പേരില്‍ കാണാതായവരുടെ അമ്മമാരുടെ സംഘടന തന്നെയുണ്ടായി ബ്യൂണസ് ഐറിസില്‍. എല്ലാ വ്യാഴാഴ്ചയും പ്ലാസ ഡി മെയോ ചത്വരത്തില്‍ ഒത്തുകൂടി അവര്‍ മക്കളെ ഓര്‍ത്തു കൊണ്ടേയിരുന്നു. മര്‍ദക ഭരണത്തിനു കീഴിലെ ദുരിത ജീവിതം പിന്നെയും അസഹനീയമാക്കുന്ന വിധത്തിലായിരുന്നു, അര്‍ജന്റിനയുടെ സാമ്പത്തിക നില. പണപ്പെരുപ്പ നിരക്ക് അറുന്നൂറു ശതമാനത്തിലേറെ, അവശ്യ വസ്തുക്കള്‍ക്കെല്ലാം തീവില, അതു തന്നെ കിട്ടാനുമില്ലാത്ത സ്ഥിതി. 'റൊട്ടിയും ഫുട്‌ബോളും - ലാറ്റിന്‍ അമേരിക്കയ്ക്ക് ജീവിക്കാന്‍ ഇതു രണ്ടും മതി; അന്ന് റൊട്ടി കിട്ടാനില്ലായിരുന്നു, എന്നാല്‍ ഫുട്‌ബോളാവട്ടെ, ആവശ്യത്തിലേറെയും' - ബെയര്‍ ഓര്‍ത്തെടുത്തു.

രണ്ടായിരുന്നു, 1978 ലെ ലോകകപ്പ് സംഘാടനത്തിലൂടെ അര്‍ജന്റൈന്‍ ഭരണകൂടം ലക്ഷ്യമിട്ടത്. പൊറുതി മുട്ടി പുകഞ്ഞുകൊണ്ടിരിക്കുന്ന സ്വന്തം ജനതയെ വരുതിയിലാക്കുക, പിന്നെ ലോകത്തിനു മുന്നില്‍ അര്‍ജന്റിനയുടെ പ്രതിച്ഛായ വര്‍ണാഭമാക്കുക. അതിനായി അവര്‍ ന്യൂയോര്‍ക്കിലെ മുന്‍നിര പബ്ലിക് റിലേഷന്‍സ് കമ്പനിയുമായി കരാറുണ്ടാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊടുംക്രൂരതയുടെയും പുതിയ പരമ്പരയായിരുന്നു അതിന്റെയും ബാക്കിപത്രം.

ചേരികള്‍ ഇല്ലായ്മ ചെയ്യുക - ലോകത്തിനു മുന്നില്‍ അര്‍ജന്റിനയെ സമ്പന്നവും സുന്ദരവുമായി പ്രദര്‍ശിപ്പിക്കാന്‍ അവര്‍ ആദ്യം ചെയ്തത് അതാണ്. രാത്രിയുടെ മറപറ്റി ബുള്‍ഡോസറുകള്‍ നഗരപ്രാന്തങ്ങളിലേക്ക് അയയ്ക്കപ്പെട്ടു, കുടിലുകള്‍ ഇടിച്ചു നിരത്തി, അവയില്‍ പുഴുക്കളെപ്പോലെ ജീവിച്ചിരുന്ന നിസ്വരായ മനുഷ്യരെ ലോകകപ്പ് വേദിയാകാന്‍ 'ഭാഗ്യം ലഭിക്കാതിരുന്ന' പ്രവിശ്യകളിലേക്ക് പായ്ക്ക് ചെയ്തു, ഇനിയും ചിലരെ കാറ്റാമാര്‍ക്കാ മരുഭൂമിയില്‍ തള്ളി. റൊസാരിയോയിലേക്കുള്ള പാതയ്ക്കിരുവശവും ചേരികള്‍ നിന്ന പ്രദേശങ്ങളെ മറച്ചുകൊണ്ട് കൂറ്റന്‍ മതിലുകള്‍ നിര്‍മിച്ചു, മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് അതിനെ ഭംഗി പിടിപ്പിച്ചു. ജനങ്ങളുടെ ദുരിതവും അവര്‍ നേരിടുന്ന ചൂഷണവും മറയ്ക്കാന്‍ അവര്‍ പ്രകൃതി ദൃശ്യങ്ങള്‍ വരച്ചുവച്ച മതിലുകളുണ്ടാക്കി എന്നാണ് നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡോള്‍ഫോ പെരസ് രേഖപ്പെടുത്തിയത്. 

ഭരണകൂടത്തെ എതിര്‍ക്കുന്നവരുടെ ശബ്ദം എവിടെയും ഉയരില്ലെന്നും വിദേശ പത്ര പ്രതിനിധികള്‍ പ്രതിഷേധക്കാരെ കാണില്ലെന്നും ഉറപ്പു വരുത്തി, പട്ടാളം. രാജ്യമാകെ നിരന്തരം റെയ്ഡുകള്‍ നടത്തി, സംശയമുള്ളവരെയെല്ലാം തടങ്കലിലാക്കി, പ്രത്യേക പാളയങ്ങളില്‍ പാര്‍പ്പിച്ചു. ലോകകപ്പ് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ദിവസം ഇരുന്നൂറു പേരെയെങ്കിലും വച്ച് ഇങ്ങനെ പിടിച്ചു കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവരുടെ പട്ടിക പിന്നെയും വലുതായിക്കൊണ്ടേയിരുന്നു. നഗരങ്ങളിലെല്ലാം പട്ടാളം റോന്തുചുറ്റി; അപരിചിതമായ ഒരു ശാന്തതയായിരുന്നു, എങ്ങും. വിദേശ മാധ്യമ പ്രതിനിധികളില്‍ ചിലരെങ്കിലും ഈ മുഖംമിനുക്കലുകളില്‍ വീണു. എത്ര സുന്ദരമാണ് നിങ്ങളുടെ നാട് എന്ന്, മടങ്ങിയെത്തിയ ബ്രിട്ടിഷ് പത്രലേഖകരില്‍ ചിലര്‍ തന്നോടു പറഞ്ഞതായി, 1976ല്‍ പട്ടാള ഭരണം തുടങ്ങിയ കാലത്ത് രാജ്യം വിട്ട ആംഗ്ലോ അര്‍ജന്റെന്‍ ജേണലിസ്റ്റ് ആന്‍ഡ്രൂ ഗ്രഹാം ഓര്‍ത്തെടുക്കുന്നുണ്ട്. 

അതുവരെ നടന്ന ലോകകപ്പുകളേക്കാള്‍ പല മടങ്ങു പണമാണ് അര്‍ജന്റിന ടൂര്‍ണമെന്റിനായി ചെലവഴിച്ചത്. 700 ദശലക്ഷം ഡോളര്‍ എന്നാണ് പട്ടാള ഭരണകൂടം പുറത്തുവിട്ട കണക്ക്, യഥാര്‍ഥ തുക അതിലും എത്രയോ അധികമെന്നാണ് പിന്നീടു വന്ന വിലയിരുത്തലുകള്‍. 700 ദശലക്ഷം എന്നത് വിശ്വാസത്തില്‍ എടുത്താല്‍ പോലും, നാലു വര്‍ഷത്തിനിപ്പുറം സ്‌പെയിനില്‍ നടന്ന ലോകകപ്പിനായി ചെലവാക്കിയത് ഇതിന്റെ മൂന്നിലൊന്നു മാത്രമാണ് എന്നറിയുമ്പോഴാണ് അര്‍ജന്റൈന്‍ ഭരണകൂടം നടത്തിയ പണമെറിഞ്ഞു കളിയുടെ വ്യാപ്തി മനസ്സിലാവുക. ലോകകപ്പുമായി നേരിട്ടു ബന്ധമില്ലാത്ത എല്ലാ പദ്ധതികളും വെട്ടിച്ചുരുക്കിയാണ് ഇതിനായി അവര്‍ പണം കണ്ടെത്തിയത്.

വിമര്‍ശനങ്ങള്‍ പക്ഷേ, ഉയരാതിരുന്നില്ല. ലോകകപ്പിനേയും അര്‍ജന്റൈന്‍ രാഷ്ട്രീയത്തേയും ചേര്‍ത്തു വയ്ക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ തീവ്രമായി ശ്രമിച്ചു, മാധ്യങ്ങളില്‍ ചിലതെങ്കിലും ആ വഴിക്ക് അന്വേഷണം നടത്തി. ലോകകപ്പിനെ ഹിറ്റ്‌ലറുടെ ബെര്‍ലിന്‍ ഒളിംപിക്‌സുമായി താരതമ്യം ചെയ്ത് റിപ്പോര്‍ട്ടുകള്‍ വന്നു, കാണാതായവരുടെ അമ്മമാരെക്കുറിച്ച് യൂറോപ്യന്‍ ടെലിവിഷന്‍ ചാനലുകള്‍ ഡോക്യുമെന്ററികള്‍ ചെയ്തു. എങ്കില്‍പ്പോലും, ബ്യൂണസ് ഐറിസില്‍ ഇറ്റാലിയന്‍ റഫറി സെര്‍ജിയോ ഗൊനേല ലോങ് വിസില്‍ മുഴക്കിയപ്പോള്‍ അവസാനത്തെ ചിരി ജനറല്‍ വിദേലയുടേതു തന്നെയായിരുന്നു. ലോക കിരീടം ആദ്യമായി അര്‍ജന്റീനയ്ക്ക്, അതിന്റെ ഉന്മാദമായിരുന്നു രാജ്യം മുഴുവന്‍. ജനങ്ങള്‍ തെരുവിലേക്കാഴുകി, ആടിയും പാടിയും ആര്‍പ്പുവിളിച്ചും അവര്‍ രാവ് ഘോഷിച്ചു. രാജ്യം ഒന്നടങ്കം തെരുവിലിറങ്ങിയ രാത്രി. ഫുട്‌ബോളിന്റെ ലഹരിയില്‍ അവര്‍ പട്ടാളത്തെ മറന്നു, വെടിയൊച്ചകളേയും മരണത്തെയും മറന്നു. 'രണ്ടരക്കോടി അര്‍ജന്റിനക്കാരുടെ വിജയം, ഒന്നല്ല, ആയിരം വട്ടം വിജയം' ജനറല്‍ വിദേല ടെലിവിഷനിലൂടെ പ്രഘോഷിച്ചു. ഫുട്‌ബോള്‍ - അത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് വിദേലയ്ക്കറിയാമായിരുന്നു. 

ആഘോഷങ്ങളാല്‍ മുറിവേറ്റവരും ആ രാത്രി അര്‍ജന്റീനയിലുണ്ടായിരുന്നു. ജയം പൊരുതി നിന്ന ഒരു ജനതയെ തോല്‍പ്പിച്ചു കളഞ്ഞെന്ന് തോന്നിയവര്‍, അതിനു സാക്ഷിയായവര്‍. 'ഭീതിദമായിരുന്നു അത്' - മദേഴ്‌സ് ഓഫ് ദ പ്ലാസ ഡി മെയോ നേതാവ് ഹെബെ ബൊനാ ഫിനി ഓര്‍ത്തെടുത്തതിങ്ങനെയാണ്. 'തെരുവു മുഴുവന്‍ പതാകകള്‍, ആക്രോശം, അര്‍ജന്റിന അര്‍ജന്റിന വിളികള്‍; ജനക്കൂട്ടത്തിന് അത് ആഘോഷമാണ്, ഞങ്ങള്‍ക്കതൊരു ദുരന്ത രാത്രി പോലെ തോന്നി'. കാര്‍ലോസ് ഫെറെയ്‌റ എന്ന അര്‍ജൈന്റൈന്‍ എഴുത്തുകാരന്‍ വേദന പുരണ്ട ഈ വാക്കുകള്‍ കുറിച്ച്, ആ കവിതയ്ക്ക് ലോകകപ്പ് എന്നു പേരിട്ടു: 

ഒടുവില്‍
അവമതിക്കപ്പെട്ട്, വികൃതമാക്കപ്പെട്ട്
ആ ശവശരീരങ്ങള്‍
പുഴയോരത്തെ കൂട്ടക്കുഴിമാടങ്ങളിലേക്ക് തിരികെയെത്തി,
തല കുടഞ്ഞു കൊണ്ട്
വിസ്മൃതരുടെ പാട്ടുകള്‍ പാടിക്കൊണ്ട്.

നമ്മള്‍ അപ്പോഴും
അവിടെത്തന്നെയുണ്ടായിരുന്നു,
വാദ്യഘോഷങ്ങളുമായി
വിയര്‍ത്തൊട്ടിയ പതാകകളുമായി
കീഴ്‌മേല്‍ മറിഞ്ഞ ലോകവുമായി.

(സിമോണ്‍ കൂപ്പറുടെ ഫുട്‌ബോള്‍ എഗന്‍സ്റ്റ് ദി എനിമിയെ അവലംബിച്ച് എഴുതിയത്. ഉദ്ധരണികള്‍ ഇതേ പുസ്തകത്തില്‍ നിന്ന്. തലക്കെട്ട് ലോര്‍കയുടെ കവിതയെ അനുകരിച്ചത്)

ചിത്രം: ആദ്യ ലോകകപ്പ് വിജയത്തിന്റെ മുപ്പതാം വാര്‍ഷിക വേളയില്‍ റിവര്‍പ്ലേറ്റ് സ്റ്റേഡയത്തില്‍ സംഘടിപ്പിച്ച മത്സരത്തിനു മുന്‍പായി അര്‍ജന്റൈന്‍ താരം റിക്കാഡോ വില്ല മദേഴ്‌സ് ഓഫ് ദി പ്ലാസ ഡിമെയോ പ്രതിനിധികള്‍ക്കൊപ്പം. ദി അദര്‍ ഫൈനല്‍ എന്നു പേരിട്ട ആ മത്സരം കാണാതായവരുടെ അമ്മമാരോടുള്ള ആദരമായാണ് നടത്തിയത്/എഎഫ്പി

ഇതു കൂടി വായിക്കൂ 

വിട, വിഷാദം പൂക്കുന്ന വിശ്രമ ബെഞ്ചുകള്‍ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ